സ്റ്റീഫൻ അലക്സ് ഇലവുങ്കൽ
ലണ്ടൻ: ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്ട്രേലിയ സെമിയിൽ. 64 റൺസിനാണ് ഓസീസിന്റെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 286 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 44.4 ഓവറിൽ 221 റൺസിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ആരോൺ ഫിഞ്ചാണ് മാൻ ഓഫ് ദി മാച്ച്.തോൽവിയോടെ അടുത്ത രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിന് നിർണായകമായി.
115 പന്തിൽ 89 റൺസ് നേടിയ ബെൻ സ്റ്റോക്കാണ് ഇംഗ്ലണ്ട് നിരയിൽ ടോപ് സ്കോറർ. സ്റ്റോക്സിനൊഴികെ മറ്റാർക്കും ഇംഗ്ലീഷ് നിരയിൽ തിളങ്ങാനായില്ല. ജോണി ബെയർസ്റ്റോ 27 റൺസും ജോ റൂട്ട് 25 റൺസും ക്രിസ് വോക്സ് 26 റൺസും ആദിൽ റഷീദ് 25 റൺസും എടുത്ത് പുറത്തായി.
ഓസീസ് ഉയർത്തിയ 286 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. രണ്ടാം പന്തിൽ ഓപ്പണർ ജയിംസ് വിൻസിനെ ബെഹ്റൻഡോർഫ് ക്ലീൻ ബൗൾഡാക്കി. ടീം സ്കോർ 15ൽ നിൽക്കെ ജോ റൂട്ടും പുറത്തായി. റൂട്ടിനെ മിച്ചൽ സ്റ്റാർക്ക് എൽബിയിൽ കുടുക്കുകയായിരുന്നു. നാല് റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ ഓയിൻ മോർഗനെ സ്റ്റാർക്ക് പാറ്റ് കമ്മിൻസിന്റെ കൈകളിലെത്തിച്ചു.
മൂന്നിന് 26 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ നാലാം വിക്കറ്റിൽ ബെൻസ്റ്റോക്സും ബെയർസ്റ്റോയും ചേർന്ന് മുന്നോട്ട നയിച്ചെങ്കിലും ആ കൂട്ടുകെട്ടിനും അധികം ആയുസുണ്ടായിരുന്നില്ല. 39 പന്തിൽ 27 റൺസ് എടുത്ത ബെയർസ്റ്റോയെ ബഹെറെൻഡോർഫ് പുറത്താക്കി. 27 പന്തിൽ 25 റൺസ് എടുത്ത ജോസ് ബട്ടലറെ സ്റ്റൊയിനിസ് പുറത്താക്കി.
34 പന്തിൽ 26 റൺസ് നേടിയ ക്രിസ് വോക്സിനെ ഒരു തകർപ്പൻ ക്യാച്ചിലൂടെ ആരോൺ ഫിഞ്ച് കൈയ്യിൽ ഒതുക്കി. ആറ് റൺസ് എടുത്ത മോയിൻ അലിയെ ബഹെറെൻഡോർഫ് അലക്സ് കാരിയുടെ കൈകളിൽ എത്തിച്ചു. 25 റൺസ് എടുത്ത് ആദിൽ റഷീദും ഒരു റൺ എടുത്ത് ജോഫ്ര ആർച്ചറും പുറത്തായി. ഏഴ് ക്യാച്ചുകളാണ് ഓസീസ് ഫീൽഡർമാർ കൈപ്പിടിയിലൊതുക്കിയത്.
ഓസീസിനായി 10 ഓവറിൽ 44 റൺസ് വഴങ്ങി ബെഹ്റൻഡോർഫ് അഞ്ച് വിക്കറ്റ് എടുത്തു. 8.4 ഓവറിൽ 43 റൺസ് വഴങ്ങി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് നേടി. സ്റ്റൊയിനിസ് ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിങ്സിന്ഡ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും അർധസെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് വാർണറുടെയും പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എടുത്തു. ഓപ്പണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ച് -ഡേവിഡ് വാർണർ സഖ്യം മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 123 റൺസ് കൂട്ടിച്ചേർത്തു. ഇത് മൂന്നാം തവണയാണ് ഈ ലോകകപ്പിൽ ഫിഞ്ച് -വാർണർ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത്. 61 പന്തിൽ ആറു ബൗണ്ടറി സഹിതം 53 റൺസെടുത്ത വാർണറെ പുറത്താക്കി മോയിൻ അലി ആ കൂട്ടുകെട്ട് പൊളിച്ചു. ജോ റൂട്ടിന് ക്യാച്ച് സമ്മാനിച്ചാണ് വാർണറിന്റെ മടക്കം.
115 പന്തിൽ 11 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഫിഞ്ച് സെഞ്ചുറി തികച്ചത്. ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടടുത്ത പന്തിൽ ക്രിസ് വോക്സിനു ക്യാച്ച് സമ്മാനിച്ച് ഫിഞ്ചും പുറത്തായി. ജോഫ്ര ആർച്ചർക്കാണ് വിക്കറ്റ്. 29 പന്തിൽ ഒരു ബൗണ്ടറി സഹിതം 23 റൺസെടുത്ത ഖവാജയെ ബെൻ സ്റ്റോക്സ് ക്ലീൻ ബോൾ ചെയ്തു പുറത്താക്കി.
മുൻ നിര നൽകിയ തുടക്കം മധ്യനിരക്കും വാലറ്റത്തിനും മുതലാക്കാനാകാതെ പോയതോടെ ഓസീസ് സ്കോർ 285 ൽ ഒതുങ്ങി. സ്റ്റീവ് സ്മിത്ത് 38 റൺസും ഗ്ലെൻ മാക്സ് വെൽ 12 റൺസും മാർകസ് സ്റ്റോളിൻസ് 8 റൺസും പാറ്റ് കമിൻസ് ഒരു റണ്ണും എടുത്ത് പുറത്തായി. അലക്സ് കാരി, മിച്ചൽ സ്റ്റാർക് എന്നിവർ പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനായി 10 ഓവറിൽ 46 റൺസ് വഴങ്ങി ക്രിസ് വോക്സ് രണ്ട് വിക്കറ്റ് എടുത്തു. ജോഫ്ര ആർച്ചർ, മാർക് വുഡ്, ബെൻ സ്റ്റോക്, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. അത്രതന്നെ കളിയിൽ നിന്ന് എട്ട് പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്തായി.
click on malayalam character to switch languages