നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ വരുന്നതുമായി ബന്ധപ്പെട്ട് യുവാവ് പരാതി നൽകിയത് പിന്നാലെ കാരണം കണ്ടെത്തി പൊലീസ്. ഇടുക്കി സ്വദേശിയായ യുവാവിന്റെ ബൈക്ക് മലപ്പുറം വണ്ടൂരിലെ AI ക്യാമറയിലും പതിഞ്ഞിരുന്നു. എന്നാൽ യുവാവ് മലപ്പുറത്ത് പോയിരുന്നുമില്ല. ആദ്യം AI ക്യാമറയുടെ പിഴവാണെന്ന് കരുതിയെങ്കിലും പിന്നീടാണ് സത്യം പുറത്ത് വന്നത്.
മലപ്പുറം പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ കഥ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :
ഇവിടെ വില്ലനല്ല, ‘ ഹീറോ’ യാണ് എ ഐ ക്യാമറ.
മലപ്പുറം ജില്ലയിലെ ചേലാമ്പ്രയിൽ ജോലി നോക്കുന്ന ഇടുക്കി സ്വദേശിയുടെ പരാതി ലഭിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ബൈക്കിന് തുടർച്ചയായി എ ഐ ക്യാമറ പിഴ ചുമത്തുന്നുവെന്നാണ് പരാതി. പക്ഷെ ആ ക്യാമറ പരിധികളിലോ, ഫൈൻ അടിച്ചിരിക്കുന്ന സമയത്തോ അദ്ദേഹം ബൈക്കുമായി അങ്ങോട്ടേക്കൊന്നും പോയിട്ടുമില്ലത്രേ. എന്താല്ലേ ?
ഇക്കാര്യത്തിൽ ആർ ടി ഓഫീസിൽ അടക്കം ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാതി ഒടുവിൽ ഇമെയിൽ വഴി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലുമെത്തി. പിന്നീടങ്ങോട്ട് കാര്യങ്ങൾ ശരവേഗത്തിലായിരുന്നു. അദ്ദേഹത്തിന് ലഭിച്ച മുഴുവൻ ഫൈനുകളും പരിശോധിച്ചതിൽ ഒരു ഫൈൻ മാത്രം പരാതിക്കാരന്റെ വാഹനത്തിനു ലഭിച്ചതാണെന്നും, അത് അദ്ദേഹം നേരിട്ട് അടച്ചിട്ടുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. എങ്കിൽ പിന്നെ മറ്റു ഫൈനുകൾ എങ്ങനെ അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് എത്തി ?
ഫൈനുകളിൽ ഒരെണ്ണം വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാൽ എ ഐ ക്യാമറ പകർത്തിയ ചിത്രം സഹിതം സ്റ്റേഷൻ പരിധിയിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ വാഹനത്തിന്റെ എൻജിൻ നമ്പറും, ചെയ്സിസ് നമ്പറും അടക്കം എടുത്തായിരുന്നു അന്വേഷണം തുടർന്നത്. ഒടുവിൽ പരാതിക്കാരന്റെ ബൈക്കിന്റെ ‘ ഇരട്ട ‘ സഹോദരനും ഉടമയും കസ്റ്റഡിയിലായി. എൻജിൻ നമ്പറും, ചെയ്സിസ് നമ്പറും പരിശോധിച്ചതിൽ വണ്ടി വേറെയാണെന്നും, പരാതിക്കാരന്റെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് ഓടുകയായിരുന്നെന്നും മനസ്സിലാക്കാനായി. ഇടുക്കിയിൽ നിന്നും OLX വഴി വാങ്ങിയ ബൈക്ക് ആയിരുന്നു കഥയിലെ വില്ലൻ.
പരാതിക്കാരൻ ഇടുക്കിയിൽ ഒരാൾക്ക് വാഹനത്തിന്റെ RC ബുക്ക് പണയം വെച്ചിരുന്നു. പണയം വാങ്ങിയ വ്യക്തി ഇതേ RC ഉപയോഗിച്ച്, മറ്റൊരു വാഹനം നമ്പർ മാറ്റി OLX വഴി വിൽക്കുകയായിരുന്നു. വാങ്ങിയ ആളാകട്ടെ, വാഹനത്തിന്റെ രേഖകൾ പരിശോധിക്കാതെയും, വാഹനം സ്വന്തം പേരിലാക്കാതെയും വാഹനമുപയോഗിച്ചു തുടർച്ചയായി നിയമലംഘനങ്ങൾ നടത്തികൊണ്ടേയിരുന്നു. തുടരന്വേഷണത്തിനായി പരാതി ഇടുക്കിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇനി നിങ്ങൾ പറയൂ .. ക്യാമറ വില്ലൻ ആണോ ?
ഗുണപാഠം : 1 . വാഹനം വിൽക്കുമ്പോഴും വാങ്ങുമ്പോഴും RC ബുക്കിലെ പേരും വിലാസവും മാറ്റാൻ ശ്രദ്ധിക്കണം.
2 . വാഹനത്തിന്റെ രേഖകൾ മറ്റൊരാൾക്ക് കൈമാറരുത്.
click on malayalam character to switch languages