തിരുവനന്തപുരം: പാലോട് നവവധുവിന്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ദുജയുടെ ഫോൺ ഫോർമാറ്റ് ചെയ്ത നിലയിലാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. രണ്ടാംപ്രതി അജാസാണ് ഫോൺ ഫോർമാറ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇന്ദുജയുടെ ഫോണിന്റെ പാസ്സ്‌വേർഡ് അജാസിന് അറിയാമായിരുന്നു. മരിക്കുന്നതിന് മുൻപ് ഇന്ദുജ സംസാരിച്ചത് അജാസിനോടാണെന്നും കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.
അതേസമയം, ഇന്ദുജ മരിക്കുന്നതിൻ്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലെ കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നും സഹോദരൻ ഷിനു വെളിപ്പെടുത്തി. ഇന്ദുജയ്ക്ക് അഭിജിത്തുമായുള്ള പ്രണയത്തെ പറ്റി അറിയില്ലായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി പോയതിന് ശേഷമാണ് അറിയുന്നതെന്നും സഹോദരൻ പറഞ്ഞു.
കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
ഉടൻ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രണ്ടര വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുൻപായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം. സംഭവത്തിൽ ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിലായിരുന്നു. . കേസിൽ അഭിജിത്താണ് ഒന്നാം പ്രതി. അജാസ് രണ്ടാം പ്രതിയാണ്. ഇതിനിടെ ഇന്ദുജയെ സുഹൃത്ത് അജാസ് മർദിച്ചിരുന്നുവെന്ന് അഭിജിത്ത് വെളിപ്പെടുത്തി.
ഇന്ദുജയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് രണ്ട് ദിവസം മുൻപ് കാറിൽ വെച്ച് അജാസ് മർദിച്ചിരുന്നുവെന്നും അഭിജിത്ത് പറഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ദുജയ്ക്ക് അവസാനമായി വന്ന കോൾ അജാസിന്റേതാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ അജാസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അഭിജിത്തിനും അജാസിനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
click on malayalam character to switch languages