വാഷിങ്ടൺ: ചെലവ് ചുരുക്കലിന്റെ ഭാഗമായി യുക്രെയ്നുള്ള സാമ്പത്തിക സഹായം നിർത്തി അമേരിക്ക. ഹ്രസ്വകാല ഫണ്ടിങ്ങിന് യു.എസ് ജനപ്രതിനിധിസഭയും സെനറ്റും അംഗീകാരം നൽകിയതോടെയാണ് ഫെഡറൽ ഷട്ട് ഡൗൺ (സാമ്പത്തിക അടച്ചുപൂട്ടൽ) ഒഴിവായത്.
സാമ്പത്തിക ഞെരുക്കം നേരിടുന്ന സർക്കാറിന് നവംബർ 17 വരെ ധനസഹായം ഉറപ്പാക്കുന്ന ബില്ലിനെ 209 ഡെമോക്രാറ്റുകളും 126 റിപ്പബ്ലിക്കുകളും പിന്തുണച്ചു. യുക്രെയ്നുള്ള സഹായം നിർത്തണമെന്ന നിബന്ധനയോടെയാണ് ഒരുകൂട്ടം റിപ്പബ്ലിക്കുകൾ ബില്ലിനെ പിന്തുണച്ചത്. 91നെതിരെ 335 വോട്ട് നേടിയാണ് ബിൽ പാസായത്.
സ്വന്തം പാർട്ടിയിലെ കടുത്ത നിലപാടുകാരെ അവഗണിച്ചാണ് റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി ബില്ലിന് അനുമതി നൽകിയത്. തുടർന്ന് മക്കാർത്തിക്കെതിരെ സ്വന്തം പാളയത്തിൽ പടയൊരുക്കം തുടങ്ങി. ബിൽ പാസായതോടെ 45 ദിവസത്തേക്ക് സർക്കാറിന് ആശ്വാസം ലഭിക്കുമെങ്കിലും നവംബർ 17നകം കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ ലക്ഷക്കണക്കിന് ഫെഡറൽ തൊഴിലാളികൾ, സൈനികർ, സിവിലിയൻ തൊഴിലാളികൾ എന്നിവർ ശമ്പള പ്രതിസന്ധി നേരിടും.
പോഷകാഹാര വിതരണം, ശാസ്ത്രീയ ഗവേഷണം തുടങ്ങി പലതിനെയും ബാധിക്കും. അതേസമയം, യുക്രെയ്നുള്ള പിന്തുണ തടസ്സപ്പെടുത്തുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് ബില്ലിൽ ഒപ്പിട്ടതിനു ശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. 2022 ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ബൈഡൻ ഭരണകൂടം യുക്രെയ്ന് 7500 കോടി ഡോളറിലധികം സഹായം നൽകിയിട്ടുണ്ട്. 2400 കോടി ഡോളർ കൂടി അധികമായി നൽകാൻ ബൈഡൻ വരും ദിവസങ്ങളിൽ സഭയിൽ സമ്മർദം ചെലുത്തുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി യു.എസ് സന്ദർശിച്ച് ബൈഡനെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും കാണുകയും കൂടുതൽ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
click on malayalam character to switch languages