കൊച്ചി – യു കെ എയർ ഇന്ത്യയുടെ പ്രതിവാര വിമാന സർവീസുകൾ വർധിപ്പിക്കുക, സർവീസുകൾ ബിർമിങ്ങ്ഹം / മാഞ്ചസ്റ്റർ വരെ നീട്ടുക: നിവേദനം സമർപ്പിച്ച് ഒ ഐ സി സി (യു കെ); ഉടനടി ഇടപെട്ട് കെ സുധാകരൻ എംപി
Oct 22, 2024
റോമി കുര്യാക്കോസ്
മാഞ്ചസ്റ്റർ: കൊച്ചി – യു കെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങളിൽ സജീവ ഇടപെടൽ നടത്തിയിരിക്കുകയാണ് പ്രവാസി മലയാളികളുടെ പ്രബല സംഘടനകളിൽ ഒന്നായ ഒ ഐ സി സിയുടെ യു കെ ഘടകം. ഈ റൂട്ടിലെ എയർ ഇന്ത്യയുടെ പ്രതിവാര സർവീസുകൾ വർധിപ്പിക്കുക, ഇപ്പോൾ ഗാറ്റ്വിക് എയർപോർട്ടിൽ അവസാനിക്കുന്ന സർവീസുകൾ ബിർമിങ്ങ്ഹം / മാഞ്ചസ്റ്റർ എയർപോർട്ട് വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് കഴിഞ്ഞ ദിവസം ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പിക്കപ്പെട്ടത്.
എയർ ഇന്ത്യ സി ഇ ഒ & എം ഡി ക്യാമ്പെൽ വിൽസൺ, കേന്ദ്ര വ്യോമയാന മന്ത്രി വ്യോമയാന മന്ത്രി കിഞ്ചരാപ്പൂ റാം മോഹൻ നായ്ഡു, കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ, ഫ്രാൻസിസ് ജോർജ് എം പി എന്നിവർക്കാണ് ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ സമർപ്പിച്ചത്.
നിവേദനം ലഭിച്ച ഉടനെ കെ സുധാകരൻ എം പി കാര്യങ്ങൾ ചോദിച്ചറിയുകയും പ്രവാസി മലയാളികളുടെ ആശങ്കകളും അറിയിച്ചുകൊണ്ടും ആവശ്യങ്ങൾ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടുമുള്ള വിശദമായ കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറി. കെ പി സി സി അധ്യക്ഷന്റെ സമയോചിതമായ ഇടപെടൽ പ്രവാസി മലയാളികൾക്ക് ഒരു ഉണർവ്വും പ്രതീക്ഷയും പകർന്നിട്ടുണ്ട്.
വളരെ തിരക്ക് പിടിച്ചതും വരുമാനം കൂടുതലുള്ളതുമെങ്കിലും ഇപ്പോൾ കൊച്ചി – യു കെ വ്യോമ റൂട്ടിൽ മൂന്ന് പ്രതിവാര സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്. മലയാളി യാത്രക്കാരിൽ കുറെയേറെ പേർ എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരാണ്. ശൈത്യകാലത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ നിന്നും യു കെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിക്കുന്നതിനായി ഗവർമെന്റുകൾ തമ്മിൽ ധാരണയിൽ എത്തിയിരുന്നു. അതനുസരിച്ചു എയർ ഇന്ത്യ തങ്ങളുടെ ഡൽഹി / മുംബൈ / ബാംഗ്ലൂർ / ഗോവ എന്നിവിടങ്ങളിൽ നിന്നും യു കെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിച്ചുവെങ്കിലും കൊച്ചിയെ അവഗണിക്കുകയായിരുന്നു. ഈ കാര്യം നിവേദനത്തിൽ എടുത്തു കാട്ടിയിട്ടുണ്ട്.
കൂടാതെ കൊച്ചിയിൽ നിന്നും ആരംഭിച്ച് ഇപ്പോൾ ഗാറ്റ്വിക്കിൽ അവസാനിക്കുന്ന എയർ ഇന്ത്യ സർവീസുകൾ ബിർമിങ്ങ്ഹം, മാഞ്ചസ്റ്റർ എന്നീ എയർപോർട്ടുകൾ വരെ നീട്ടിയാൽ വടക്ക് – മദ്ധ്യ യു കെയിൽ താമസിക്കുന്ന
മലയാളികൾ ഉൾപ്പടെയുള്ള നിരവധി യാത്രക്കാരുടെ യാത്രാ ദൈർഖ്യം കുറയ്ക്കാനാകുമെന്ന വസ്തുതയും നിവേദനത്തിൽ മുന്നോട്ട് വച്ചിട്ടുണ്ട്.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages