1 GBP = 104.15
breaking news

അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ: ബല്‍റാമും സുധീരനും ഇരുന്ന വേദിയില്‍ ഹസന്റെ വിമര്‍ശനം

അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ: ബല്‍റാമും സുധീരനും ഇരുന്ന വേദിയില്‍ ഹസന്റെ വിമര്‍ശനം

തൃശൂര്‍: അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. യുവനേതാക്കള്‍ അച്ചടക്കം പഠിക്കണമെന്നും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും എല്ലാം വേണ്ടത് അച്ചടക്കമാണെന്നും ഹസന്‍ അഭിപ്രായപ്പെട്ടു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെപി വിശ്വനാഥനെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിടി ബല്‍റാം, വിഎം സുധീരന്‍ എന്നിവരെ വേദിയിലിരുത്തി ഹസന്റെ പ്രസംഗം.

അതേസമയം, നേതൃത്വത്തോട് കലഹിക്കുന്ന സംഭവങ്ങള്‍ പണ്ടും ഉണ്ടായിട്ടുണ്ടെന്ന് വിഎം സുധീരന്‍ തിരിച്ചടിച്ചു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടായിരുന്നു ഈ നേതാക്കള്‍ ഒരുമിച്ച് വേദിയിലെത്തിയത്.

കെപി വിശ്വാനാഥന്റെ രാജി സ്വീകരിച്ചത് ഒരു മനസാക്ഷിക്കുത്തായി മാറിയെന്നും അതിനാല്‍ മറ്റുള്ളവരുടെ രാജി സ്വീകരിക്കുന്നതിന് മുന്‍പ് പത്തുവട്ടം ആലോചിക്കാറുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചില നിലപാടുകളുടെ പേരില്‍ താന്‍ മന്ത്രിസ്ഥാനം രാജിവച്ചതാണ് കെപി വിശ്വനാഥന് മന്ത്രിസ്ഥാനം ലഭിക്കാന്‍ കാരണമെന്ന് വിഎം സുധീരന്‍ പറഞ്ഞു. സിഎന്‍ ബാലകൃഷ്ണന്‍, വയലാര്‍ രവി, ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും വേദിയില്‍ ഉണ്ടായിരുന്നു.

ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് പിജെ കുര്യന് നല്‍കരുതെന്നും യുവാക്കള്‍ക്ക് നല്‍കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാം ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ ആദ്യം രംഗത്ത് എത്തിയത്. പിന്നീട് സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതോടെ വിഎം സുധീരന്‍ അടക്കമുള്ള രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സീറ്റ് വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു സുധീരന്‍ ഉയര്‍ത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more