സ്വന്തം ലേഖകന്‍
ഏഴാമത് യുക്മ ദേശീയ കലാമേളക്ക് ഏഴ് ദിവസങ്ങള്‍ കൂടി മാത്രം അവശേഷിച്ചിരിക്കെ മേളയിലെ ആവേശമുണര്‍ത്തുന്ന ഒരു മത്സര ഇനമായ പ്രസംഗത്തിന്റെ വിഷയങ്ങള്‍ പ്രഖ്യാപിച്ചു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മലയാളം പ്രസംഗ മത്സരങ്ങള്‍ നടക്കുന്നത്.
എട്ട് വയസിനും പന്ത്രണ്ട് വയസിനുമിടയിലുള്ള കുട്ടികള്‍ പങ്കെടുക്കുന്ന സബ്ജൂനിയര്‍ വിഭാഗത്തിന് ‘ഓര്‍മ്മയിലെ മനോഹരമായ ഒരു അവധിക്കാലം’ എന്നതാണ് മത്സര വിഷയം.
പന്ത്രണ്ട് വയസിനും പതിനേഴ് വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്കുള്ള ജൂനിയര്‍ വിഭാഗത്തിന് രണ്ട് മത്സര വിഷയങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ കലാമേള നടക്കുന്ന നവംബര്‍ 5 ന് രാവിലെ രജിസ്‌ട്രേഷന് മുന്‍പായി നറുക്കെടുപ്പിലൂടെ മത്സരത്തിനുള്ള വിഷയം തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ‘മലയാള കവിതസിനിമാഗാന രംഗങ്ങളില്‍ ഒ.എന്‍.വി. കുറുപ്പിന്റെ സംഭാവനകള്‍’, ‘മതേതരത്വം സങ്കല്‍പ്പവും യാഥാര്‍ഥ്യങ്ങളും’ എന്നിവയാണ് വിഷയങ്ങള്‍.
പതിനേഴ് വയസിന് മുകളിലുള്ളവര്‍ക്കായുള്ള സീനിയര്‍ വിഭാഗത്തിന് രണ്ട് പ്രസംഗ വിഷയങ്ങള്‍ കലാമേള ദിവസം രാവിലെ രജിസ്‌ട്രേഷന് മുന്‍പായി പ്രഖ്യാപിക്കുകയും, ആ രണ്ട് വിഷയങ്ങളില്‍ നിന്നും ഒരെണ്ണം മത്സരത്തിന് മുന്‍പ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു രഹസ്യമാക്കി വക്കുകയും, ഓരോ മത്സരാര്‍ത്ഥിയുടെയും മത്സരത്തിന് അഞ്ച് മിനിറ്റ് മുന്‍പായി വിഷയം കൈമാറുകയും ആണ് ചെയ്യുന്നത്.
യുക്മ കലാമേളകള്‍ തുടങ്ങിയ കാലം മുതല്‍ മൂന്ന് ദിവസം മുന്‍പ് പ്രസംഗ വിഷയങ്ങള്‍ നല്‍കുന്ന രീതിയാണ് തുടര്‍ന്ന് പോന്നത്. മത്സരാര്‍ത്ഥികള്‍ക്ക് വിശദമായി വിഷയം പഠിക്കുന്നതിനും പരിശീലിക്കുന്നതിനും കൂടുതല്‍ സമയം ലഭിക്കുന്നതിനും, അതിലൂടെ മത്സരത്തിന്റെ ഗുണനിലവാരം വര്ധിപ്പിക്കുന്നതിനും വേണ്ടിയാണ് കഴിഞ്ഞ വര്‍ഷത്തെ കലാമേള മുതല്‍ ഏഴ് ദിവസം മുന്‍പ് വിഷയങ്ങള്‍ നല്‍കുവാന്‍ തുടങ്ങിയത്. കഴിഞ്ഞ കലാമേളയിലെ ആവേശകരമായ മത്സരങ്ങള്‍ ഈ പരിഷ്‌ക്കാരത്തിന്റെ നല്ല ഫലമായി ചൂണ്ടികാണിക്കപ്പെടുന്നു. എല്ലാ മത്സരാര്‍ഥികള്‍ക്കും മികച്ച പ്രകടനം കാഴ്ചവക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
click on malayalam character to switch languages