അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: എപ്പാർക്കി ഓഫ് ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാനും സുവിശേഷവൽക്കരണവും, അജപാലന ശുശ്രുഷയും ശക്തമായി ഏകോപിച്ച് മുന്നേറുന്ന ശ്രേഷ്‌ഠ പിതാവുമായ മാർ ജോസഫ് സ്രാമ്പിക്കലിന് സ്റ്റീവനേജിൽ ഉജ്ജ്വല വരവേൽപ്പേകി. ഉച്ചയോടെ സ്റ്റീവനേജ് സെന്റ് ജോസഫ്സ് പാരീഷിൽ എത്തിച്ചേർന്ന അഭിവന്ദ്യ ജോസഫ് പിതാവിനെ സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയിലെ തൂവെള്ള വസ്ത്രാലങ്കിതരായി എത്തിയ മതബോധന വിദ്യാർത്ഥികളായ കൊച്ചു മാലാഖമാർ പേപ്പൽ പതാകകളും തിരുന്നാൾ ഫ്‌ളാഗുകളുമായി അണി നിരന്നതിന്റെ പിന്നാലെയായി പാരീഷംഗങ്ങൾ വീഥിയുടെ ഇരുവശവും നിരന്നു നിന്നും സ്നേഹത്തോടെയും സന്തോഷത്തോടെയും ആർപ്പുവിളികളോടെയും ആണ് തങ്ങളുടെ പ്രിയ ഇടയന് ആവേശോജ്വലമായ സ്വീകരണമാണൊരുക്കിയത്.
ട്രസ്റ്റി അപ്പച്ചൻ കണ്ണഞ്ചിറ കമ്മ്യുണിറ്റിക്കുവേണ്ടി ബൊക്കെ നൽകികൊണ്ടു പിതാവിനെ സ്വീകരിച്ചു.വെസ്റ്റ്മിനിസ്റ്റർ ചാപ്ലൈനും പാരീഷ് പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല നേതൃത്വം നൽകി. ഫാ.സോണി കടന്തോട്, സ്റ്റീവനേജ് പാരീഷുകളുടെ വികാരി ഫാ.മൈക്കിൾ, സെന്റ് ജോസഫ്സ് പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാൻ എന്നിവരും പിതാവിനെ സ്വീകരിക്കുവാനെത്തിയിരുന്നു. സ്വീകരണത്തിന് ശേഷം സ്രാമ്പിക്കൽ പിതാവ് തിരുന്നാളിന് ആമുഖമായി കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുകയായി.
ദേവാലയത്തിൽ വെച്ച് സെബാസ്റ്റ്യൻ അച്ചൻ പിതാവിനു സ്വാഗതമരുളി.ഫാ.മൈക്കിൾ സ്റ്റീവനേജ് കത്തോലിക്കാ സമൂഹത്തിനു വേണ്ടിയും, ഫാ. ബ്രയാൻ സെന്റ് ജോസഫ്സ് പാരീഷിന് വേണ്ടിയും പിതാവിനെ സ്വാഗതം നേരുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.തുടർന്ന് വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ ആശീർവ്വദിച്ച പിതാവ് പ്രുദേന്തിമാരായ മുഴുവൻ കമ്മ്യുണിറ്റിയെയും വാഴിച്ച ശേഷം ആഘോഷമായ തിരുന്നാൾ കുർബ്ബാനക്കു നേതൃത്വം നൽകി.വൈദികനായ സെബാസ്റ്റ്യൻ ചാമക്കാല,ഫാന്സുവാ പത്തിൽ, സോണി കടന്തോട് എന്നിവർ സഹകാർമ്മീകരായിരുന്നു.
പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള വാർഷീക തിരുന്നാളിന് ഇത്തവണ മുഖ്യ കാർമ്മികനായും, സന്ദേശം നൽകിയും സ്രാമ്പിക്കൽ പിതാവ് തിരുന്നാളിനെ തന്റെ ആല്മീയ ചൈതന്യത്താൽ ഭക്തിസാന്ദ്രമാക്കുകയായിരുന്നു.
