നീണ്ട അനിശ്ചിതത്വത്തിന് ശേഷം മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ ദൗത്യം പുനരാരംഭിക്കുന്നു. ഗംഗാവലി പുഴക്കടിയിലെ മണ്ണ് നീക്കം ചെയ്തുള്ള തിരച്ചിലിനായി ഡ്രഡ്ജർ നാളെ ഷിരൂരിൽ എത്തിക്കും. കാലാവസ്ഥ നിലവിൽ അനുകൂലമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഗോവ തുറമുഖത്ത് നിന്ന് രാവിലെ ആറ് മണിയോടെ പുറപ്പെട്ട ഡ്രഡ്ജർ ഇന്ന് രാത്രിയോടെ കാർവാർ തീരത്ത് എത്തിച്ചേരും. പുഴയിലെ അവസാനഘട്ട പരിശോധനകൾക്ക് ശേഷം അഴിമുഖം കടന്ന് നാളെ ആയിരിക്കും ഡ്രഡ്ജർ മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ എത്തിക്കുക. സ്ഥിതിഗതികളിൽ വിലയിരുത്താൻ നാളെ കാർവാറിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. ഡ്രഡ്ജിങ് കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
മഴ മാറി നിൽക്കുന്നതിനാൽ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഡ്രഡ്ജർ എത്തിക്കുന്നതിന് മുന്നോടിയായി പുഴയിലെ അടിയൊഴുക്ക് നാവികസേന വീണ്ടും പരിശോധിക്കും. നേവിയുടെ സോണാർ പരിശോധനയിൽ കണ്ടെത്തിയ സ്പോട്ടിലെ മണ്ണും കല്ലുകളുമായിരിക്കും ആദ്യം നീക്കം ചെയ്യുക. തുടർന്ന് നാവികസേനയുടെ മുങ്ങൽ വിദഗ്ധരും, ഈശ്വർ മാൽപെ സംഘവും തിരച്ചിലിനിറങ്ങും. ഡ്രഡ്ജർ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം നേരത്തെ തന്നെ അനുമതി നൽകിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദൗത്യം വൈകിയത്.
ആഗസ്റ്റ് പതിനാറിനാണ് അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുടന്ന് അർജുന്റെ മാതാപിതാക്കൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരിൽ അര്ജുന് മണ്ണിടിച്ചിലിൽ പെടുന്നത്. അർജുനൊപ്പം ലോറിയും കാണാതായി. അർജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള് പരാതി നൽകിയെങ്കിലും തുടക്കത്തിൽ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ അർജുനായിരുള്ള തിരച്ചിൽ നടത്താൻ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചിൽ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയർന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാൽ ലോറി കണ്ടെത്താനായിരുന്നില്ല.
click on malayalam character to switch languages