കാരൂര്‍ സോമന്‍
നിത്യവും മധുരഗീതം പൊഴിച്ചുകൊണ്ട് സ്വച്ഛന്ദം ഒഴുകിക്കൊണ്ടിരിക്കുന്ന നദികള്‍ ലോകത്തെമ്പാടുമുണ്ട്. എല്ലാ സാംസ്‌കാരികത്തനിമയുടെയും അടിവേരുകള്‍ ചെന്നെത്തുന്നത് നദീതടങ്ങളിലാണ്. ഭാരതത്തിനും ഒരു സിന്ധുനദീതട സംസ്‌കാരമുണ്ട്. അതിനാലാണ് ലോകത്തെ പല പ്രമുഖ നഗരങ്ങളും ഒരു ചരിത്രാവശിഷ്ടം പോലെ നദികളുടെ തീരത്ത് സ്ഥിതിചെയ്യുന്നത്. ചിലപ്പോള്‍ പുഴകള്‍ക്ക് മനുഷ്യന്റെ സ്വഭാവമാണ്. ഒരു നാണംകുണുങ്ങി പെണ്ണായി ലജ്ജിച്ച് തലതാഴ്ത്തിക്കൊണ്ടൊഴുകും. ചുവന്നു കലങ്ങിയ കണ്ണുകളുമായി പുഴയെ ഇളക്കി മറിക്കും.
രൗദ്രഭാവങ്ങളണിഞ്ഞ് കുളിക്കുന്നവനെ മുക്കിക്കൊല്ലും. ക്ഷണനേരംകൊണ്ട് ശാന്തമായി മാറോടണച്ചു സ്‌നേഹചുംബനങ്ങളാല്‍ തലോടും. നമ്മുടെ വലിയ നദിയായ പെരിയാര്‍ പ്രകൃതിയെ പുണര്‍ന്ന് പ്രണയപരവശയായി ഒഴുകുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. മലയാളിക്ക് അഭിമാനിക്കാന്‍ പശ്ചിമഘട്ടത്തില്‍നിന്ന് ഒഴുകിയെത്തുന്ന നാല്‍പ്പത്തിനാല് നദികള്‍ നമുക്കുണ്ട്. അതില്‍ പലതും മനുഷ്യന്റെ തൊണ്ട വരണ്ടുണങ്ങിയതുപോലെ രോഗികളാകുന്നു. ഇന്ത്യയിലെ പാവങ്ങളെപ്പോലെ നമ്മുടെ നദികള്‍ മാറത്തടിച്ച് നിലവിളിച്ചൊഴുകുന്നതെന്താണ്?
പര്‍വ്വതശിഖരങ്ങളില്‍നിന്ന് പൊട്ടിച്ചിതറി പെരിയാറിലെത്തുന്ന തെളിനീരിനെക്കുറിച്ച് എത്രയെത്ര കാവ്യങ്ങള്‍, ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ നദിയായ റഷ്യയിലെ വോള്‍ഗ, ലോകത്തെ ചെറിയൊരു സുന്ദരനഗരമായ വിയന്ന ഡാന്യൂബ് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. പത്ത് യൂറോപ്യന്‍ രാജ്യങ്ങളിലൂടെ പലവിധ പേരുകളാല്‍ ഈ നദിയൊഴുകുന്നു.
