ബെർമിംങ്ഹാം:- പുതിയതായി ചുമതലയേറ്റ യുക്മ പ്രസിഡന്റ് ശ്രീ. മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ ഭാരവാഹികളുടെയും നിർവ്വാഹക സമിതിയംഗങ്ങളുടെയും സംയുക്ത യോഗം ഇന്നലെ ബെർമിംങ്ഹാമിൽ കൂടി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
രാവിലെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിച്ചു. തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പരിപാടികൾ കൂടുതൽ മികച്ച രീതിയിൽ നടത്തുവാനും, പുതിയ പരിപാടികൾ ഏറ്റെടുത്ത് യുക്മയെ കൂടുതൽ ജനകീയമാക്കുവാനുള്ള പരിപാടികൾ സംഘടിപ്പിക്കുവാനും, വനിതകൾക്കും യുവജനങ്ങൾക്കും വേണ്ടി പ്രത്യേകം പരിപാടികൾ നടപ്പിൽ വരുത്തുവാനും പരിശ്രമിക്കുമെന്നും പറഞ്ഞു. യുകെയിലെ മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ എല്ലാ പ്രവർത്തനങ്ങൾക്കും
ഉണ്ടാകണമെന്ന് മനോജ് അഭ്യർത്ഥിച്ചു. യുക്മയിൽ ഇടക്കാലത്ത് സജീവമല്ലാതിരിക്കുന്ന ആളുകളെയും സംഘടനകളെയും മുഖ്യധാരയിൽ എത്തിക്കുമെന്നും മനോജ് പറഞ്ഞു.

അടുത്ത രണ്ട് വർഷക്കാലത്തെ പ്രവർത്തനത്തിനായി നാഷണൽ ഭാരവാഹികൾക്ക് ചുമതലകൾ നൽകി.
1. യുക്മ കലാമേള, സാംസ്കാരി വേദി – അലക്സ് വർഗ്ഗീസ്
2. ഫിനാൻസ് കൺട്രോളിംഗ്, യു ഗ്രാന്റ് – അനീഷ് ജോൺ, ടിറ്റോ തോമസ്
3. യുക്മ ഫെസ്റ്റ് – അനീഷ് ജോൺ
4. ടൂറിസം, കേരളപൂരം & വള്ളംകളി – എബി സെബാസ്റ്റ്യൻ
5. യുക്മ വിമൻ & യൂത്ത് – ലിറ്റി ജിജോ, സെലീനാ സജീവ്.
6. യുക്മ നഴ്സസ് ഫോറം – സാജൻ സത്യൻ
7. യുക്മ സ്പോർട്സ് & ഗെയിംസ് – ടിറ്റോ തോമസ്.
8. പബ്ലിക് റിലേഷൻ ഓഫീസർ & മീഡിയ കോഡിനേറ്റർ – സജീഷ് ടോം.
9. യുക്മ ന്യൂസ് ചീഫ് എഡിറ്റർ – സുജു ജോസഫ്.
പുതിയതായി രൂപീകരിച്ച ഉപദേശക സമിതിയിലേക്ക് വർഗീസ് ജോൺ, മാമ്മൻ ഫിലിപ്പ്, വിജി.കെ.പി, ഫ്രാൻസീസ് മാത്യു, സിബി തോമസ്, സജീഷ് ടോം, തമ്പി ജോസ്, ബീനാ സെൻസ് എന്നിവരെ നിയമിക്കാൻ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള വച്ച നിർദ്ദേശത്തിന് യോഗം അംഗീകാരം നൽകി.
യുക്മയുടെ നാഷണൽ റീജിയണൽ ഭാരവാഹികളെയും പോഷക സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ചു കൊണ്ട് നേതൃത്വ പരിശീലന ക്യാമ്പ് മെയ് മാസത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
യോഗത്തിൽ ദേശീയ ഭാരവാഹികളായ മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ്, അനീഷ് ജോൺ, എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, സാജൻ സത്യൻ, സെലീനാ സജീവ്, ടിറ്റോ തോമസ്, മുൻ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ജാക്സൺ തോമസ്, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡന്റ് ബെന്നി പോൾ, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡന്റ് അശ്വിൻ മാണി, ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ബാബു മാങ്കുഴിയിൽ, നാഷണൽ കമ്മിറ്റിയംഗങ്ങളായ സന്തോഷ് തോമസ്, ലാലു ആൻറണി, വർഗ്ഗീസ് ചെറിയാൻ തുടങ്ങിയവർ പ്രഥമ നാഷണൽ കമ്മിറ്റി യോഗത്തിൽ സംബന്ധിച്ചു.
click on malayalam character to switch languages