1 GBP = 105.47
breaking news

മീഡിയ വൺ വിലക്കിന് സുപ്രീംകോടതിയുടെ സ്റ്റേ; സംപ്രേഷണത്തിന് താൽക്കാലിക അനുമതി

മീഡിയ വൺ വിലക്കിന് സുപ്രീംകോടതിയുടെ സ്റ്റേ; സംപ്രേഷണത്തിന് താൽക്കാലിക അനുമതി

ന്യൂഡൽഹി: മീഡിയ വൺ ചാനലിന്   കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അടുത്ത ഉത്തരവ്​ വരെ പ്രവർത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാഷ്ട്ര സുരക്ഷയുടെ പേരിലാണ് മീഡിയവണ്ണിന് കേന്ദ്ര സർക്കാർ വിലക്കേര്‍പ്പെടുത്തിയിരുന്നത്.  രഹസ്യ ഫയലിലെ വിവരങ്ങൾ മീഡിയവണിന് നൽകാനും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും കേൾക്കും.

‌ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനലിന് മുമ്പുള്ളത് പോലെ പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. ചാനലിന്റെ സംപ്രേക്ഷണ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്.

ഹൈക്കോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂണിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും ചാനലിലെ ജീവനക്കാർക്കുവേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

മീഡിയവൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ നൽകിയ ഹർജിയിൽ പറയുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെയുഡബ്ല്യുജെ നൽകിയ ഹർജിയിൽ പറയുന്നു. കേന്ദ്രസർക്കാർ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനൽ ഉടമകളെയും ജീവനക്കാരെയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹർ ജികളിൽ പറയുന്നു.

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് സുപ്രീകോടതിയിൽ ഹാജരായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more