അപ്പച്ചൻ കണ്ണഞ്ചിറ
ബെഡ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ബെഡ്ഫോർഡ് കേന്ദ്രമായുള്ള സെന്റ് അൽഫോൻസാ മിഷനിൽ കഴിഞ്ഞ മൂന്നു വർഷമായി സ്തുത്യർഹമായ നിലയിൽ അജപാലന സേവനം അനുഷ്ഠിക്കുകയും, സെൻറ് അൽഫോൻസാ കമ്മ്യൂണിറ്റിയെ മിഷൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത എബിൻ നീറുവേലിൽ അച്ചൻ സ്ഥലം മാറി പോകുന്ന വേളയിൽ ഇടവകയുടെ നേതൃത്വത്തിൽ അച്ചന് ഹൃദ്യമായ യാത്രയയപ്പു നൽകും.
ഇതോടൊപ്പം ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ മിഷനിൽ ഇടവക വികാരിയായി ചാർജ് എടുക്കുന്ന ഫാ. എൽവിസ് ജോസ് കോച്ചേരി MCBS നു തഥവസരത്തിൽ ഊഷ്മള സ്വീകരണം ഒരുക്കുന്നതുമാണ്.
ഫാ. എൽവിസ് കോച്ചേരി MCBS നിലവിൽ എപ്പാർക്കിയൽ മീഡിയ കമ്മീഷൻ ചെയർമാനും, ലെസ്റ്റർ റീജണൽ കോർഡിനേറ്ററുമാണ്. എൽവിസ് അച്ചൻ കെറ്ററിംഗ് & നോർത്താംപ്ടൺ മിഷനുകളിൽ അജപാലന ശുശ്രുഷ ചെയ്തുവരികയായിരുന്നു.
ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ മിഷന്റെ ആല്മീയ തലത്തിലുള്ള സമഗ്ര വളർച്ചയ്ക്കു നേതൃത്വം വഹിച്ച ഫാ. എബിൻ, പ്രശസ്ത ധ്യാനഗുരുവും, വിൻസൻഷ്യൽ സഭാംഗവുമാണ്. കെറ്ററിംഗ് & നോർത്താംപ്ടൺ മിഷൻറെ അജപാലന ശുശ്രുഷ എബിൻ അച്ചൻ ഏറ്റെടുക്കും.
ബെഡ്ഫോർഡിൽ അസിസ്റ്റന്റ് പാരീഷ് പ്രീസ്റ്റ് എന്ന നിലയിൽ സേവനം അനുഷ്ടിക്കുകയും, മിഷൻ പ്രവർത്തനങ്ങളിൽ എബിൻ അച്ചനെ സഹായിക്കുകയും ചെയ്തു വന്നിരുന്ന ജോബിൻ കൊശാക്കൽ അച്ചനും എബിൻ അച്ചനോടൊപ്പം ബെഡ്ഫോർഡിൽ നിന്നും മാറുകയാണ്. സഭ ഏല്പിച്ചിരിക്കുന്ന പുതിയ ദൗത്യം ഇരുവൈദികരും ഉടനെ ഏറ്റെടുക്കും. എബിൻ അച്ചന്റേയും ജോബിൻ അച്ചന്റേയും സ്ഥലം മാറ്റം മിഷനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും, അവരുടെ പുതിയ ദൗത്യത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും, ആശംസകളും, പ്രാർത്ഥനകളും നേരുന്നതായും പള്ളിക്കമ്മിറ്റി അറിയിച്ചു.
സെപ്റ്റംബർ 22 നു ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമൂഹബലിക്കു ശേഷം 6:30 ന് പാരിഷ് ഹാളിൽ ഇടവകാംഗങ്ങൾ ഒത്തുചേർന്ന് യാത്രയയപ്പ്-സ്വീകരണ ചടങ്ങുകൾ നടത്തും. സ്നേഹവിരുന്നും ക്രമീകരിക്കുന്നുണ്ട്.
click on malayalam character to switch languages