1 GBP = 106.84

കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടർ വാഹനവകുപ്പ്

കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടർ വാഹനവകുപ്പ്

ഇ‌ടുക്കി: ഇടുക്കി പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പിൻ്റെ കണ്ടെത്തല്‍. ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ​ഗതാ​ഗത മന്ത്രിയുടെ നിർദേശപ്രകാരമുള്ള അന്വേഷണ സം​ഘത്തിന്റെ പരിശോധനയില്‍ വാഹനത്തിന് ബ്രേക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി.

വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു എന്നും എംവിഡി പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. കുറഞ്ഞ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കരണമെന്ന് മോ‌‌ട്ടോർ വാഹനവകുപ്പ് പരിശോധിക്കും.

മാവേലിക്കര സ്വദേശികളായ നാല് പേർ മരിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽ ​ഗ​താ​ഗതമന്ത്രി ഗണേഷ് കുമാർ ഇന്നലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്നാണ് വണ്ടിപ്പെരിയാർ ജോയിന്റ് ആർടിഒയ്ക്ക് ചുമതല നൽകി മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചത്. അന്വേഷണസംഘം നേരിട്ട് എത്തി ബസ് പരിശോധിച്ചു. അപകടകാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. കൊക്കയിൽ കിടന്നിരുന്ന ബസ് ഇന്നലെ രാത്രി ഉയർത്തി റോഡിൽ എത്തിച്ചിരുന്നു.

തീര്‍ത്ഥയാത്ര കഴിഞ്ഞ് തഞ്ചാവൂരില്‍ നിന്നും തിരികെ വരുന്ന കെഎസ്ആർടിസി ബസ് ആണ് ഇന്നലെ രാവിലെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത്, ബിന്ദുനാരായണൻ എന്നിവരാണ് മരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more