പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണം; രജിസ്ട്രേഷൻ പൂർത്തിയാവാൻ രണ്ട് നാൾ കൂടി…. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം……
Nov 19, 2021
അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ ഡിസംബറിൽ രണഭേരി ഉയരുമ്പോൾ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ രണ്ട് നാൾ കൂടി അവശേഷിച്ചിരിക്കേ കലാമേളയിൽ പങ്കെടുക്കുവാൻ മത്സരാർത്ഥികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കുവാൻ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കലാമേളയ്ക്ക് മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 21 ഞായറാഴ്ച രാത്രി 12 മണി വരെയായിരിക്കും. മത്സരാർത്ഥികൾ മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ട അവസാന തീയ്യതി ഡിസംബർ 5 ഞായറാഴ്ച രാത്രി 12 മണി വരെയാണ്.
കോവിഡ് മഹാമാരി പൂർണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്ഫോമിലൂടെയാണ് ഈ വർഷവും കലാമേള സംഘടിപ്പിച്ചിരിക്കുന്നത്.
യശഃശരീരനായ മലയാള സിനിമാ നാടകരംഗത്തെ അതുല്ല്യ പ്രതിഭ നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് (വെർച്വൽ) പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്, നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ” നെടുമുടി വേണു നഗര്‍” എന്ന് നാമകരണം ചെയ്തത്.
മലയാളനാടിന്റെ മഹത്വമുയര്‍ത്തി ശ്രേഷ്ഠ മലയാളത്തിന്റെ തനിമയും നിറവും മണവും ഒട്ടുമേ ചോരാതെ, പ്രവാസി ലോകത്തിലെ പതാകവാഹകരായി ഒരു വ്യാഴവട്ടക്കാലം പിന്നിട്ട യുക്മയുടെ ജൈത്രയാത്രയില്‍ പൊന്‍തൂവലുകളാവുന്ന യുക്മ കലാമേളകള്‍ കലാസ്വാദകര്‍ക്ക് പകര്‍ന്ന് നല്കുന്ന മാധുര്യമേറെയാണ്.
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, വെര്‍ച്വല്‍ പ്ലാറ്റ്ഫോമിന്റെ എല്ലാ സാധ്യതകളും നാം വിജയകരമായി ഉപയോഗപ്പെടുത്തിയ കഴിഞ്ഞ വര്‍ഷത്തെ കലാമേളയെക്കാളും മനോഹരമാകും. നിനച്ചിരിക്കാത്ത നേരം സമയംതെറ്റി എത്തിയ അശനിപാതം കണക്കെ നമ്മുടെ ജീവനെയും ജീവിതങ്ങളെയും കടന്നാക്രമിച്ച കൊറോണ വൈറസിനെ അതിജീവിച്ച് നാം വിജയം കൈവരിച്ച പതിനൊന്നാമത് കലാമേള ഏറെ ശ്രദ്ധേയമായിരുന്നു.
വെര്‍ച്യുല്‍ പ്ലാറ്റ്ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോള്‍, ഓണ്‍ലൈന്‍ കലാമേളയുടേതായ പ്രധാനപ്പെട്ട ചില പ്രത്യേകതകള്‍ ഈ വര്‍ഷത്തെ കലാമേളയ്ക്കും എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ ഈ വര്‍ഷവും ഉണ്ടായിരിക്കില്ല എന്നത് പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം അംഗ അസ്സോസിയേഷനുകളിലെ മത്സരാർത്ഥികൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഉപകരണ സംഗീത മത്സരങ്ങള്‍ ഈ വര്‍ഷവും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന JMP സോഫ്റ്റ്വെയർ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ സെക്രട്ടറിയും യുക്മ സഹയാത്രികനും കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ jmpsoftware.co.uk നഴ്സിംഗ് ഏജൻസികൾക്കായി റോട്ടാ മൊബൈൽ ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഈ വർഷം മത്സരാർത്ഥികൾക്ക് കലാമേളയിൽ പങ്കെടുക്കുവാൻ നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഏതെങ്കിലും മത്സരാർത്ഥികൾക്ക് രജിസ്ട്രേഷനുമായോ മറ്റ് എന്തെങ്കിലും തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ കലാമേളയുടെ ചുമതലയുള്ള നാഷണൽ വൈസ് പ്രസിഡൻറ് ലിറ്റി ജിജോയെ (07828424575), കലാമേളയുടെ രജിസ്ട്രേഷൻ്റെ ചുമത വഹിക്കുന്ന ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ (07946565837) എന്നിവരെയോ ദേശീയ ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്
പന്ത്രണ്ടാമത് യുക്മ ദേശീയകലാമേളയിൽ മത്സരാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
click on malayalam character to switch languages