ആരാധകരെ ആവേശത്തിലും നിരാശരും ആക്കുന്ന ഇന്നിങ്സായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഇരു ടീമുകളും നൽകിയത്. ഇന്ത്യ നൽകിയ പ്രഹരത്തിന് അതേനാണയത്തിൽ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്ക നൽകിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 55 റൺസിന് പുറത്തായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ലീഡ് ലഭിച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയും ദയനീയമായിരുന്നു.
153 എന്ന സ്കോറിൽ നിൽക്കെയാണ് അവസാന ആറു വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടമായത്. ഒന്നിനു പുറകെ ഒന്നായി ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറി. തുടക്കം മുതലേ ഇന്ത്യ പതറിയിരുന്നു. പേസർമാരെ തുണയ്ക്കുന്ന പിച്ചിലായിരുന്നു മത്സരം. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാദ, ലുൻഗി എൻഗിഡി, നാന്ദ്ര ബർഗർ എന്നിവരാണ് ഇന്ത്യ ഇന്നിങ്സിന് വെല്ലുവിളി ഉയർത്തിയത്.
ആദ്യം ടോസ് നേടി ദക്ഷിണാഫ്രിക്കയെ നാണക്കേടിന്റെ വക്കിലേക്കാണ് മുഹമ്മദ് സിറാജ് തള്ളിവിട്ടത്. ടീമിന്റെ സുപ്രധാന ബാറ്റർമാരെയെല്ലാം മടക്കിയയച്ച് ആറു വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ഒടുവിൽ സ്‌കോർ 55 ആയപ്പോഴേക്ക് ദക്ഷിണാഫ്രിക്കയുടെ പത്ത് ബാറ്റർമാരും പവലിയനിൽ തിരിച്ചെത്തി. രണ്ടുപേരെ വീതം മുകേഷ് കുമാറും ബുമ്രയും വീഴ്ത്തി. ആദ്യം ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കിയെങ്കിൽ പിന്നാലെ ദക്ഷിണാഫ്രിക്കൻ ആരാധകർക്ക് സന്തോഷം നൽകുന്നതായിരുന്നു.
153-ൽ നാല് എന്ന നിലയിൽ നിന്ന് 153ൽ പത്ത് എന്ന നിലയിലേക്ക് ഇന്ത്യയുടെ വീഴ്ച വളരെ വേഗത്തിലായിരുന്നു. അവസാനമായി എത്തിയ ഒരു ബാറ്റർ മാരും റൺസ് കണ്ടെത്താനാകാതെ പൂജ്യത്തിന് മടങ്ങി. ലുങ്കി എൻഗിഡിയുടെ 34-ാം ഓവറാണ് കളിയുടെ പ്രവചന സ്വഭാവം മാറ്റിയത്. ഓവറിലെ ഒന്നിടവിട്ട പന്തുകളിൽ ഓരോരുത്തരായി മടങ്ങി. ഒരു റൺ പോലും ചേർക്കാതെ ആറ് വിക്കറ്റുകൾ വീഴുന്നത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമാണ്.
1965-ൽ ഒരു റൺ ചേർക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായ ന്യൂസീലൻഡിന്റെ ചരിത്രമാണ് ഇന്ത്യ പഴങ്കഥയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരുദിവസം 23 വിക്കറ്റുകൾ വീണു എന്ന പ്രത്യേകതയും ഈ ടെസ്റ്റിനുണ്ട്. ക്രിക്കറ്റിന്റെ നൂറ് വർഷത്തെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് ആദ്യമായാണ്.
click on malayalam character to switch languages