സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വി. കുർബാന അർപ്പിച്ചു; ശിശു സഹദായുടെ പേരിലുള്ള ആദ്യ ഇന്ത്യൻ ദേവാലയം നോർവിച്ചിലേത്
Nov 21, 2022
ബിജു കുളങ്ങര
നോർവിച്ച്: ക്രിസ്തു യേശുവിന് വേണ്ടി രക്തസാക്ഷി മരണം പ്രാപിച്ച ശിശുക്കളിൽ പ്രമുഖനായ വി. കുറിയാക്കോസ് സഹദായുടെ നാമധേയത്തിൽ പുതുതായി ആരംഭിച്ച ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രസനത്തിലെ യുകെ നോർവിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വിശുദ്ധ കുർബാന ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഏക്കിൾ മെഥഡിസ്റ്റ് പള്ളിയിൽ വച്ചു നടന്ന വിശുദ്ധ കുർബാനക്ക് ശേഷം സൺഡേ സ്കൂൾ ക്ലാസുകളുടെ ഉദ്ഘാടനവും നടന്നു. ഇടവക വികാരി ഫാ. ലിജു വർഗീസ് കുർബാനയ്ക്ക് മുഖ്യ കർമികത്വം നൽകി. നോർവിച്ചിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറിൽപ്പരം വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധ കുറിയാക്കോസ് സഹദായുടെ നാമധേയത്തിലുള്ള യുകെ യിലെ ആദ്യ ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനാണ് നോർവിച്ചിലേത്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് വി. കുർബാന ഉണ്ടാവുക.
ക്രിസ്തുവിനോടുള്ള ആചഞ്ചലമായ വിശ്വാസത്തിന്റെ പേരിൽ തന്റെ മൂന്നാം വയസിൽ ജീവൻ ത്യജിക്കേണ്ടി വന്ന കുറിയാക്കോസും അമ്മ യൂലീത്തിയേയും പിന്നീട് ക്രിസ്തീയ സഭയുടെ വിശുദ്ധരായി വാഴ്ത്തപ്പെട്ടു. ദൈവത്തിനായി തങ്ങളുടെ ജീവൻ ഒന്നിന് പുറകെ ഒന്നായി ബലിയർപ്പിക്കുവാൻ സന്നദ്ധരായ അമ്മയും മകനും സ്മരണയിൽ നിന്നും മായാത്ത മഹൽ വ്യക്തിത്വങ്ങളായി വിശ്വാസികൾക്ക് സ്വർഗീയ മദ്ധ്യസ്ഥരായി ജീവിക്കുന്നു.
കുടുംബഭദ്രതയ്ക്കായും, രോഗികളായ കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായും വി. കുറിയാക്കോസിന്റെയും വി. യൂലീത്തിയുടെയും മദ്ധ്യസ്ഥതയിൽ മലങ്കരയൊന്നാകെയുള്ള ക്രിസ്തീയ വിശ്വാസികൾ അഭയം പ്രാപിക്കുന്നുണ്ട്. ഇന്ന് മലങ്കരയിൽ വിവിധ സ്ഥലങ്ങളിലായി ആനന്ദപ്പള്ളി, ഏനാത്ത്, മേൽപ്പാടം, ഭാരതീപുരം, പേരയം, അറുന്നൂറ്റിമംഗലം, പുറമറ്റം, മുണ്ടൂകുഴി, കൊരട്ടി, മമ്പാറ, തൊട്ടാമൂല എന്നിവിടങ്ങളിലായി ദേവാലയങ്ങളും പത്തനംതിട്ട കുമ്പഴ പാലമൂട്ടിൽ ഒരാശ്രമവും വി. കുറിയക്കോസ് സഹദായുടെ പേരിൽ ദേശത്തിന് അനുഗ്രഹമായി പ്രവർത്തിക്കുന്നുണ്ട്.
click on malayalam character to switch languages