1 GBP = 107.09
breaking news

നാഷണൽ കലാമേളയ്ക്ക് കേളികൊട്ടുയരുമ്പോൾ സ്ളാവിലേക്ക് സ്വാഗതം…

നാഷണൽ കലാമേളയ്ക്ക് കേളികൊട്ടുയരുമ്പോൾ സ്ളാവിലേക്ക് സ്വാഗതം…

എം. ഡൊമിനിക്ക്
സൗത്ത് ഈസ്റ്റ് റീജിയനിൽ വശ്യസുന്ദരമായ തോമ്സവാലിയുടെ തിലകക്കുറിയായ slough – ൽ ബ്രിട്ടനിലെ മലയാളികളുടെ ഏറ്റവും വലിയ കലാ അർച്ചനയ്ക്ക് തിരി തെളിയുകയാണ്. ഒക്ടോബർ 28ന് ശനിയാഴ്ച പ്രഭാതം മുതൽ പ്രദോഷം വരെയുള്ള യുക്മയുടെ നാഷണൽ കലാമേളയുടെ മിന്നുന്ന പ്രകടനങ്ങൾക്കായി “കലാഭവൻമണി നഗർ” ഒരുങ്ങിക്കഴിഞ്ഞു.
കലാഭവൻ മണി; കേരളക്കരയുടെ അഭിമാനമായ കലാഭവൻ എന്ന കലോദ്യാനത്തിൽ യശശരീരനായ ആബേലച്ചൻ നട്ടു നനച്ച പനിനീർ പുഷ്പം. എളിയ ചുറ്റുപാടുകളിൽ നിന്നും കഠിനാദ്ധ്വാനത്തിലൂടെ അഭിനയത്തിന്റെ ഉയരങ്ങളിലെത്തി, അകാലത്തിൽ നമ്മുടെ വിട്ടുപിരിഞ്ഞ മനുഷ്യസ്നേഹി. അദ്ദേഹത്തിന്റെ സ്മരണയിൽ Slough -ലെ നാഷണൽ കലാമേളയ്ക്ക് “കലാഭവൻ മണി നഗർ” എന്ന നാമം എന്ത് കൊണ്ടും അന്വർത്ഥമായി.
ഗ്രേറ്റ് ബ്രിട്ടന്റെ എല്ലാ ദേശങ്ങളിൽ നിന്നുമുള്ള മലയാളി അസോസിയേഷനുകളെയും അവരുടെ കലാകാരന്മാരെയും കലാകാരികളെയും മേളയിലേക്ക് വരവേൽക്കുവാൻ ആതിഥേയരായ Association of Slough Malayalees (ASM) അരയും തലയും മുറുക്കിക്കഴിഞ്ഞു. പത്താം നൂറ്റാണ്ടിന്റെ ആദ്യ പാദം മുതൽ ബ്രിട്ടന്റെ ഭൂപടത്തിൽ പ്രത്യേക സ്ഥാനമുള്ളതും ഉദ്ദേശം 40 ശതമാനത്തോളം ഏഷ്യൻ വംശജർ വസിക്കുന്നതുമായ മനോഹര ദേശമാണ് Slough. ഹീത്രോ എയർപോർട്ടിന്റെ അടുത്ത സാന്നിദ്ധ്യവും സെൻട്രൽ ലണ്ടന്റെയും ചരിത്രപ്രസിദ്ധമായ വിൻസൻ കാസിലിന്റെയും സാമീപ്യവും Slough – ന്റെ ചരിത്രപരമായ പ്രാധാന്യം വർദ്ധിപ്പിക്കുന്നു
കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ഉദ്ദേശം 200 ൽ അധികം മലയാളി കുടുംബങ്ങൾ Slough – ലും പരിസരത്തുമായി താമസിക്കുന്നു. യുകെയിലെ എന്നല്ല യൂറോപ്പിലെ ഏറ്റവും വലിയ ട്രേഡിങ് എസ്റ്റേറ്റും Slough – ന് സ്വന്തം. മലയാളി കുടുംബങ്ങൾക്ക് ഏറ്റവും പരിചിതവും കുട്ടികളെ “ടോളറും സ്ട്രോങ്ങറും” ആക്കുമെന്നവകാശപ്പെടുന്ന ഹോർലിക്‌സ് ഫാക്ടറി ഇവിടെയാണ്. ചോക്ലേറ്റ് വ്യവസായത്തിൽ സ്വന്തം നില ഉറപ്പിച്ച Mars ഉത്പന്നങ്ങളുടെ ഫാക്റ്ററിയും ഇവിടെ തന്നെ.
വിദ്യാഭ്യാസമേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതും ഭാവിയുടെ മികച്ച വാഗ്‌ദാനങ്ങളെ വാർത്തെടുക്കുന്നതുമായ മൂന്ന് ഗ്രാമർ സ്‌കൂളുകൾ ഉള്ള യുകെയിലെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് Slough . 2019 ൽ പൂർത്തിയാകുന്ന ക്രോസ് റെയിൽ പദ്ധതി Slough – ന്റെ പ്രാധാന്യം വീണ്ടും വർദ്ധിപ്പിക്കുന്നു.
ഇങ്ങനെ നാനാതുറകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന Slough – ൽ ജീവിക്കുന്നതിൽ ഞങ്ങൾ Slough മലയാളികൾ അഭിമാനം കൊള്ളുന്നു. യുകെയുടെ എല്ലാ നാടുകളിൽ നിന്നും ഒഴുകിയെത്തുന്ന മലയാളി ജനസഹസ്രങ്ങളെ ഞങ്ങൾ ഈ നാഷണൽ കലാമേളയിലേക്ക് വിനയപൂർവ്വം സ്വാഗതം ചെയ്യുകയാണ്.
Slough – ലെ കലാഭവൻ മണി നഗറിൽ കലയുടെ ചിലമ്പൊലികൾ ഉയരുമ്പോൾ, മികവിന്റെ പുതിയ റെക്കോർഡുകൾ രചിക്കപ്പെടുമ്പോൾ പുതിയ കലാതിലകങ്ങൾ ഉദയം ചെയ്യട്ടെ. അവ നാളത്തെ ബ്രിട്ടന്റെ നഭോ മണ്ഡലത്തിൽ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളാകട്ടെ. അവ തെളിക്കുന്ന നീലവെളിച്ചം മലയാളത്തിന്റെ അഭിമാനമാകട്ടെ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more