സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണില്‍ ട്രാം പാളം തെറ്റിയതിനെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. സംഭവത്തില്‍ ട്രാമിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. ട്രാം തലകീഴായി മറിഞ്ഞതോടെ നിരവധി പേര്‍ ട്രാമിനകത്ത് കുടുങ്ങിപ്പോയിരുന്നു. മരിച്ചവരില്‍ ഒരാള്‍ ന്യൂ ആഡിംഗ്ടണില്‍ നിന്നുള്ള ഡെയ്ന്‍ ചിന്നരി എന്ന 19കാരനാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പരുക്കേറ്റവരില്‍ എട്ടുപേരുടെ നില അതീവഗുരുതരമാണ്. സംഭവത്തില്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. അനുവദനീയമായതിലും കൂടിയ വേഗതയിലായിരുന്നു ട്രാം സഞ്ചരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. 42 കാരനായ ഡ്രൈവര്‍ ബെക്കന്‍ഹാമില്‍ നിന്നുള്ളയാളാണ്. ഇയാളെ കൊലപാതകകുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അമിതവേഗതയിലെത്തിയ ട്രാം വളവില്‍ വച്ച് പാളത്തില്‍ നിന്ന് തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. അപകടത്തെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗാരിലിംഗ് അറിയിച്ചു. 1959 ന് ശേഷം ഇതാദ്യമായിട്ടാണ് ഒരു ട്രാം അപകടത്തില്‍പ്പെട്ട് മരണമുണ്ടാകുന്നതെന്ന് കരുതുന്നു. 1959 ല്‍ ഗ്ലാസ്സ്‌ഗോയിലെ ഷെട്ടില്‍സ്‌റ്റോണ്‍ റോഡില്‍ വച്ച് ലോറിയിടിച്ചതിനെ തുടര്‍ന്ന് ട്രാമിന് തീപിടിച്ച്‌ഡ്രൈവറും രണ്ട് സ്ത്രീകളും വെന്ത് മരിച്ചിരുന്നു.
അപകടത്തെ തുടര്‍ന്ന് റീസ് കോര്‍ണര്‍- അഡിംഗ്ടണ്‍ വില്ലേജിലേക്കുള്ള ട്രാം സര്‍വ്വീസെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ലണ്ടന്‍ ട്രാം ലിങ്ക് അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും അറിയിച്ചു.
click on malayalam character to switch languages