യുക്മ ദേശീയ കായികമേളയ്ക്ക് നാളെ ദീപശിഖ തെളിയും. ബിർമിംഗ്ഹാമിലെ സട്ടൻ കോൾഫീൽഡ് വിൻഡ്‌ലി ലെഷർ സെന്ററിലാകും കായികമേള നടക്കുക. ദേശീയ കായികമേളയ്ക്ക് മുന്നോടിയായി തന്നെ എല്ലാ റീജിയണുകളിലും കായികമേളകൾ നടന്നിരുന്നു. റീജിയണൽ കായികമേളകളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരാണ് ദേശീയ കായികമേളയിൽ മാറ്റുരയ്ക്കുക. അതിനാൽ തന്നെ മിന്നും പോരാട്ടങ്ങൾക്കാകും നാളത്തെ പകൽ സാക്ഷ്യം വഹിക്കുക.
വിവിധ റീജിയനുകളിൽ നടന്ന കായികമേളയ്ക്ക് ആവേശകരമായ സ്വീകരണമാണ് അംഗ അസോസിയേഷനുകളിൽ നിന്നും ഇക്കുറി ലഭിച്ചത്. ദേശീയ കായികമേളയിൽ കഴിഞ്ഞ വർഷത്തെ ചാംപ്യൻന്മാർ ചേർന്ന് ദീപശിഖ തെളിക്കുന്നതോടെയാകും തുടക്കമാകുക. തുടർന്ന് നടക്കുന്ന കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിന് യുക്മ ദേശീയ ഭാരവാഹികൾ അഭിവാദ്യങ്ങൾ അർപ്പിക്കും. യുക്മ ദേശീയ അധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിക്കുന്ന ഉദ്‌ഘാടന ചടങ്ങുകൾക്ക് ശേഷം വിവിധ ട്രാക്കുകളിലായി മത്സരങ്ങൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സെക്രട്ടറി കുര്യൻ ജോർജ്ജ് അറിയിച്ചു.
നാഷണൽ സ്പോർട്ട്സ് ജനറൽ കൺവീനർമാരായ പീറ്റർ താണോലിലിന്റെയും സ്മിത തോട്ടത്തിന്റെയും, നാഷണൽ സ്പോർട്സ് കോർഡിനേറ്റർ സലീന സജീവിന്റേയും നേതൃത്വത്തിലാണ് ദേശീയ കായികമേളയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് പുറമേ ആവേശകരമായ വടംവലിയാകും കായികമേളയുടെ മറ്റൊരാകർഷണം. വിവിധ റീജിയനുകളിൽ നിന്ന് മത്സരിച്ച് വിജയിച്ച ടീമുകളാകും നാളത്തെ വടം വലി മത്സരത്തിനിറങ്ങുക.
വിശാലമായ സൗജന്യ കാർപാർക്കിംഗ് സൗകര്യങ്ങളുള്ള വിൻഡ്‌ലി ലെഷർ സെന്ററിൽ കായിക താരങ്ങൾക്കും കാണികൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി യുക്മ നാഷണൽ ട്രഷറർ ഡിക്സ് ജോർജ്ജ് അറിയിച്ചു. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളുമായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.
യുകെയിലെ മലയാളി കായിക പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ദേശീയ സമിതി അറിയിച്ചു.
കായികമേള വേദിയുടെ വിലാസം
Wyndley Leisure Centre, Clifton Rd, Sutton Coldfield, Birmingham, B73 6EB
click on malayalam character to switch languages