1 GBP = 109.36
breaking news

റഹീമിൻ്റെ മോചനം വൈകുന്നു; കുടുംബം നിരാശയിൽ, ഹർജി പുതിയ ബെ‍ഞ്ച് പരി​ഗണിക്കും

റഹീമിൻ്റെ മോചനം വൈകുന്നു; കുടുംബം നിരാശയിൽ, ഹർജി പുതിയ ബെ‍ഞ്ച് പരി​ഗണിക്കും

റിയാദ്: വധ ശിക്ഷ റദ്ദ് ചെയ്യപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുറഹീമിന്റെ മോചനം വൈകുന്നു. റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം കോടതി പരി​ഗണിച്ചുവെങ്കിലും തീരുമാനമുണ്ടായില്ല. ഇന്നലത്തെ സിറ്റിങ്ങിൽ റഹീമിന്റെ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ റഹീമിന്റെ വധ ശിക്ഷ റദ്ദ് ചെയ്ത ബെഞ്ചാണ് ഹർജിയിൽ വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്.

ഏത് ബെഞ്ചാണ് ഹർജി പരി​ഗണിക്കേണ്ടതെന്ന് ചൊവ്വാഴ്ച ചീഫ് ജഡ്ജി അറിയിക്കും. ഏത് ​ദിവസം സിറ്റിങ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് അറിയിക്കുമെന്ന് റഹീമിൻ്റെ അഭിഭാഷകൻ ഒസാമ അൽ അമ്പയും കുടുംബവും അറിയിച്ചു. റഹീമിന്റെ അഭിഭാഷകനും, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു.

റഹീമിന്റെ വരവും കാത്ത് പ്രതീക്ഷയോടെ കഴിയുന്ന കുടുംബം നിരാശയിലാണ്. റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി മൂന്നുമാസം മുമ്പ് റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. സര്‍ക്കാര്‍ ഇടപ്പെട്ട് പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്ന് റഹീമിന്റെ കുടുംബം ആവശ്യപ്പെട്ടു. ദയാ ധനമായി നല്‍കേണ്ട 34 കോടി രൂപ റഹീം നിയമസഹായ സമിതി എംബസി മുഖാന്തിരം നേരത്തെ കൈമാറിയിട്ടുണ്ട്.

കേരളം ഉറ്റുനോക്കുന്ന മോചനമാണ് അബുറഹീമിന്റേത്. ലോകത്താകമാനമുള്ള മലയാളികൾ ഒറ്റക്കെട്ടായി കുറഞ്ഞ സമയം കൊണ്ടാണ് റഹീമിൻ്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചത്.

അബ്ദുറഹീം തന്റെ 26ാം വയസ്സിൽ 2006ലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല് ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോള്‍ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഉന്നതർ അടക്കമുള്ളവർ ഇടപെടൽ നടത്തിയെങ്കിലും കുടുംബം മാപ്പ് നൽകാൻ തയ്യാറായിരുന്നില്ല. നിരന്തരമായി നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് 34 കോടി രൂപ ദയാധനം എന്ന ഉപാധിയിൽ കുട്ടിയുടെ കുടുംബം മാപ്പു നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more