1 GBP = 106.80
breaking news

ഇന്ന് ഗാന്ധിജയന്തി; ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ

ഇന്ന് ഗാന്ധിജയന്തി; ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ


രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ദേശീയ തലത്തിൽ നടക്കുക. ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ ഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തുടങ്ങിയ നേതാക്കൾ, രാജ്ഘട്ടിലെത്തി ആദരം അർപ്പിക്കും.

രാജ്ഘട്ടിലും, ഗാന്ധി സ്മൃതിയിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും. ഗാന്ധിജിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ എല്ലാം പത്യേക ആഘോഷങ്ങളും നടക്കും. സത്യഗ്രഹം സമരമാർഗമാക്കി. അഹിംസയിൽ അടിയുറച്ചു വിശ്വസിച്ചു. ഗാന്ധിജിക്ക് ജീവിതം നിരന്തര സത്യാന്വേഷണത്തിനുള്ള യാത്രയായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാൻ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തിൽ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു.

ചമ്പാരൻ സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി. 1930ലെ ദണ്ഡി മാർച്ചിന് നേതൃത്വം നൽകി. നിയമലംഘന പ്രസ്ഥാനത്തിലൂടെ സ്വാതന്ത്രസമരത്തെ കൂടുതൽ സജീവമാക്കി. ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന പല അനാചാരങ്ങൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു. പുതിയ ലോകബോധവും ചിന്തയും ഉണ്ടാകുന്നതിന് അനുസരിച്ച് ഗാന്ധി സ്വയം പുതുക്കി. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നും സ്വാതന്ത്ര്യം നേടുകയെന്ന ലക്ഷ്യത്തോടെ ദേശീയ സ്വാതന്ത്രസമര പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചു.

സ്വാതന്ത്ര്യാനന്തരം വിഭജനവും അതിന്റെ ഭാഗമായുള്ള വർഗിയ കലാപങ്ങളും രാജ്യത്ത് പടരുമ്പോൾ തെരുവുകൾ തോറും സമാധാനത്തിന്റെ ദൂതുമായി അലഞ്ഞ് ഇന്ത്യയെ ശാന്തമാക്കിയ ഗാന്ധി വിഭജനത്തിന്റെ മുറിവുകൾക്ക് ഔഷധമായി കൂടി പ്രവർത്തിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തി കൂടിവരുന്ന കാലത്താണ് ഒരു ഗാന്ധിജയന്തി കൂടി കടന്നുപോകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more