എറണാകുളം തൃപ്പൂണിത്തുറയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിനെതിരായ ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ വാർത്താക്കുറിപ്പിന് മറുപടിയുമായി മാതാവ് രജ്ന പിഎം. കാമ്പസിലെ ഭീഷണിപ്പെടുത്തലിനെയും റാഗിംഗിനെയും കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങൾ പരിഹരിക്കുന്നതിന് പകരം സ്‌കൂൾ വസ്തുതകളെ വളച്ചൊടിക്കുകയും കുറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് മാതാവ് പറയുന്നു.
ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ സെക്കൻഡ് ചാൻസിലാണ് അഡ്മിഷൻ കിട്ടിയതെന്ന സ്‌കൂളിന്റെ പ്രസ്താവനയെയും മാതാവ് തള്ളി. മിഹിറിനെ മുൻ സ്‌കൂളിൽ നിന്ന് പുറത്താക്കുകയോ സ്‌കൂൾ മാറാൻ നിർബന്ധിതാനാകുവോ ചെയ്തിട്ടില്ലെന്ന് മാതാവ് പറയുന്നു. മിഹിറിന്റെ മരണത്തിന് മുൻപ് പരാതി നൽകയില്ല എന്ന സ്കൂളിന്റെ വാദത്തെ മാതാവ് തള്ളി. റാഗിൻ്റെ തെളിവുകൾ ഉയർത്തിക്കാട്ടി ജനുവരി 23 ന് സ്‌കൂൾ അധികൃതർക്ക് രേഖാമൂലമുള്ള പരാതി നൽകിയതായി രജ്‌ന പറയുന്നു.
റാഗിംഗ് സംഭവം സോഷ്യൽ മീഡിയയിലൂടെ മാത്രമേ അറിയൂ എന്ന സ്‌കൂളിൻ്റെ അവകാശവാദം തീർത്തും അസത്യമാണെന്ന് രജ്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. മിഹിറിൻ്റെ മരണത്തിന് ഒരാഴ്ച മുമ്പ് മറ്റ് നിരവധി വിദ്യാർത്ഥികൾ സ്കൂളിലെ ഭീഷണിപ്പെടുത്തുന്ന സംഘത്തിനെതിരെ സ്കൂൾ അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ അധികൃതർ നടപടി സ്വീകരിച്ചിരുന്നെങ്കിൽ മിഹിർ ഇന്ന് ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് മാതാവ് പറഞ്ഞു.
മിഹിറിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർത്ഥികളിൽ ഒരാൾ പ്രായപൂർത്തിയായതാണെന്നും ആരോപണവിധേയർ എല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന സ്‌കൂളിൻ്റെ അവകാശവാദം തെറ്റാണെന്ന് രജ്ന ആരോപിച്ചു. ഈ വസ്തുത തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്കൂൾ അധികൃതർ മനഃപൂർവം മറച്ചുവെച്ചെന്ന് മാതാവ് പറയുന്നു.
മരിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനുവരി 14 ന് മിഹിർ ഒരു വഴക്കിൽ പങ്കെടുത്തതായും സ്കൂൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ സംഭവത്തിൽ മിഹിർ ദൃക്സാക്ഷി മാത്രമാണെന്ന് ക്ലാസ് ടീച്ചറും സഹപാഠികളും സ്ഥിരീകരിച്ചതാണെന്ന് രജ്ന പോസ്റ്റിൽ പറയുന്നു. മിഹിറിനെ പരീക്ഷ എഴുതാൻ അുവദിക്കില്ലെന്ന് സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മാതാവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മിഹിർ സ്ഥിരം പ്രശ്നക്കാരൻ എന്ന് വാർത്താക്കുറിപ്പിലുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നുമായിരുന്നു ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ വാർത്താക്കുറിപ്പ്.
click on malayalam character to switch languages