യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണം – യുക്മ
Dec 03, 2021
അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
ലണ്ടൻ :- യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനങ്ങൾ ഭാരത സർക്കാരിനും, കേരള സർക്കാരിനുമാണ് സമർപ്പിച്ചിട്ടുള്ളത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസൂഖ് മാണ്ടവിയ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, യുകെയിലെ ഹൈക്കമ്മീഷണർ എന്നിവർക്കാണ് നിവേദനങ്ങൾ നൽകിയിട്ടുള്ളത്.
ലോകത്തിൽ ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ഏകദേശം തൊണ്ണൂറ് ശതമാനത്തിനടുത്ത് രണ്ട് ഡോസ് വാക്സിനുകൾ കൊടുക്കുകയും, ബൂസ്റ്റർ ഡോസ് വാക്സിൻ അതിവേഗത്തിൽ ജനങ്ങൾക്ക് കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യമാണ് യുകെ.
യുകെയിൽ നിന്നും ഒന്നോ രണ്ടോ ആഴ്ചകളിലേക്കായി വളരെ അത്യാവശ്യ സാഹചര്യങ്ങൾക്ക് (മരണം, ചികിത്സ, മറ്റ് വ്യക്തിപരമായ കാര്യങ്ങൾ) നാട്ടിലെത്തിച്ചേരുന്നവർക്കായി നവംബർ 30 മുതൽ കോവിഡിൻ്റെ ഒമിക്രോൺ വേരിയെൻ്റ് മുൻനിറുത്തിയാണ് രണ്ടാഴ്ചത്തെ ക്വാറൻ്റൈൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു മൂലം അത്യാവശ്യകാര്യങ്ങൾക്കും, വളരെ നാളുകളായി നാട്ടിൽ പോകാൻ സാധിക്കാത്തതിനാൽ കുടുംബമൊന്നിച്ച് ഡിസംബറിൽ ക്രിസ്തുമസ് അവധി പ്രമാണിച്ച് മാതാപിതാക്കൻമാരെയും, ബന്ധുക്കളെയും സന്ദർശിക്കാൻ ടിക്കറ്റെടുത്തവർക്കും വലിയ തിരിച്ചടിയാണ് നിലവിലെ ക്വാറൻ്റൈൻ നിയമങ്ങൾ വഴി ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകൾ.
യാത്ര പുറപ്പെടുന്നതിന് മുൻപും, നാട്ടിലെത്തിയ ശേഷവുമുള്ള കോവിഡ് ടെസ്റ്റുകളിൽ നെഗറ്റീവ് ആയിട്ടുള്ള ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ക്വാറൻ്റെെ നിയമങ്ങൾ ലഘൂകരിക്കുകയും ലളിതമാക്കുകയും ചെയ്യണമെന്നാണ് ബന്ധപ്പെട്ട അധികാരികൾക്ക് യുക്മ നേതൃത്വം സമർപ്പിച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
click on malayalam character to switch languages