ഫ്രാന്‍സിലെ വന്‍ നദിയായ ലോയിര്‍, പാരീസ് നഗരത്തിലൂടെയൊഴുകുന്ന ശാന്തസുന്ദരിയായ സെന്‍, ജര്‍മനിയിലെ റിഹിന്‍, ഇറ്റലിയിലെ വന്‍ നദിയായ റിബര്‍ ഇവ ഒഴുകുന്നത് ഹര്‍ഷപുളകത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. ഇവരെല്ലാം സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെയാണ് നദികളെ സംരക്ഷിക്കുന്നത്. ഈ ജലധാരയിലൂടെയെല്ലാം വിനോദസഞ്ചാരികള്‍ കുട്ടികളുമൊത്ത് തുറസായ ബോട്ടുകളില്‍ നവോന്മേഷത്തോടെ യാത്ര ചെയ്യുന്നു. ഈ പുഴകളിലൊന്നും അഴുക്കുപുരണ്ട മാലിന്യങ്ങളോ, രാസമാലിന്യങ്ങളോ ഒഴുകുന്നില്ല. മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നില്ല, ആരും രോഗികളാകുന്നില്ല. നീര്‍ച്ചാലുകളും തോടുകളും കിണറുകളും വരണ്ടുണങ്ങുന്നില്ല. അഴിമതിയുടെ ആനച്ചന്തമുള്ള കാമദേവന്മാരാല്‍ മണല്‍വാരല്‍ നടക്കുന്നില്ല. ടൂറിസത്തിന്റെ പേരിലും പല പേരുകളിലും പാവങ്ങളുടെ വിയര്‍പ്പിന്റെ പങ്ക് ചെലവാക്കി സഞ്ചരിക്കുമ്പോള്‍ നമ്മെ ഭരിച്ച നേതാക്കന്മാര്‍ ബ്രിട്ടനില്‍ പലവട്ടം വന്നിട്ടും മാലിന്യങ്ങള്‍ എങ്ങനെ നിര്‍മാര്‍ജനം ചെയ്യണം, നദികളെങ്ങനെ സംരക്ഷിക്കണം എന്നൊക്കെ പഠിക്കാതെ പോയത് എന്താണ്?
ഇംഗ്ലണ്ടിലെ ഏറ്റവും വലുതും വശ്യസൗന്ദര്യം നിറഞ്ഞതുമായ നദിയാണ് തെംസ്. ബ്രിട്ടനിലെ ഏറ്റവും വലിയ നദി സെവനാണ്. താമരയ്ക്ക് സൂര്യനെന്നപോലെ ലണ്ടന്‍ നഗരത്തില്‍ തെംസ് നദി ഒരു പുണ്യമാണ്, സൗന്ദര്യ റാണിയാണ്. അതില്‍ കുളിച്ചാല്‍ ശുദ്ധിവരുമെന്നുള്ള അന്ധവിശ്വാസങ്ങളൊന്നും അവര്‍ക്കില്ല. അപകടകാരികളായ ചൂഴികളില്ലാത്ത തെംസിനെ മൂന്നായി തിരിച്ചിരിക്കുന്നു. തെംസ് വാലി, തെംസ് ഗേറ്റ്വേ, തെംസ് എസ്റ്റുയറി. ഇതില്‍ തെംസ് വാലി ഓക്‌സ് ഫഡിലും വെസ്റ്റ് ലണ്ടനിലുമായി ഒഴുകുന്നു. ഈ നദിയുടെ പേരില്‍ ധാരാളം സ്ഥാപനങ്ങളുണ്ട്. അതില്‍ ചിലതാണ് തെംസ് വാലി യൂണിവേഴ്‌സിറ്റി, തെംസ് വാട്ടര്‍, സൗത്ത് തെംസ് കോളജ് എന്നിവ. ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുന്നത് ഒരു നദിയുടെ മഹത്വം അവര്‍ തിരിച്ചറിയുന്നു എന്നതാണ്. ബ്രിട്ടീഷ് സാമ്രാജ്യം പോലെ തന്നെ ജനസാമ്രാജ്യത്തെ അവര്‍ ആദരിക്കുന്നു. ദരിദ്രരാജ്യങ്ങളെക്കാള്‍ അവര്‍ സമ്പന്നരായത് അല്ലെങ്കില്‍ അവരെ സമ്പന്നരാക്കിയത് ഈ നദികളും കടലുമാണെന്നവര്‍ക്കറിയാം. അതിന്റെ കാരണം കാലാതീതമായ അറിവാണ്. അറിവുള്ള മനുഷ്യരെന്നും ആരോഗ്യമുള്ള മനസിനുടമകളാണ്. അതവര്‍ കരസ്ഥമാക്കിയത് വായനയിലൂടെയാണ്. അല്ലാതെ അഭിനവ സിനിമകള്‍ കണ്ടല്ല. അത് ബുദ്ധിജീവികളെഴുതിയ അക്ഷരങ്ങളെന്നവര്‍ തിരിച്ചറിയുന്നു. ജലം മനുഷ്യരെ ആശ്രയിക്കുന്നില്ല. മനുഷ്യനാണ് ജലത്തെ ആശ്രയിച്ച് ജീവിക്കുന്നത്.
