പുതുമകളുടെ പൂവിളിയുമായി ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ ഓണാഘോഷം. ഓണസദ്യയ്ക്കും ഓണക്കളികൾക്കും ഒപ്പം കൂടി എം പി സാറാ ഓവനും
Sep 26, 2023
അലോഷ്യസ് ഗബ്രിയേൽ
ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ (ലൂക്ക) ഓണാഘോഷ പരിപാടികൾ പുതുമകൾ കൊണ്ട് സമ്പന്നമായി. ഓണാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്ത ലൂട്ടൻ നോത്ത് എം പി സാറ ഓവൻ ലൂക്ക അംഗങ്ങൾക്കൊപ്പം ഓണസദ്യയിലും ഓണക്കളികളിലും പങ്കുചേർന്ന് ഏവർക്കും ആവേശം പകർന്നു.
സെപ്റ്റൻബർ 16 ശനിയാഴ്ചയാണ് ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്. നാല്പതോളം വനിതകൾ ചേർന്ന് അണിയിച്ചോരുക്കിയ മെഗാതിരുവാതിരയോടുകൂടി ആരംഭിച്ച ലൂക്ക ഓണഘോഷം, പരിപാടികളിലെ വൈവിദ്ധ്യം കൊണ്ടും പുതുമ കൊണ്ടും ഏറെ പ്രത്യേകത നിറഞ്ഞതായി. പരിവാരങ്ങളോടൊപ്പം ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളിയ മഹാബലിയ്ക്കൊപ്പം ചുവടുവച്ച് എം പി സാറ ഓവനും ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ പങ്കുചേർന്നു.
ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും അടുത്ത കാലത്തായി ആരംഭിച്ച ലൂക്ക ക്ലാസ് പോലുള്ള പുതിയ സംരംഭങ്ങളെ കുറിച്ചും ലൂക്ക പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേൽ തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഈ കഴിഞ്ഞ UUKMA കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷൻ ചരിത്രത്തിലാദ്യമായി നാഷണൽ ചാമ്പ്യൻ പട്ടം നേടിയതിൽ അദ്ദേഹം തൻ്റെ സന്തോഷവും അഭിമാനവും പങ്കുവച്ചു. ഈ വർഷം മെയ് മാസം ആരംഭിച്ച ഗൂഗിൾ ഫോം വഴിയുള്ള ലൂക്ക മെമ്പർ ഡാറ്റ ശേഖരണത്തിൽ 650 ൽ അധികം അംഗങ്ങൽ ലൂക്കായിൽ രജിസ്റ്റർ ചെയ്തതായി അദ്ദേഹം അറിയിച്ചു. ലൂക്കയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും സഹകരണം പ്രസിഡന്റ് അഭ്യർത്ഥിച്ചു.
പ്രവാസികളുടെ ഏകോപനത്തിൽ അസോസിയേഷനുകളുടെ പ്രാധാന്യത്തെ കൂറിച്ചും യുവാക്കളുടെയും കുട്ടികളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ ലൂക്ക വഹിയ്ക്കുന്ന പങ്കിനെ കുറിച്ചും മുഖ്യ അതിഥിയായിരുന്ന ലൂട്ടൻ നോത്ത് എം പി സാറ ഓവൻ പ്രത്യേകം പരാമർശിച്ചു. ഓണസന്ദേശം നൽകിയ മലയാളം മിഷൻ UK ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് ഓണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓണാഘോഷം പോലുള്ള പരിപാടികൾ മലയാളികളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിൽ വഹിയ്ക്കുന്ന പങ്കിനെ കുറിച്ചും ഓർമ്മിപ്പിച്ചു. ഉദ്ഘാടന പരിപാടിയിൽ ലൂക്കയുടെ കൾച്ചറൽ കോഓർഡിനേറ്റർ പ്രീതി ജോർജ് സ്വാഗതവും സെക്രട്ടറി ജോർജ് കുര്യൻ കൃതജ്ഞതയും പറഞ്ഞു.
കേരളീയ തനതു കലകളും ഓണപ്പാട്ടുകളും കോർത്തിണക്കി ലൂക്കയിലെ അംഗങ്ങൾ അവതരിപ്പിച്ച ഓണം തീം ഡാൻസ് ഏവർക്കും നവ്യ അനുഭവമായി. വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ണാൻ ലൂക്ക അംഗങ്ങൾക്കൊപ്പം വിശിഷ്ട അതിഥികളും പങ്കുചേർന്നു. വിളവെടുപ്പ് ഉത്സവം കൂടിയായ ഓണത്തിന്റെ മാഹാത്മ്യം ഒന്നുകൂടി ഉറപ്പിയ്ക്കുന്നതായിരുന്നു ലൂക്കയിലെ അംഗങ്ങളുടെ പച്ചക്കറി കൃഷിയും വിളവെടുപ്പും കാണിയ്ക്കുന്ന വീഡിയോ. ലൂക്ക അംഗങ്ങൾ വിളയിച്ചു കൊണ്ടുവന്ന പച്ചക്കറികൾ പ്രദർശിപ്പിച്ചത് മറ്റ് അംഗങ്ങൾക്കും സ്വന്തമായി കൃഷി ചെയ്യുന്നതിന് പ്രചോദനമേകി.
ലൂക്ക ക്ളാസ്സിലെ അൻപതോളം വരുന്ന കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കണ്ണിമയ്ക്കാതെ ഏവരും കണ്ടാസ്വദിച്ചു. ലൂക്കയിലെ അംഗങ്ങൾ അവതരിപ്പിച്ച തകർപ്പൻ പ്രകടനങ്ങൾ അവതരണ മികവുകൊണ്ടും അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടും മികച്ച നിലവാരം പുലർത്തി. ലൂക്കയിൽ നിന്നുള്ള A Levels, GCSE പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കും, ലൂക്ക ക്ളാസ്സിലെ അധ്യാപകർക്കും UUKMA കായികമേളയിൽ വിജയികളായവർക്കും ട്രോഫികൾ നല്കി ആദരിച്ചു.
click on malayalam character to switch languages