കളമശ്ശേരി പത്തടിപ്പാലത്ത് കൊച്ചി മെട്രോയുടെ പാളത്തിൽ നേരിയ ചരിവ് കണ്ടെത്തിയതിനെ തുടർന്ന് പില്ലറിൽ പരിശോധന ആരംഭിച്ചു. പത്തടിപ്പാലത്തിനു സമീപം 347–ാം നമ്പർ തൂണിനടുത്താണ് പാളത്തിൽ നേരിയ ചരിവ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ ഏതാനും ആഴ്ചകളായി വേഗം കുറച്ചേ ട്രെയിൻ ഓടിക്കുന്നുള്ളൂ. മണിക്കൂറിൽ 35 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗമെങ്കിൽ, ഇവിടെ എത്തുമ്പോൾ 20 കിലോമീറ്റർ ആണ്.
പത്തടിപ്പാലത്തുള്ള 347-ാം നമ്പർ പില്ലറിന് ചുറ്റുമുള്ള മണ്ണ് നീക്കിയശേഷമാണ് കെ.എം.ആർ.എൽ. പരിശോധന നടത്തുന്നത്. കെ.എം.ആർ.എൽ. നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് നേരിയ ചരിവ് ശ്രദ്ധയിൽപ്പെട്ടത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള ഈ വിവരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കെ.എം.ആർ.എൽ. നടത്തിയ പ്രാഥമിക പരിശോധനയിൽ തകരാർ ബോധ്യപ്പെട്ടതിനെത്തുടർന്ന് വിശദമായ പരിശോധനയ്ക്ക് ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡി.എം.ആർ.സി.) വിവരമറിയിച്ചിട്ടുണ്ട്. കെ.എം.ആർ.എൽ. സ്വന്തം നിലയ്ക്ക് പരിശോധന തുടരുകയാണ്. തകരാർ ഗുരുതരമെന്ന് കണ്ടെത്തിയാൽ മെട്രോ സർവീസ് കുറച്ചുകാലം നിർത്തേണ്ടി വന്നേക്കാം.
കാര്യങ്ങൾ നിർമ്മാണച്ചുമതലയുണ്ടായിരുന്ന ഡി.എം.ആർ.സിയെ അറിയിച്ചിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ഭാഗമായ വയഡക്ടിന്റെ ചരിവ്, പാളത്തിനടിയിലെ ബുഷിന്റെ തേയ്മാനം, തൂണിന്റെ ചരിവ് എന്നീ സാധ്യതകളാണ് പ്രധാനമായും ഉള്ളത്. ഇത് കണ്ടെത്താനുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. അതേസമയം, ട്രെയിൻ സർവീസ് പതിവുപോലെ നടക്കുന്നുണ്ട്. പരിശോധന കുറച്ചുദിവസം കൂടി തുടരും
പാളം ഉറപ്പിച്ചിട്ടുള്ള കോൺക്രീറ്റ് ഭാഗത്തിന്റെ (വയഡക്ട്) ചരിവാണെന്ന് ആദ്യം സംശയിച്ചെങ്കിലും അതല്ലെന്നാണ് പ്രാഥമിക നിഗമനം. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലം ചരിവുണ്ടാകാം. ബുഷ് മാറ്റിവച്ചാൽ പ്രശ്നം തീരും. വയഡക്ടിന്റെ ചരിവാണെങ്കിലും പരിഹരിക്കാം. എന്നാൽ തൂണിനു ചരിവുണ്ടെങ്കിൽ കാര്യം ഗുരുതരമാകും. കെ.എം.ആർ.എൽ. ഇതും സംശയിക്കുന്നു.
347–ാം നമ്പർ തൂണിന്റെ അടിത്തറ പരിശോധിക്കാൻ കുഴിയെടുത്തിട്ട് ഒരാഴ്ചയോളമായി. പരിശോധിക്കാനുള്ള ഉപകരണം എത്താൻ കാത്തിരിക്കുകയാണ്. സൂക്ഷ്മമായി ചരിവു പരിശോധിക്കാനുള്ള ഉപകരണം കെഎംആർഎല്ലിന്റെ കൈവശം ഇല്ല. ഡിഎംആർസിയുടെ മേൽനോട്ടത്തിലാണ് ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ മെട്രോ നിർമ്മിച്ചത് എന്നതിനാൽ തകരാറിനു ഡി.എം.ആർ.സിക്ക് ഉത്തരവാദിത്തമുണ്ട്. അതിനാലാണ് അവരെ അറിയിച്ചിരിക്കുന്നത്.
തൂണിന്റെ ചരിവ് ആണെങ്കിൽ പോലും അതു പരിഹരിക്കാൻ കഴിയുമെന്നും സർവീസ് ആരംഭിച്ച് അഞ്ച് വർഷം കഴിഞ്ഞ് തൂണിനോ അടിത്തറയ്ക്കോ തകരാർ ഉണ്ടാവാൻ സാധ്യത കുറവാണെന്നും എൻജിനീയർമാർ അഭിപ്രായപ്പെട്ടു. ട്രാക്കിലെ ചരിവ് തൂണിന്റെ പ്രശ്നം മൂലമാണെങ്കിൽ ആറ് മാസത്തേക്കെങ്കിലും ഈ ഭാഗത്ത് മെട്രോ സർവീസ് നിർത്തിവയ്ക്കേണ്ടി വരും. തകരാറുള്ള ഭാഗം പൂർണ്ണമായി അഴിച്ചുപണിയണം.
വയഡക്ടിനും ട്രാക്കിനും ഇടയിൽ ചെറിയൊരു വിടവ് ശ്രദ്ധയിൽപ്പെട്ടെന്നും, അതു പരിശോധിച്ചു വരികയാണെന്നും കെ.എം.ആർ.എൽ. പ്രതികരിച്ചു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. മുകൾ ഭാഗത്തെ പരിശോധന കഴിഞ്ഞു. താഴ്ഭാഗത്തുകൂടി സമഗ്ര പരിശോധന നടത്തും. പരിശോധന പൂർത്തിയാവും വരെ പത്തടിപ്പാലം ഭാഗത്ത് ട്രെയിനുകൾക്കു വേഗം കുറച്ചിട്ടുണ്ടെന്നും കെ.എം.ആർ.എൽ. വ്യക്തമാക്കി.
click on malayalam character to switch languages