എന്നിട്ടും ജീവനും ശുദ്ധിയും നല്കിയ, ജീവന്‍ നല്കുന്ന ശക്തിയെ ഭൗതിക പുരോഗതിക്കായി ശ്വാസം മുട്ടിച്ചു കൊല്ലുന്നു. ഒരു പുഴയുടെ സംസ്‌കാരവും ഹൃദയത്തുടിപ്പും ഉള്ളതുകൊണ്ടാണ് തെംസ് നദി മന്ദഹാസ പ്രഭ ചൊരിഞ്ഞുകൊണ്ട് ഒഴുകുന്നത്. തെംസ് നദിയിലെ ബോട്ടു സവാരി ഒരു വിനോദം മാത്രമല്ല കൗതുക കാഴ്ചകള്‍ കൂടിയാണ്. ചരിത്രപ്രസിദ്ധങ്ങളായ ബ്രിട്ടീഷ് പാര്‍ലമെന്റ്, ചരിത്ര മന്ദിരങ്ങള്‍, ദേവാലയങ്ങള്‍, ആര്‍ട്ടു ഗാലറികള്‍, മ്യൂസിയങ്ങള്‍, ഉദ്യാനങ്ങള്‍, ചരിത്ര സുഗന്ധിയായ ശില്പങ്ങള്‍, ലണ്ടന്‍ ഐ, യൂണിവേഴ്‌സിറ്റികള്‍ ഇതിന്റെയെല്ലാം തീരങ്ങളിലൂടെയാണ് തെംസ് ഒഴുകുന്നത്. ചില ഭാഗങ്ങളില്‍ വെളുത്ത അരയന്നങ്ങള്‍ മന്ദം മന്ദം സഞ്ചരിക്കുന്നതും കാണാം.
വര്‍ണ വൈവിദ്ധ്യമാര്‍ന്ന കാഴ്ചകള്‍ കണ്ണുകള്‍ക്ക് കുളിര്‍മ നല്കുന്നുണ്ടെങ്കിലും മലയാളിയായ എനിക്ക് കേരളം പോലെ ഹരിതസുന്ദരമല്ല എന്നാണ് അഭിപ്രായം.
നിര്‍ഭാഗ്യമെന്ന് പറയട്ടെ ആ ഹരിതസുന്ദരഭൂമിയെ ജാതിമതരാഷ്ട്രീയക്കാര്‍ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്തിന് പറയണം നദികള്‍ മാത്രമല്ല ചക്രശ്വാസം വലിക്കുന്നത് മാലിന്യങ്ങള്‍ പരിസ്ഥിതിയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. മലകള്‍ ഇടിച്ചു നിരത്തി സുന്ദര ഹര്‍മ്യങ്ങളുണ്ടാക്കുന്നു. കാര്‍ബണ്‍ പുറത്തേക്ക് തള്ളുന്നതും, കടലിലെ താപനില വര്‍ദ്ധിക്കുന്നതും, കാലാവസ്ഥ മാറ്റങ്ങളും ആരും ശ്രദ്ധിക്കുന്നില്ല. ഇതിനായുള്ള പഠനഗവേഷണ കേന്ദ്രങ്ങളൊന്നും ഉയരുകയോ വൈകാരികമായി കാണുകയോ ചെയ്യുന്നില്ല. കണ്ണും കാതും അടച്ചിരിക്കുന്ന ഭരണാധിപന്മാരുണ്ടായാല്‍ നാടിന് നാശമല്ലാതെ മറ്റൊന്നുമുണ്ടാകില്ല. എത്രയെത്ര നദികളാണ് ഇന്ത്യയിലുള്ളത്. എന്നിട്ടും മുപ്പത് കോടിയിലധികം ജനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കുന്നില്ല. നമ്മുടെ ഭരണാധിപന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ പാവങ്ങളുടെ പണമെടുത്ത് ഒരു വിനോദസഞ്ചാരിയെപ്പോലെ ലോകം ചുറ്റി സഞ്ചരിക്കുകയാണ്. സ്വന്തം നദികളെപ്പോലും സംരക്ഷിക്കാനറിയാത്തവര്‍ എങ്ങനെയാണ് ഒരു സമൂഹത്തെ സംരക്ഷിക്കുന്നത്?
