1 GBP = 104.32

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ത്രിദിന വൈദീക സമ്മേളനം സമാപിച്ചു…

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ത്രിദിന വൈദീക സമ്മേളനം സമാപിച്ചു…
സ്റ്റഫോര്‍ഡ് ; ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വരും വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആലോചിക്കുന്നതിനും നയ പരിപാടികള്‍ രൂപീകരിക്കുന്നതിനുമായി സ്റ്റഫോര്‍ഡിലെ സ്‌റ്റോണ്‍ ഹൗസില്‍ നടന്നുവരികയായിരുന്ന രൂപതാ വൈദീക സമ്മേളനം സമാപിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.
പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എഴുതിയ സുവിശേഷത്തിന്റെ സന്തോഷം എന്ന അപ്പസ്‌തോലിക ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് അനുയോജ്യമായ അജപാലന തത്വങ്ങള്‍ മാര്‍ ജോസഫ് പാംബ്ലാനിയുടെ നേതൃത്വത്തില്‍ വൈദീക സമ്മേളനം ചര്‍ച്ച ചെയ്തു. രൂപതാ പ്രോട്ടോ സിഞ്ചലസ് റവ ഫാ തോമസ് പാറയടിയില്‍ , വികാരി ജനറാള്‍മാരായ റവ ഫാ സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ ഡോ മാത്യു ചുരപൊയ്കയില്‍, ചാന്‍സിലര്‍ റവ ഡോ മാത്യു പിണക്കാട്ട്, സെക്രട്ടറി റവ ഫാ ഫന്‍സുവാ പത്തില്‍ തുടങ്ങിയവരും രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീകരും സമ്മേളനത്തില്‍ പങ്കുചേര്‍ന്നു.
തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ചൊവ്വാഴ്ച മാര്‍ ജോസഫ് പാംബ്ലാനിയും വി കുര്‍ബാനയ്ക്ക് കാര്‍മികത്വം നല്‍കുകയും വചന സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോള്‍ 173 വി കുര്‍ബാന കേന്ദ്രങ്ങളിലായി നടന്നുവരുന്ന ശുശ്രൂഷകള്‍ ഈ വരുന്ന ഡിസംബര്‍ മാസത്തോടു കൂടി ‘ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ മിഷന്‍’ കേന്ദ്രങ്ങളായി ഉയര്‍ത്തപ്പെടുന്ന കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സാധ്യതകളും സമ്മേളനം വിലയിരുത്തി. അടുത്തുള്ള വി കുര്‍ബ്ബാന കേന്ദ്രങ്ങള്‍ ഒന്നിപ്പിച്ചും നൂറിലധികം കുടുംബങ്ങള്‍ ഒന്നിച്ചുവരാന്‍ സാധ്യതയുള്ള അജപാലന സാഹചര്യങ്ങളാണ് മിഷന്‍ കേന്ദ്രങ്ങളായി ഉയര്‍ത്തപ്പെടുന്നത്. മിഷന്‍ കേന്ദ്രങ്ങള്‍ സാധ്യമാകുന്നതോട് കൂടി എല്ലാ ആഴ്ചയിലും വിശ്വാസികള്‍ക്ക് വി. കുര്‍ബാനയ്ക്ക് അവസരമുണ്ടായിരിക്കും. 60 സീറോ മലബാര്‍ മിഷന്‍ കേന്ദ്രങ്ങളും 15 സീറോ മലബാര്‍ ക്‌നാനായ മിഷന്‍ കേന്ദ്രങ്ങളും ഉള്‍പ്പെടെ 75 മിഷന്‍ കേന്ദ്രങ്ങളായിരിക്കും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ലഭിക്കുന്നത്.
സമാപന ദിവസം രൂപതാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പൊതു കാര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. അഭിഷേകാഗ്നി രണ്ടാം ബൈബിള്‍ കണ്‍വെന്‍ഷന്‍, ബൈബിള്‍ കലോത്സവം, വലിയ നോമ്പില്‍ രൂപതയിലൊന്നാകെ നടക്കുന്ന ധ്യാനപരിപാടികളായ ഗ്രാന്‍ഡ് മിഷന്‍, വൈദീകരുടെ വാര്‍ഷിക ധ്യാനം, കൈക്കാരന്മാര്‍, കമ്മറ്റിയംഗങ്ങള്‍, വിമെന്‍സ് ഫോറം തുടങ്ങിയവരുടെ സമ്മേളനങ്ങള്‍ കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം, യൂത്ത് അനിമേറ്റഡ് ട്രെയ്‌നിങ്, യുവജന വര്‍ഷത്തിന്റെ ആരംഭം തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു.
റവ ഫാ സെബാസ്റ്റ്യന്‍ തുരുത്തിപള്ളി നന്ദി പ്രകാശിപ്പിച്ചു. രൂപതയുടെ വരും കാല പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ ഈ സമ്മേളനം രൂപതയുടെ വളര്‍ച്ചയുടെ പ്രധാന ചവിട്ടുപടികളിലൊന്നാണെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഇംഗ്ലണ്ട്, സ്‌കോട്‌ലാന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്നായി മുപ്പത്തിയഞ്ചിലേറെ വൈദീകര്‍ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more