1 GBP = 105.49

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 277 ആയി; 240 പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 277 ആയി; 240 പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

കൽപറ്റ: ഉരുൾപൊട്ടിയെത്തിയ മണ്ണും വെള്ളവും രണ്ട് ഗ്രാമങ്ങളെയാകെ മൂടിപ്പരന്നപ്പോൾ അവശേഷിച്ചത് മരുപ്പറമ്പിന് സമാനമായ മൺകൂനകൾ മാത്രം. അതിന്നടിയിൽ, നൂറുകണക്കിന് ജീവനുകളും ആയുഷ്കാലത്തിന്‍റെ അധ്വാനവുമെല്ലാം ഉറങ്ങിക്കിടക്കുന്നുണ്ട്. മുണ്ടക്കൈ-ചൂരൽമല ഗ്രാമങ്ങളിലായി 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. 277 പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്.

ഉരുൾപൊട്ടലിന് പിന്നാലെ ചൂരൽമലയിൽ രക്ഷാപ്രവർത്തനം അതിവേഗം ആരംഭിക്കാനായെങ്കിലും മുണ്ടക്കൈയിൽ ദൗത്യമാരംഭിക്കാൻ വൈകി. മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതോടെ മറുകരയിലേക്കെത്താൻ വഴിയില്ലാതായി. ആദ്യദിനത്തിൽ ഹെലികോപ്ടർ വഴി എയർലിഫ്റ്റ് ചെയ്താണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് താൽക്കാലിക പാലം നിർമിച്ചു. ഇന്ന് സൈന്യത്തിന്‍റെ നേതൃത്വത്തിൽ ബെയ്‍ലി പാലം പൂർത്തിയാവുകയാണ്.

ഉറ്റവരെ അവസാനമായെങ്കിലും ഒരു നോക്ക് കാണണമെന്ന ആഗ്രഹത്തോടെ മേപ്പാടിയിലെ ആരോഗ്യ കേന്ദ്രത്തിൽ കൂടിനിൽക്കുന്നവർ അനവധിയാണ്. ദുരന്തമേഖലയിൽ നിന്നും, നിലമ്പൂർ മേഖലയിൽ പുഴയിൽ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങൾ ഇവിടെയാണെത്തിക്കുന്നത്. ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള അവസരമൊരുക്കുന്നതും ഇവിടെയാണ്. ആംബുലൻസുകൾ നിരന്തരം ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നു. ഓരോ ആംബുലൻസ് എത്തുമ്പോഴും നിലവിളികളുയരും.

മൂന്നാംദിനത്തിൽ കൂടുതൽ യന്ത്രോപകരണങ്ങൾ എത്തിച്ചാണ് സൈന്യത്തിന്‍റെ രക്ഷാപ്രവർത്തനം. പാലം പൂർത്തിയാവുന്നത് പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കും. മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടെ ഉപയോഗിക്കും. അതേസമയം, കിലോമീറ്ററുകൾക്കപ്പുറം മലപ്പുറം ജില്ലയിലെ നിലമ്പൂരിലും പോത്തുകല്ലിലും ചാലിയാർ നദിയിൽ മൃതദേഹങ്ങൾ ഒഴുകുന്ന പശ്ചാത്തലത്തിൽ അവിടെയും തിരച്ചിൽ തുടരും. 52 മൃതദേഹങ്ങളും 72 ശരീരഭാഗങ്ങളുമാണ് ചാലിയാറിൽ നിന്ന് ലഭിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. 2.30ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുണ്ടായി. ഒഴുകിപ്പോയ നിരവധി മൃതദേഹങ്ങൾ കിലോമീറ്ററുകൾക്കപ്പുറം നിലമ്പൂരിലെ നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more