തെംസ് നദിയിലൂടെ ചെറിയ കപ്പലുകളും സഞ്ചരിക്കാറുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങളില്‍ നിന്ന് താഴേക്കു നോക്കിയാല്‍ ലണ്ടന്‍ നഗരം തെംസിന്റെ ശരീരമായി തോന്നും. ഇതിന്റെ മുകളില്‍ കുറുകെയായി ധാരാളം ചെറുതും വലുതുമായ പാലങ്ങളുണ്ട്. ഈ നദിയിലൂടെ സഞ്ചരിച്ചാല്‍ തരംഗമാലകളെ തഴുകിയെത്തുന്ന കുളിര്‍കാറ്റുമാത്രമല്ല, നമ്മള്‍ സഞ്ചരിക്കുന്നത് സ്വച്ഛജലത്തിലൂടെയെന്ന് തോന്നും. നദിയുടെ ഇരുഭാഗങ്ങള്‍ ഏറ്റവും ശ്രേഷ്ഠവും സുന്ദരവുമായ വിധത്തിലാണ് കെട്ടിയുയര്‍ത്തിയിരിക്കുന്നത്.
ശുദ്ധമായ നദിയിലെ വെള്ളം പോലെ തന്നെ അതിവിശുദ്ധമായ ആദരവും സ്‌നേഹത്തിന്റെ കരുതലുമാണ് ജനങ്ങള്‍ കാട്ടുന്നത്. ഇവിടത്തെ നദികള്‍ക്കുപോലും നീതി ലഭിക്കുന്നുണ്ട്. താജ്മഹലിനെ പ്രണയാര്‍ദ്രമായി ആലിംഗനം ചെയ്ത് ഗംഗ ഒഴുകുന്നതുപോലെയാണ് ലണ്ടന്‍ നഗരത്തെ ആലിംഗനം ചെയ്തു തെംസ് ഒഴുകുന്നത്. ഇന്ത്യന്‍ നദികളില്‍ ഒഴുകി നടക്കുന്ന മനുഷ്യമൃഗശവശരീരങ്ങളോ മറ്റ് മാലിന്യങ്ങളോ ഇവിടുത്തെ നദികളില്‍ ഇല്ല എന്നുള്ളതാണ് വാസ്തവം. എല്ലാ നദികള്‍ക്കും ശക്തവും ശുദ്ധവുമായ ഒഴുക്കാണുള്ളത്. കേരളത്തിലെ നദികള്‍ നേരിടുന്ന ഭീഷണികളൊന്നും ഇവിടത്തെ നദികള്‍ക്കില്ല. പൗരബോധമുള്ള ജനങ്ങള്‍, സര്‍ക്കാരുകള്‍ ക്രിയാത്മകമായ പുഴകളെ സംരക്ഷിക്കാന്‍ മുന്നോട്ട് വരാത്തതുകൊണ്ടാണ് നമ്മുടെ പുഴകള്‍ വീര്‍പ്പുമുട്ടുന്നത്. ദുരാഗ്രഹികള്‍ക്കും വിവേകരഹിതര്‍ക്കുമേ സൃഷ്ടിയെ സംഹരിക്കാന്‍ കഴിയൂ. ഇവരൊക്കെ നദികളുടെ ഹൃദയതാളങ്ങള്‍ തിരിച്ചറിഞ്ഞ് മഹത്തായ ഒരു സംസ്‌കാരത്തിന്റെ പ്രതിനിധികളാകുന്നത് എന്നാണ്?
click on malayalam character to switch languages