1 GBP = 113.38
breaking news

 ഇന്ത്യൻ റെയിൽവേ സമ്പൂ‍ർണ വൈദ്യുതീകരണത്തിലേക്ക്; 80% ലക്ഷ്യം കൈവരിച്ചു

 ഇന്ത്യൻ റെയിൽവേ സമ്പൂ‍ർണ വൈദ്യുതീകരണത്തിലേക്ക്; 80% ലക്ഷ്യം കൈവരിച്ചു

രാജ്യത്തെ ബ്രോഡ് ഗേജ് ശൃംഖല പൂർണ്ണമായും വൈദ്യുതീകരിക്കാനുള്ള പദ്ധതിയിലേക്ക് സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ . 2023-24 ഓടെ പൂർത്തിയാക്കേണ്ട 65,414 റൂട്ട് കിലോമീറ്ററിൽ 52,247 റൂട്ട് കിലോമീറ്റർ വൈദ്യുതീകരണം പൂർത്തിയാക്കാൻ സാധിച്ചു. “#Mission100PercentElectrification പദ്ധതിയിൽ വൻമുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ബ്രോഡ് ഗേജ് റൂട്ടിന്റെ 80% വൈദ്യുതീകരണം നടത്തി 2021-22 സാമ്പത്തിക വർഷത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് രേഖപ്പെടുത്തിയിരിക്കുകയാണ്. 65,414 റൂട്ട് കിലോമീറ്ററിൽ 52,247 റൂട്ട് കിലോമീറ്റർ വൈദ്യുതീകരണം പൂർത്തിയാക്കി. കാർബൺ ബഹി‍ർഗമനം കുറയ്ക്കുന്നതിൽ ഇത് രാജ്യത്തിന് വലിയ നേട്ടമായി മാറും,” റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.

നാഷണൽ ട്രാൻസ്‌പോർട്ടർ കണക്കുകൾ പറയുന്നതനുസരിച്ച്, 2021-22 കാലയളവിൽ ഇന്ത്യൻ റെയിൽവേ 6,366 റൂട്ട് കിലോമീറ്റ‍‍ർ റെക്കോർഡ് വൈദ്യുതീകരണം പൂ‍ർത്തിയാക്കി. ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണിത്. മുമ്പ് ഒരുവ‍ർഷത്തിനുള്ളിൽ ഏറ്റവും ഉയർന്ന വൈദ്യുതീകരണം പൂർത്തിയായത് 2020-21 കാലയളവിൽ 6,015 റൂട്ട് കിലോമീറ്റ‍‍ർ ആയിരുന്നു. “#Mission100PercentElectrification എന്ന പദ്ധതി സീറോ കാർബൺ ബഹി‍ർഗമനം (Zero Carbon Emission) എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതി സൗഹൃദവും മലിനീകരണം കുറയ്ക്കുന്നതുമായ വൈദ്യുതീകരണ പദ്ധതി 2014 മുതൽ അതിവേഗത്തിലാണ് മുന്നോട്ട് പോവുന്നതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. 2014ന് ശേഷം വൈദ്യുതീകരണം നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടിയോളം വേഗതയിലാണ് നടക്കുന്നതെന്ന് റെയിൽവേ കഴിഞ്ഞ വർഷം ജൂണിൽ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ റോഹയ്ക്കും കർണാടകയിലെ തോക്കൂറിനും ഇടയിലുള്ള 741 കിലോമീറ്റർ പാതയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതായി അടുത്തിടെ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ അറിയിച്ചിരുന്നു. മുംബൈയെ മംഗലാപുരവുമായി ബന്ധിപ്പിക്കുന്നതാണ് കൊങ്കൺ റെയിൽവേ. 741 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത മഹാരാഷ്ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെ പശ്ചിമഘട്ടത്തിന് അരികിലൂടെയാണ് കടന്നുപോകുന്നത്. ഈ നേട്ടത്തിൽ കൊങ്കൺ റെയിൽവേയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.

“#Mission100PercentElectrification പദ്ധതിയുടെ വിജയത്തിന് വേണ്ടിയും രാജ്യത്തിൻെറ സുസ്ഥിര വികസനത്തിനുമായി പുതിയ നാഴികക്കല്ല് കീഴടക്കിയ മുഴുവൻ കൊങ്കൺ റെയിൽവേ ടീമിനും അഭിനന്ദനങ്ങൾ,” എന്നാണ് മോദി ട്വീറ്റ് ചെയ്തത്. സമാനമായ രീതിയിൽ, ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങളിലായി 163 കിലോമീറ്റർ റെയിൽവേ ലൈനുകളുടെ വൈദ്യുതീകരണം പൂർത്തിയാക്കിയതായി സൗത്ത് സെൻട്രൽ റെയിൽവേയും (SCR) അറിയിച്ചു. റെയിൽവേയുടെ സമ്പൂ‍ർണ വൈദ്യുതീകരണ പദ്ധതിക്ക് മുതൽക്കൂട്ടാവുന്ന നേട്ടമാണിത്.

ആന്ധ്രയിലെ കദിരി തുമ്മനം ഗുട്ട (53.30 റൂട്ട് കിലോമീറ്റർ), പകല കാളികിരി (55.80 കിലോമീറ്റർ), ധോൻ കുർണൂൽ സിറ്റി (54.20 കിലോമീറ്റർ) എന്നീ റെയിൽവേ മേഖലകളാണ് വൈദ്യുതീകരിച്ചതെന്ന് സൗത്ത് സെൻട്രൽ റെയിൽവേ വക്താവ് സിഎച്ച് രാകേഷ് വാർത്താക്കുറിപ്പിൽ പറഞ്ഞു. വൈദ്യുതീകരണം പൂ‍ർത്തിയാക്കുന്നതിലൂടെ രാജ്യത്തെ കാ‍ർബൺ ബഹിർഗമനം വൻതോതിൽ കുറച്ച് ലോകത്തിന് തന്നെ മാതൃകയാകുക എന്നതാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more