1 GBP = 105.47

മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി യു.എസ്

മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി യു.എസ്

വാഷിങ്ടൺ: ഇസ്രായേലിനെ സഹായിക്കാൻ മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി യു.എസ്. ഇസ്രായേലിനെതിരെ ഇറാൻ തിരിച്ചടി മുന്നിൽകണ്ടാണ് യു.എസിന്റെ നീക്കം. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഫോണിൽ സംസാരിച്ചിരുന്നു. സംഭാഷണത്തിൽ ബൈഡൻ ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

ഭീഷണികൾക്കെതിരെ ഇസ്രായേൽ പ്രതിരോധസേനക്ക് യു.എസ് പിന്തുണ നൽകും. പുതിയ സൈനിക വിന്യാസം നടത്തുന്നതുൾപ്പടെ ഇതിന്റെ ഭാഗമായി ഉണ്ടാവുമെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചു. യു.എസ് സെൻട്രൽ കമാൻഡുമായി പെന്റഗൺ ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് സൂചന.

എന്നാൽ, ഏത് തരത്തിലുള്ള അധിക സൈനികവിന്യാസമാണ് വേണ്ടതെന്ന് കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ ഗൾഫ് ഓഫ് ഒമാനിൽ യു.എസിന്റെ തിയോഡർ റൂസ്വെൽറ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ഇവരെ പിൻവലിച്ച് യു.എസ്.എസ് എബ്രഹാം ലിങ്കൺ പടക്കപ്പലിനെ കൊണ്ടു വരും. നാല് യുദ്ധവിമാനങ്ങളേയും മേഖലയിൽ വിന്യസിക്കും.

ഹമാസിന്റെ ഉന്നത നേതാവ് ഇസ്മായിൽ ഹനിയ്യ ഇറാനിൽ വെച്ച് വധിക്കപ്പെട്ടതോടെ ഇസ്രായേലിനെ ഇറാൻ ആക്രമിക്കാനുള്ള സാധ്യതകളേറിയിരുന്നു. ഇതേതുടർന്നാണ് യു.എസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇസ്രായേലിൽ സുരക്ഷയൊരുക്കാനായി കൂടുതൽ സൈനിക സന്നാഹങ്ങളൊരുക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more