മദീനയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവന കേന്ദ്രം സജ്ജമായതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. വി.എഫ്.എസ് ഗ്ലോബലുമായി സഹകരിച്ചാണ് സേവന കേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കിയത്. ഇന്ത്യന്‍ പൗരന്മാരുടെ പാസ്‌പോര്‍ട്ട് സേവനം, രേഖകളുടെ അറ്റസ്റ്റേഷന്‍ തുടങ്ങിയവ ഇനി വേഗത്തില്‍ നടക്കും.
ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മദീനയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ കോണ്‍സുലേറ്റ് സേവന കേന്ദ്രം ആരംഭിക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മദീനയിലെ കിങ് ഖാലിദ് സ്ട്രീറ്റിലുള്ള അല്‍ മബൂത്ത് ഏരിയയിലെ ചേംബര്‍ ഓഫ് കൊമേഴ്സിനടുത്ത് സ്ഥിരമായ ഒരു ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്.
മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാകാന്‍ മദീനയിലെ പുതിയ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് കോണ്‍സുലേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 00966 115204886 എന്ന ഫോണ്‍ നമ്പരിലൂടെ ഓഫീസുമായി ബന്ധപ്പെടാം. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെ ഓഫീസ് പ്രവര്‍ത്തിക്കും. പൊതു അവധി ദിവസങ്ങളില്‍ ഓഫീസിനും അവധിയായിരിക്കും.
ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ കോണ്‍സുലേറ്റ് സേവനം വ്യപകമാക്കുക എന്ന ലക്ഷ്യത്തോടെ മദീനയില്‍ തുറന്ന സ്ഥിരം കേന്ദ്രം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചു വേണം ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവന കേന്ദ്രം ഉപയോഗപ്പെടുത്താന്‍.
https://services.vfsglobal.com/sau/en/ind/book-anappointmetn എന്ന ലിങ്ക് വഴിയാണ് അപ്പോയിന്‍മെന്റ് എടുക്കേണ്ടത്. കൊവിഡ് മുന്‍കരുതല്‍ പൂര്‍ണമായും പാലിച്ചുവേണം ഓഫീസിലെത്താന്‍. ‘തവക്കല്‍ന’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഹാജരാക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.
click on malayalam character to switch languages