1 GBP = 106.82

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്


ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതായത് അത്രയും ശതമാനം ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിര്‍ത്തലാക്കുവാൻ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു.

മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ജനങ്ങള്‍ക്ക് അത് വിളിച്ചറിയിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍ നല്‍കുകയും അവബോധം ശക്തമാക്കുകയും ചെയ്തു. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് യു.പി.എച്ച്.സി.യില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഈ ബോധവത്ക്കരണവും.

ഈ പോരാട്ടത്തില്‍ നമുക്കും പങ്കാളികളാകാം

  1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.
  2. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവു.
  3. ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
  4. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.
  5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
  6. രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദ്ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം.
  7. ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല.
  8. അണുബാധ തടയുന്നതിന് പതിവായി കൈകള്‍ കഴുകുക.
  9. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
  10. പ്രതിരോധ കുത്തിവയ്പുകള്‍ കാലാനുസൃതമായി എടുക്കുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more