“യുക്മ കേരളപൂരം വള്ളംകളി – 2022” ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു….
Jul 01, 2022
അലക്സ് വർഗ്ഗീസ്
യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി – 2022ൻ്റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്. മത്സരത്തിൽ വിജയിക്കുന്ന വ്യക്തി രൂപകൽപന ചെയ്യുന്ന ലോഗോയായിരിക്കും വള്ളംകളി 2022 ൻ്റെ ഔദ്യോഗിക ലോഗോ ആയി ഈ വർഷം ഉപയോഗിക്കുക. മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായി ഈ വർഷം ലോഗോ മത്സര വിജയിക്ക് 100 പൗണ്ട് ക്യാഷ് അവാർഡും ഫലകവും നൽകുവാൻ ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ലോഗോ അയച്ചുതരുന്ന മറ്റ് അഞ്ച് പേർക്കു കൂടി പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. ജൂലൈ 5 ആണ് ലോഗോ സമർപ്പിക്കേണ്ട അവസാന തീയ്യതി.
ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ ചുമതലയേറ്റ യുക്മ ദേശീയ സമിതിയുടെ ആദ്യത്തെ പരിപാടി എന്ന നിലയിൽ വള്ളംകളി മത്സരം വിജയിപ്പിക്കുവാൻ കഴിഞ്ഞ ദിവസം കൂടിയ യുക്മ ദേശീയ സമിതി യോഗം തീരുമാനമെടുത്തിരുന്നു. ഈ വർഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖർ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരൻമാരും പരിപാടികൾ അവതരിപ്പിക്കും.
മനോജ് കുമാർ പിള്ള നേതൃത്വം കൊടുത്ത കഴിഞ്ഞ ദേശീയ സമിതി വള്ളംകളിയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ആഗസ്റ്റ് 27ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിലാണ് ഇത്തവണയും വള്ളംകളി നടക്കുന്നത്. കോവിഡിന് മുൻപ് 2019 – ൽ നടന്ന അവസാന വള്ളംകളി മത്സരവും പ്രകൃതി മനോഹരവും കൂടുതൽ സൗകര്യപ്രദവുമായ മാൻവേഴ്സ് തടാകത്തിൽ തന്നെയായിരുന്നു.
കാണികളായി ഈ വർഷം കൂടുതൽ പേർ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി – 2022 ൻ്റെ ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ അറിയിച്ചു. യുക്മ ദേശീയ സമിതിയിൽ നിന്നും വള്ളംകളി മത്സരത്തിൻ്റെ ചുമതല നാഷണൽ വൈസ് പ്രസിഡൻ്റ് ഷീജാേ വർഗീസിനായിരിക്കും. അവസാന വർഷം വള്ളംകളി മത്സരത്തിന് എകദേശം 7000 ആളുകൾ കാണികളായി എത്തിച്ചേർന്നിരുന്നു. വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാർണിവലിലും പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്ളാദിച്ചുല്ലസിക്കുവാൻ വേണ്ടി നിരവധി അസോസിയേഷനുകൾ ഏകദിന വിനോദയാത്രകൾ മാൻവേഴ്സ് തടാകത്തിലേക്ക് സംഘടിപ്പിക്കുകയാണ്.
മാൻവേഴ്സ് തടാകവും അനുബന്ധ പാർക്കുമെല്ലാമായി പതിനായിരത്തോളം കാണികളെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിൻ്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ് ഭക്ഷണശാലകൾ എന്നിവ ചുറ്റുമുള്ള പുൽത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസവുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകൾക്കും, കോച്ചുകൾക്ക് പ്രത്യേകവും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സ്കൂൾ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്ളാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി മത്സര ദിവസം ഒരുക്കുന്നത്.
“യുക്മ കേരളാ പൂരം വള്ളംകളി – 2022” മത്സരം കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് മാൻവേഴ്സ് തടാകത്തിലേക്ക് എത്തിച്ചേരുവാൻ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.
ലോഗോ മത്സരത്തിൽ പങ്കെടുക്കുന്നവർ [email protected] എന്ന വിലാസത്തിലേക്കാണ് ലോഗോകൾ അയച്ചുതരേണ്ടത്.
യുക്മ കേരളപൂരം വള്ളംകളി – 2022 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:-
click on malayalam character to switch languages