ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011ലാണ്. ട്രൈബൽവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ നിർമ്മാണം ഉൾപ്പടെയുള്ള നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ സെൻസസിന് വലിയ പങ്കാണുള്ളത്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കൊവിഡ്-19 കാരണം മാറ്റിവെയ്ക്കുകയാണുണ്ടായത്. 233 രാജ്യങ്ങളിൽ വെറും 44 രാജ്യങ്ങൾ മാത്രമാണ് ഇനിയും സെൻസസ് നടത്താനുള്ളത്. യുക്രെയിൻ, യെമൻ, സിറിയ, മ്യാൻമർ, ശ്രീലങ്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് സെൻസസ് ഇന്ത്യയ്ക്കൊപ്പമുള്ളത്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ആഭ്യന്തരകലാപം, യുദ്ധം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാലാണ് സെൻസസ് നടത്താൻ വൈകുന്നത്.
ജനസംഖ്യയിൽ മുന്നിലുള്ള ചൈന, യുഎസ്, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങൾ 2020ൽ സെൻസസ് നടത്തിയിരുന്നു. പാകിസ്താൻ 2023 മാർച്ചിൽ ആഭ്യന്തര പ്രശ്നങ്ങൾക്കിടയിലും സെൻസസ് പൂർത്തിയാക്കി. ബ്രിക്സ് രാജ്യങ്ങളിൽ ഇന്ത്യ മാത്രമാണ് സെൻസസ് നടത്താത്തത്. ബ്രസീൽ (ഓഗസ്റ്റ് 2022), ചൈന (നവംബർ 2020), സൗത്ത് ആഫ്രിക്ക (ഫെബ്രുവരി 2022), റഷ്യ (ഒക്ടോബർ 2021) സെൻസ് പൂർത്തിയാക്കി. അയൽരാജ്യങ്ങളായ നേപ്പാൾ, മാലി, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും സെൻസസ് നടത്തി.
രാജ്യത്തെ ക്ഷേമ പദ്ധതികൾക്കെല്ലാം താഴെക്കിടയിൽനിന്നുള്ള കണക്കുകൾ ആവശ്യമാണ്. ഗ്രാമ, നഗര, വാർഡ് കണക്കുകൾ കൃത്യമായി ലഭ്യമാക്കിയാൽ മാത്രമാണ് പദ്ധതി നടത്തിപ്പും കൃത്യമാകുന്നത്. ഭക്ഷ്യസുരക്ഷ, കുടുംബാരോഗ്യം, ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി തുടങ്ങിയ മേഖലയിലെല്ലാം 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഇപ്പോഴും പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനാൽത്തന്നെ പല മേഖലകളിലും ആവശ്യമായ സേവനങ്ങൾ ലഭ്യമല്ലെന്ന പരാതികളും ശക്തമാണ്.
സെൻസസ് നടക്കാത്തതിനാൽ എസ്ടി വിഭാഗത്തിൽപ്പെട്ട വലിയൊരു വിഭാഗം കഷ്ടത്തിലാണ്. എസ്ടി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ പല പ്രദേശങ്ങളിലും പ്രവർത്തിക്കുന്നില്ല. 50 ശതമാനത്തിലധികം എസ്ടി വിഭാഗമുള്ള പ്രദേശത്ത് ഒരു ഏകലവ്യ സ്കൂൾ എന്ന് 2022ൽ തീരുമാനമായിരുന്നു. എന്നാൽ ഇതും 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള കണക്കാണ്. സാമ്പത്തിക വിദഗ്ധരായ ജീൻ ഡ്രീസെ, രീതിക ഖെര,മേഘന മുംഗികർ എന്നിവരുടെ കണക്കുകൂട്ടലുകൾ പ്രകാരം 10 കോടി ആളുകൾ ക്ഷേമപദ്ധതികളിൽ നിന്ന് പുറന്തള്ളപ്പെട്ടു. 2011ലെ സെൻസസ് പ്രകാരം പദ്ധതികൾ നടപ്പിലാക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
click on malayalam character to switch languages