ആഘോഷമായ തിരുന്നാൾ കുർബ്ബാന മദ്ധ്യേ സന്ദേശം നൽകിയ പിതാവ് “പാപങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതല്ല ദൈവത്തോട് ചേർന്നിരിക്കുന്നതാണ് മാനസാന്തരം” എന്ന് വിശ്വാസി സമൂഹത്തെ ഓർമ്മിപ്പിച്ചു.”വിശ്വാസികളായ സഭാ മക്കൾ തങ്ങൾ ക്രിസ്തുവിനു സാക്ഷികളായി തങ്ങളുടെ ജീവിതങ്ങളെ നയിക്കണം. തന്റെ പ്രിയപ്പെട്ടവർക്ക് ദൈവം നൽകുന്ന ഏറ്റവും വലിയ ദാനം ആണ് മക്കളെന്നും അവരെ ദൈവത്തിനിഷ്‌ടപ്പെടുന്ന രൂപത്തിൽ വളർത്തുകയും നയിക്കുകയും ചെയ്യുന്നത് ദൈവത്തോടുള്ള നമ്മുടെ കടമയാണെന്നും” പിതാവ് തന്റെ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.
ബൈബിളിലെ ദേവാലയ ശുദ്ധീകരണം എന്ന സംഭവുമായി ബന്ധപ്പെട്ടു നടത്തിയ തന്റെ സന്ദേശത്തിൽ “ഏവരും ദൈവം കുടിയിരിക്കുന്ന സദാ യോഗ്യമായ ദേവാലയങ്ങളായിരിക്കുവാൻ ജാഗരൂകയായിരിക്കണം ” എന്നും സ്രാമ്പിക്കൽ പിതാവ് തന്റെ മക്കൾക്ക് നിർദ്ദേശം നൽകി.
ബോബൻ സെബാസ്റ്റ്യൻ,ജോർജ്ജ് മണിയാങ്കേരി, ജീനാ അനി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട തിരുന്നാൾ ഗാന ശുശ്രുഷ സ്വർഗ്ഗീയ അനുഭവവും ആല്മീയ തീക്ഷ്ണതയും പകരുന്നവയും ഏറെ ശ്രദ്ധേയവുമായി.
വിശുദ്ധ കുർബ്ബാനയുടെ സമാപനത്തിൽ പരിശുദ്ധ അമ്മയുടെയും ഭാരത സഭയുടെ വിശുദ്ധരുടെയും രൂപങ്ങളും ഏന്തി ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണം വിശ്വാസ പ്രഘോഷണത്തിനും, മദ്ധ്യസ്ഥരുടെമേലുള്ള തങ്ങളുടെ ആദരവും വിശ്വാസവും സ്നേഹവും പ്രകടിപ്പിക്കലുമായി. സ്വർണ്ണ കുരിശും,വർണ്ണാഭമായ മുത്തുക്കുടകളും, പേപ്പൽ-തിരുന്നാൾ കൊടികളും തിരുസ്വരുപങ്ങളും ഏന്തി കുരിശുംതൊട്ടി ചുറ്റി നടന്ന തിരുന്നാൾ പ്രദക്ഷിണം ഏറെ വർണ്ണാഭവും ഭക്ത്യാദരവുമായി.
തിരുക്കർമ്മങ്ങളുടെ സമാപനത്തിൽ വൈദികർ തങ്ങളുടെ മെത്രാന് അജപാലന ശുശ്രുഷാ വിധേയത്വത്തിന്റെ മുദ്രയായി കത്തുന്ന മെഴുതിരി ഉപഹാരം നൽകിക്കൊണ്ട് സെബാസ്ററ്യൻ അച്ചൻ പിതാവിനോടുള്ള നന്ദി പ്രകാശിപ്പിച്ചു
ലദീഞ്ഞും സമാപന ആശീർവ്വാദത്തിനു ശേഷം രൂപം മുത്തിയും നേർച്ച സ്വീകരിച്ചും പിതാവിന്റെ മോതിരം മുത്തിയും തിരുന്നാളിലൂടെ അവാച്യമായ ആല്മീയ സായൂജ്യം നേടിയാണ് സഭാ മക്കൾ പിരിഞ്ഞത്.
അപ്പച്ചൻ കണ്ണഞ്ചിറ, ജിമ്മി ജോർജ്ജ്, സിജോ ജോസ്, റോയീസ് ജോർജ്ജ്, ജോയി ഇരുമ്പൻ, സൂസൻ ജോഷി,ആനി ജോണി എന്നിവർ നേതൃത്വം നൽകി. സ്നേഹ വിരുന്നും ഉണ്ടായിരുന്നു.
click on malayalam character to switch languages