ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ വീണ്ടും ഭീതി പടർന്നിരിക്കുകയാണ്. ആലപ്പുഴയെ മുൾമുനയി നിർത്തുന്ന നിലയിലായിരുന്നു കുറുവ സംഘത്തിന്റെ മോഷണം. അർധനഗ്നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചാണ് ഇവർ മോഷ്ണത്തിനെത്തുന്നത്. മോഷണം നടത്തുന്നതിനിടയിൽ ചെറുത്ത് നിൽക്കുന്നവരെ പോലും മടിയില്ലാത്ത കൊടുംകുറ്റവാളികളുടെ സംഘമെന്നാണ് കുറുവകൾ അറിയപ്പെടുന്നത്.
ആരാണ് കുറുവ സംഘം
തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവരാണ് കുറുവ സംഘം. ഇവർക്ക് കുറുവ സംഘമെന്ന പേര് നൽകിയത് തമിഴ്നാട് ഇന്റലിജൻസാണ്. മോക്ഷണം കുലത്തൊഴിലാക്കിയവരാണ് കുറുവ സംഘത്തിൽപ്പെട്ടവർ. പതിനെട്ട് വയസുമുതൽ 60 വയസ് വരെയുള്ളവർ ഈ സംഘത്തിലുണ്ട്. ഇവരെ സംബന്ധിച്ച് മോഷണം ഒരു കുറ്റകൃത്യമോ, തെറ്റോ അല്ല. ഒരു കുലത്തൊഴിലായാണ് ഇവർ മോഷണത്തെ കാണുന്നത്. ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ തമിഴ്നാട് പൊലീസ് പല മാർഗ്ഗങ്ങളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. കൂട്ടമായി വന്ന് സംഘങ്ങളായി തിരിഞ്ഞാണ് കുറുവ സംഘം മോഷണം നടത്തുന്നത്. പ്രശ്നമുണ്ടായാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ റെയിൽവെ സ്റ്റേഷന് അടുത്തായാണ് സാധാരണ ഇവർ താമസിക്കുക. റെയിൽവെ സ്റ്റേഷന് സമീപമുള്ള വീടുകളാണ് കൂടുതലായും ഇവർ ലക്ഷ്യമിടുന്നതും.
പകൽ ആക്രിപെറുക്കൽ, തുണി വിൽക്കൽ അടക്കമുള്ള ജോലിയെല്ലാം ചെയ്ത് ചുറ്റി നടക്കലാണ് ഇവരുടെ ശീലം. അപ്പോഴാണ് മോഷ്ടിക്കേണ്ട വീടുകൾ ഇവർ നിരീക്ഷിക്കുന്നത്. രാത്രി സമയങ്ങളിലാണ് പ്രധാനമായും ഇവർ മോഷണത്തിനറങ്ങുന്നത്. കണ്ണുകൾ മാത്രം പുറത്ത് കാണുന്ന രീതിയിൽ മുഖം മറയ്ച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് ഇവർ മോഷണത്തിനെത്തുന്നത്. പിടികൂടിയാൽ വഴുതി രക്ഷപ്പെടാനായി ശരീരം മുഴുവൻ എണ്ണയും കരിയും തേച്ചു പിടിപ്പിച്ചിട്ടുണ്ടാകും. കമ്പും വടിയും വാളും അടക്കമുള്ള ആയുധങ്ങളും മോഷണത്തിനിറങ്ങുമ്പോൾ ഇവർ കൈയിൽ കരുതിയിട്ടുണ്ടാവും. മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്നുറപ്പായാൽ ആക്രമിക്കാൻ വേണ്ടിയാണ് ഇവർ ഇത്തരം സാധനങ്ങൾ കൈയ്യിൽ കരുതുന്നത്.
വീടിൻ്റെ പിൻഭാഗം വഴി അകത്തുകടക്കുന്നതാണ് ഇവരുടെ മറ്റൊരു ശൈലി. ആളുകളുടെ ശ്രദ്ധ പെട്ടെന്ന് ഇവിടേയ്ക്ക് തിരിയില്ലെന്നതും പിൻഭാഗത്തെ വാതിൽ തകർത്ത് എളുപ്പം അകത്ത് കടക്കാനാവുമെന്നതുമാണ് ഈ മാർഗ്ഗം തിരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. ചിലപ്പോഴെല്ലാം വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അകത്ത് കടക്കാനുള്ള സൂത്രവിദ്യകളും ഇവർ പ്രയോഗിക്കും. ഇതിൽ പ്രധാനം വീടിന് പുറത്തെ ടാപ്പ് തുറന്നിടുകയെന്നതാണ്. അല്ലെങ്കിൽ കുട്ടികൾ കരയുന്ന ശബ്ദം ഉണ്ടാക്കുകയാണ് മറ്റൊരു രീതി. തുടർച്ചയായി കോളിംഗ് ബെൽ അടിക്കുന്നതും ഇവരുടെ രീതിയാണ്. ഈ ശബ്ദങ്ങൾ കേട്ട് വീട്ടുകാർ വാതിൽ തുറന്ന് പുറത്തിറങ്ങിയാൽ ഇവർ ഒന്നുകിൽ ആളറിയാതെ അകത്ത് കയറും. അല്ലെങ്കിൽ അയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്തും. ഈ ഘട്ടത്തിൽ വീട്ടുകാർ ചെറുത്ത് നിന്നാൽ മാരകമായി ആക്രമിക്കാനോ കൊലപ്പെടുത്താമോ പോലും ഇവർ മടിക്കാറില്ല. മോഷണത്തിനിടെ കൊല്ലാൻ പോലും മടിക്കാത്ത ഇവരെ രാജ്യത്തെ തന്നെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളായാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിലായിരുന്നു കുറുവ സംഘത്തെ ആദ്യം കണ്ടതെങ്കിലും എറണാകുളത്തും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം. എറണാകുളം പറവൂരിലെ വീടുകളിൽ മോഷണ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആലപ്പുഴയിൽ പുന്നപ്ര തൂക്കുകുളത്തെത്തിയ കുറുവ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിൽ യുവാവിനെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു. പുന്നപ്രയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും അരപ്പവനോളം വരുന്ന മാലയും കുറുവ സംഘം മോഷ്ടിച്ചിരുന്നു. ആലപ്പുഴയിൽ കൂടുതൽ സ്ഥലങ്ങളിൽ കുറുവാസംഘം മോഷണത്തിന് എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. മണ്ണഞ്ചേരി കോമളപുരത്ത് രണ്ട് വീടുകളിലും ചേർത്തല, കരീലക്കുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ശബരിമല സീസണിലാണ് കുറുവാ സംഘം സജീവമാകുമെന്നാണ് ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞത്. നിരവധി ഭക്തർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. പൊലീസിന് എല്ലാവരെയും തടഞ്ഞു നിർത്തി പരിശോധിക്കാൻ കഴിയില്ല. അത് കുറുവ സംഘത്തിന് അനുകൂല ഘടകമാണ്. ഇതുകൊണ്ടാകാം കുറുവ സംഘം തീർഥാടനകാലം തിരഞ്ഞെടുക്കുന്നതെന്നും ഡിവൈഎസ്പി പറയുന്നു. ശബരിമല തീർഥാടന കാലത്തു പൊലീസ് ശബരിമലയിൽ കൂടുതൽ കേന്ദ്രീകരിക്കുന്നതും ഇവർ അവസരമാക്കുകയാണെന്നും പൊലീസ് ചൂണ്ടിക്കാണിച്ചിരുന്നു.
click on malayalam character to switch languages