1 GBP = 106.80
breaking news

മേപ്പടിയാന് പ്രത്യേക അംഗീകാരം; ഉണ്ണി മുകുന്ദന്‍ മികച്ച നടന്‍…. വിഷ്ണു മോഹന് സംവിധായകനുള്ള പുരസ്ക്കാരം 

മേപ്പടിയാന് പ്രത്യേക അംഗീകാരം; ഉണ്ണി മുകുന്ദന്‍ മികച്ച നടന്‍…. വിഷ്ണു മോഹന് സംവിധായകനുള്ള പുരസ്ക്കാരം 

അലക്സ് വർഗ്ഗീസ്

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ കേരളാപൂരം വള്ളംകളി – 2022 നോടനുബന്ധിച്ച്  ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കും നടനും സംവിധായകനുമുള്ള പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ആദ്യമായി ചലച്ചിത്ര രംഗത്ത് നല്‍കുന്ന പുരസ്ക്കാരമാണിത്. മികച്ച നടനായി ഉണ്ണി മുകുന്ദന് പ്രത്യേക അവാര്‍ഡും  വിഷ്ണു മോഹന് സംവിധായകനുള്ള സത്യജിത് റേ പുരസ്ക്കാരവും സമ്മാനിക്കുമെന്ന് യുക്മ ദേശീയ നേതൃത്വം ഏര്‍പ്പെടുത്തിയ പ്രത്യേക ജൂറി അറിയിച്ചു.   

2009ല്‍ ആരംഭിച്ച് ബ്രിട്ടണിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന 130 മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് യുക്മ. ഡോ. ബിജു പെരിങ്ങത്തറയുടേയും കുര്യന്‍ ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി സാരഥ്യമേറ്റെടുത്തപ്പോള്‍ തന്നെ മലയാള സിനിമാ രംഗത്തെയും അംഗീകരിക്കുന്നതിനുള്ള പുരസ്ക്കാരങ്ങള്‍ നല്‍കുന്നതിന് തീരുമാനമെടുത്തിരുന്നു. വരും വര്‍ഷങ്ങളില്‍ സിനിമാ രംഗത്ത് കൂടുതല്‍ പുരസ്ക്കാരങ്ങള്‍ നല്‍കുമെന്നും മലയാള ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിനും യുക്മ മുന്‍കൈ എടുക്കുമെന്നും ദേശീയ നേതൃത്വം അറിയിച്ചു. 

തമ്പി ജോസ്, ദീപാ നായര്‍, ജെയ്സണ്‍ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന ജൂറിയെയാണ് യുക്മ ദേശീയ നേതൃത്വം ചലച്ചിത്ര രംഗത്തെ പുരസ്ക്കാരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നത്. യുക്മ ദേശീയ ഉപദേശകസമിതി അംഗമായ തമ്പി ജോസ് ലിവര്‍പൂള്‍, യു.കെയിലെ മലയാളി സമൂഹത്തില്‍ വിവിധ മേഖലകളില്‍ നിസ്തുലമായ സേവനം നല്‍കുകയും  യുക്മ നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗം, സാംസ്ക്കാരിക വേദി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. യുക്മയ്ക്ക് വേണ്ടി കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും മുന്‍നിരയിലുള്ള കലാഭൂഷണം ദീപാ നായര്‍, പ്രശസ്ത നര്‍ത്തകി എന്നതിനൊപ്പം കോവിഡ് കാലഘട്ടത്തില്‍ വിവിധ  വെര്‍ച്വല്‍ പരിപാടികളുടെ അവതാരകയായും തിളങ്ങിയിട്ടുണ്ട്. കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജ്ജ് യു.കെയില്‍ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെ നിരവധി കലാസാംസ്ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും യുക്മ സാംസ്ക്കാരിക വേദി ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുമുണ്ട്.   

മേപ്പടിയാന്‍ സിനിമയിലെ അഭിനയത്തിനൊപ്പം തന്നെ മലയാള സിനിമയ്ക്ക് ഉണ്ണി മുകുന്ദന്‍ നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളെ പരിഗണിച്ചാണ് മികച്ച നടന്‍ എന്ന പുരസ്ക്കാരം നല്‍കുന്നതെന്ന് ജൂറി അറിയിച്ചു. ആക്ഷന്‍ ഹീറോ എന്ന നിലയില്‍ യുവമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പറയുന്ന മേപ്പടിയാനുമായി ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഭൂമാഫിയയുടെ കൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്ന ഒരു ചിത്രമെന്ന നിലയില്‍ ഏറെ പ്രശംസ മേപ്പടിയാന്‍ ഏറ്റുവാങ്ങിയിരുന്നു. വിഷ്ണുമോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത  മേപ്പടിയാന്‍ എന്ന പ്രഥമ ചിത്രത്തിന്റെ വന്‍വിജയത്തിലൂടെ വിഷ്ണു മോഹന്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന യുവസംവിധായകന്‍ എന്ന നിലയിലാണ് അദ്ദേഹത്തിന് സംവിധായകനുള്ള സത്യജിത് റായ് പുരസ്ക്കാരം നല്‍കുന്നതെന്നും ജൂറി അറിയിച്ചു. 

ലോകപ്രശസ്തമായ താഷ്കെന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്ക് ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ നിന്നും ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ‘മേപ്പടിയാന്‍’ നിരവധി അംഗീകാരങ്ങള്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.  ഇന്ത്യയില്‍നിന്ന് താഷ്കെന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്ക് ഔദ്യോഗിക എന്‍ട്രി ലഭിച്ച ഏക ചലച്ചിത്രവുമാണ് മേപ്പടിയാന്‍. 2022 സെപ്തംബര്‍ 13 മുതല്‍ 18 വരെയാണ്  ചലച്ചിത്രമേള. ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് മേപ്പടിയാന്‍ സ്വന്തമാക്കി. നൂറിലേറെ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നതില്‍ നിന്നുമാണ് മേപ്പടിയാന്‍ സ്വപ്‌നതുല്യമായ നേട്ടം സ്വന്തമാക്കിയത്. ഇത്തവണത്തെ ജെ.സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡും മേപ്പടിയാന്‍ തന്നെയാണ് സ്വന്തമാക്കിയത്. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രംകൂടിയാണ് മേപ്പടിയാന്‍. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും ഉണ്ണിയായിരുന്നു. 2022 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന ഖ്യാതി  മേപ്പടിയാന്‍ സ്വന്തമാക്കിയിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പകുതി പേര്‍ക്ക് മാത്രം തീയേറ്ററുകളില്‍ പ്രവേശനം അനുവദിച്ചിരുന്ന അവസരത്തില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമായിരുന്നു മേപ്പടിയാൻ.  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more