ടെൽഅവീവ്: വിമതർ പിടിച്ചെടുത്ത സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ സിറിയയിലെ ആയുധ സംഭരണശാലകൾ ഇസ്രയേൽ ബോംബിട്ട് തകർത്തു. ആയുധശേഖരം വിമതർക്ക് ലഭിക്കാതിരിക്കാനാണ് നീക്കമെന്നാണ് ഇസ്രയേലിൻ്റെ അവകാശവാദം. ഇസ്രയേലിന് പിന്നാലെ അമേരിക്കയും സിറിയയിൽ വ്യോമാക്രമണം നടത്തി. ഐഎസ് ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രം പ്രതികരിച്ചത്.
സിറിയയുമായുള്ള 1974-ലെ വെടിനിർത്തൽ കരാർ പ്രകാരം സ്ഥാപിച്ച ഗോലാൻ കുന്നുകളിലെ ബഫർ സോണിൻ്റെ നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുത്തതായി നേരത്തെ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. സിറിയയിൽ വിമതസൈന്യം അധികാരം പിടിച്ചതിന് പിന്നാലെയായിരുന്നു ഇസ്രയേസിൻ്റെ നടപടി. ദീർഘകാലമായി നിലനിന്നിരുന്ന കരാർ ഇല്ലാതായെന്നും സിറിയൻ സൈന്യം ഈ പ്രദേശം ഉപേക്ഷിച്ചെന്നും അതാണ് ഇവിടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിൻ്റെ തീരുമാനത്തിലേക്ക് നയിച്ചെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയത്.
ബാഷർ അൽ-അസദിനെ പുറത്താക്കിയതെ ചരിത്രപരമായ ദിവസമെന്നും നെതന്യാഹു വിശേഷിപ്പിച്ചിരുന്നു. ഇത് ഇറാനും അസദിൻ്റെ പ്രധാന അനുയായികളായ ഹിസ്ബുള്ളയ്ക്കും ഞങ്ങൾ ഏൽപ്പിച്ച പ്രഹരത്തിൻ്റെ നേരിട്ടുള്ള ഫലമാണെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. 1967-ലെ അറബ്-ഇസ്രയേൽ യുദ്ധത്തിൽ ഇസ്രായേൽ ഗോലാൻ കുന്നുകൾ പിടിച്ചെടുത്തിരുന്നു. അമേരിക്ക ഒഴികെയുള്ള അന്താരാഷ്ട്ര സമൂഹം ഇത് അധിനിവേശ സിറിയൻ പ്രദേശമായാണ് കണക്കാക്കുന്നത്.
സിറിയയിൽ അസദ് ഭരണം വീണതിൽ പ്രതികരണവുമായി ലോക രാജ്യങ്ങൾ രംഗത്തു വന്നിരുന്നു. സിറിയക്ക് പുതുഅവസരമെന്നും ഒപ്പം അപകടഭീഷണിയെന്നുമായിരുന്നു അമേരിക്കയുടെ പ്രതികരണം. സമാധാനം പാലിക്കണമെന്ന് അയർലൻഡ് പ്രതികരിച്ചപ്പോൾ ക്രൂരമായ ഭരണം അവസാനിച്ചെന്നായിരുന്നു ബ്രിട്ടൻ്റെ പ്രതികരണം. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിചാരണ നേരിടണമെന്ന് കാനഡയും ആവശ്യപ്പെട്ടു.
ഇതിനിടെ വിമതർ ദമാസ്കസ് കീഴടക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ രക്ഷപെട്ട അസദും കുടുംബം മോസ്കോയിൽ അഭയം പ്രാപിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ര്യ അസ്മയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് അസദ് സിറിയ വിട്ടത്. മാനുഷിക പരിഗണനയിലാണ് റഷ്യ അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നാണ് റഷ്യൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. സമാധാനപരമായ അധികാരകൈമാറ്റം ഉറപ്പാക്കാനാണ് അസദ് രാജ്യം വിട്ടതെന്നും റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
സിറിയയിൽ അധികാരം വിമതർക്ക് കൈമാറാൻ നിർദേശം നൽകിയതിന് ശേഷമാണ് ബാഷർ അൽ-അസദ് വിട്ടതെന്നായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. എന്നാൽ ബാഷർ അൽ-അസദ് എങ്ങോട്ടാണ് പോയതെന്ന് റഷ്യ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. ബാഷർ രാജ്യം വിട്ടതിൽ റഷ്യയ്ക്ക് പങ്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സിറിയയിലുള്ള സൈനിക താവളങ്ങളുടെ സുരക്ഷ വർധിപ്പിച്ചതായും റഷ്യ പറഞ്ഞിരുന്നു.
click on malayalam character to switch languages