1 GBP = 112.86
breaking news

സുഡാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വിദേശ കാര്യമന്ത്രാലയം; നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു

സുഡാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വിദേശ കാര്യമന്ത്രാലയം; നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു

സൈനിക കലാപം രൂക്ഷമായ സുഡാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത്. അക്രമണങ്ങളില്‍ മരണസംഖ്യ 200 കടന്നു. യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

സുഡാനില്‍ ആശങ്കാജനകമായ സാഹചര്യമാണെന്ന് യുഎന്‍ പ്രതികരണമറിയിച്ചു. ആയിരത്തി എണ്ണൂറിലധികം ആളുകള്‍ക്ക് ഇതിനോടകം പരുക്കേറ്റതായി യുഎന്‍ പ്രതിനിധി വോള്‍ക്കര്‍ പെര്‍ത് മാധ്യമങ്ങളെ അറിയിച്ചു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പോലും ഇരുവിഭാഗവും ടാങ്കുകളും പീരങ്കികളുമുപയോഗിച്ച് കലാപകലുഷിതമാക്കുകയാണ്. അതേസമയം എത്ര പേര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ക്ക് നേരെയും സുഡാനില്‍ ആക്രമണമുണ്ടായി. ഐറിഷ് നയതന്ത്രജ്ഞന്‍ എയ്ഡന്‍ ഒഹാരയാണ് ആക്രമണത്തിനിരയായത്. കാര്‍ട്ടൂമിലെ വീടില്‍ വച്ചായിരുന്നു ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ആക്രമണത്തില്‍ അംബാസഡര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും (ആര്‍എസ്എഫ്) തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സ്‌ഫോടനങ്ങളില്‍ നിന്ന് താമസക്കാര്‍ അഭയം പ്രാപിച്ച തലസ്ഥാനമായ കാര്‍ട്ടൂമിലെ പ്രധാന സ്ഥലങ്ങള്‍ നിയന്ത്രിക്കുമെന്ന് ഇരുപക്ഷവും അവകാശപ്പെട്ടു. രാജ്യത്ത് ആശുപത്രികള്‍ക്കുണ്ടായ കേടുപാടുകള്‍ക്കുപുറമേ മെഡിക്കല്‍ സാമഗ്രികള്‍ക്കും ഭക്ഷണത്തിനും കടുത്ത ക്ഷാമവും നേരിടുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more