1 GBP = 107.33
breaking news

രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുത്’; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുത്’; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധവും ഏതെങ്കിലും സമുദായത്തെ മുന്‍വിധിയോട് കൂടി സമീപിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വാക്കാല്‍ പറഞ്ഞു.

കര്‍ണാടക ഹൈക്കോടതി ജഡ്ജി വി ശ്രീശാനന്ദന്റെ വിവാദ പരാമര്‍ശത്തില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചന്ദ്രചൂഡിന്റെ നിരീക്ഷണം. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യ കാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഒരു ഹര്‍ജി പരിഗണിക്കവേ ബെംഗളൂരുവിലെ മുസ്‌ലിം കേന്ദ്രീകൃത പ്രദേശത്തെ പാകിസ്താന്‍ എന്ന് പരാമര്‍ശിക്കുന്ന ശീശാനന്ദന്റെ വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. മറ്റൊരു വീഡിയോയില്‍ വനിതാ അഭിഭാഷകയ്‌ക്കെതിരെ അദ്ദേഹം ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും കാണാം. പിന്നാലെയാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.

എന്നാല്‍ വിവാദ പരാമര്‍ശങ്ങളില്‍ ശ്രീശാനന്ദന്‍ തുറന്ന കോടതിയില്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ ഹര്‍ജിയിലെ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. അതേസമയം കോടതി നടപടികള്‍ വ്യാപകമാകുന്ന ഇലക്ട്രോണിക് മീഡിയയുടെ ഈ കാലത്ത് ജഡ്ജിമാര്‍ സംയമനം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സുപ്രീം കോടതി സുപ്രധാനമായ നിരീക്ഷണങ്ങള്‍ നടത്തി.

‘ഒരു വിഭാഗത്തിനെതിരെയോ ജന്‍ഡറിനെതിരെയോ നടത്തുന്ന സ്വാഭാവിക നിരീക്ഷണങ്ങള്‍ പക്ഷപാതിയെന്ന ആക്ഷേപമുയർത്തും. അതുകൊണ്ട് ജുഡീഷ്യല്‍ നടപടികളില്‍ സ്ത്രീവിരുദ്ധമോ, സമുദായങ്ങള്‍ക്കെതിരെയുള്ളതോ ആയ പരാമര്‍ശങ്ങള്‍ നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം പരാമര്‍ശങ്ങളിലെ ഞങ്ങളുടെ ആശങ്ക അറിയിക്കുന്നു. എല്ലാവരും ഉത്തരവാദിത്തങ്ങള്‍ പക്ഷപാതരഹിതമായി ജാഗ്രതയോടെ നിറവേറ്റുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ കോടതി പറഞ്ഞു. ന്യായവിധിയുടെ ഹൃദയവും ആത്മാവും പക്ഷപാതരഹിതവും സത്യസന്ധതയുമാണെന്നും ഭരണഘടനയില്‍ അനുശാസിക്കുന്ന മൂല്യങ്ങളാണ് ജഡ്ജിമാരെ നയിക്കേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more