1 GBP = 107.33
breaking news

ബർമിംഗ് ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആസ്ഥാന മന്ദിരം മാർ യൗസേഫ് പാസ്റ്ററൽ സെന്റർ മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു; ദൈവാനുഗ്രഹത്തിന് നന്ദിയർപ്പിച്ച് മാർ സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ രൂപതാകുടുംബത്തിലെ വൈദികരും, സന്യസ്തരും അത്മായ സമൂഹവും.

ബർമിംഗ് ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആസ്ഥാന മന്ദിരം മാർ യൗസേഫ് പാസ്റ്ററൽ സെന്റർ മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു; ദൈവാനുഗ്രഹത്തിന് നന്ദിയർപ്പിച്ച് മാർ സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ രൂപതാകുടുംബത്തിലെ വൈദികരും, സന്യസ്തരും അത്മായ സമൂഹവും.

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ആസ്ഥാന മന്ദിരം മാർ യൗസേഫ് പാസ്റ്ററൽ സെന്ററിന്റെ ആശിർവാദവും , ഉത്‌ഘാടനവും ബിർമിംഗ്ഹാമിലെ ഓസ്കോട്ട് ഹില്ലിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു . ഗ്രേറ്റ് ബ്രിട്ടൻ രൂപത രൂപീകൃതമായി എട്ട് വർഷങ്ങൾ പൂർത്തീകരിച്ച സന്ദർഭത്തിൽ രൂപതക്ക് ലഭിച്ച ഈ വലിയ ദൈവാനുഗ്രഹത്തിന് നന്ദി അർപ്പിചു കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ എല്ലാ മിഷനുകളിൽ നിന്നും ഇടവകകളിൽ നിന്നും എത്തിയ മുന്നൂറോളം പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും, സീറോ മലബാർ സഭയുടെയും ചരിത്രത്തിലെ നിർണ്ണയാകമായ ഈ മുഹൂർത്തം നാട മുറിച്ച് ഉത്‌ഘാടനം ചെയ്യുകയും തുടർന്ന് ആശിർവാദ കർമ്മം നിർവഹിക്കുയും ചെയ്തത്. സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് ആശിർവാദ കർമ്മങ്ങൾ ആരംഭിച്ചത്. മാർ ജോസഫ് സ്രാമ്പിക്കൽ, രൂപതയിൽ സേവനം ചെയ്യുന്ന മറ്റ് വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു.

പന്ത്രണ്ട് റീജിയനുകളിലായി ഗ്രേറ്റ് ബ്രിട്ടൻ മുഴുവനായി വ്യാപിച്ച് കിടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അജപാലന പ്രവർത്തനങ്ങളുടെ ഏകോപനം ലക്ഷ്യമാക്കി വാങ്ങിയ ഈ അജപാലന കേന്ദ്രം, പത്തൊൻപതാം നൂറ്റാണ്ട് മുതൽ ബ്രിട്ടനിലെ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ബിർമിംഗ്ഹാമിലെ ഓൾഡ് ഓസ്‌കോട്ട് ഹില്ലിൽ 13,500 ചതുരശ്ര അടി വിസ്തൃതി യിൽ ആണ് സ്ഥിതി ചെയ്യുന്നത്.

രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മുഴുവൻ വൈദികരുടെയും സന്യസ്തരുടെയും എല്ലാ പ്രാർത്ഥനയുടെയും നിശ്ചയദാർഢ്യത്തോടെയുള്ള ധനസമാഹരണത്തിൻ്റെയും ഫലമായിട്ടാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ 1.1 മില്യൺ പൌണ്ട് (ഏകദേശം 11 കോടി രൂപ) സമാഹരിച്ച് പാസ്റ്ററൽ സെന്റർ എന്ന ലക്ഷ്യം രൂപത സാധ്യമാക്കിയത് .

സിസ്റ്റേഴ്സ് ഓഫ് വിർജിൻ മേരി എന്ന സന്യാസിനി വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളായിരുന്നു ഇതുവരെ ഇവിടെ നടന്നിരുന്നത്. ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു വന്ന കന്യാസ്ത്രീകൾക്കായി സെൻ്റ് സിസിലിയ ആബിയാണ് ഈ കെട്ടിടം നിർമ്മിച്ചത്.

1.8 ഏക്കർ സ്ഥലവും കാർ പാർക്കും ഈ പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു. കെട്ടിടത്തിൽ നിലവിൽ 22 ബെഡ്റൂമുകളും 50 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമറ്ററിയും അനുബന്ധ ഹാളുകളും 50 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിംഗ് ഹാളും കിച്ചണും 100 പേരേ ഉൾക്കൊള്ളാവുന്ന ചാപ്പലുമുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിയുമ്പോൾ ഇപ്പോഴുള്ളതിലേറെ സൗകര്യങ്ങൾ ബിൽഡിംഗിൽ ക്രമീകരിക്കാൻ കഴിയുമെന്നാണ് സഭാധികാരികൾ പ്രതീക്ഷിക്കുന്നത്.

ബ്രിട്ടണിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ എഴുപതിനായിരത്തിലധികം അംഗങ്ങളുള്ള വിശ്വാസ സമൂഹമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വളർന്നത്. ജോലി തേടിയും ഉന്നത വിദ്യാഭ്യാസത്തിനുമായി ബ്രിട്ടണിലെത്തിയ സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസ പാരമ്പര്യം സംരക്ഷിക്കുന്നതിനും ഇവിടെ ജനിച്ചു വളരുന്ന പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനവും ലക്ഷ്യമാക്കിയുമാണ് സഭയുടെ പ്രവർത്തനങ്ങൾ. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെയും വിവിധ കമ്മീഷനുകളുടെയും നേതൃത്വത്തിൽ വിശ്വാസതീഷ്ണമായ പ്രവർത്തനങ്ങളാണ് ബ്രട്ടണിലെ മുഴുവൻ മിഷനുകളിലും നടന്നുകൊണ്ടിരിക്കുന്നത്.

രൂപതാധ്യക്ഷന്റെ സ്ഥിരമായ താമസസ്ഥലം എന്നതിന് ഉപരിയായി ബ്രിട്ടണിലെ സീറോ മലബാർ രൂപതാ വിശ്വാസികളുടെയും വൈദികർ, സന്യസ്തർ എന്നിവരുടെയും ഔദ്യോഗിക ആസ്ഥാനമായാവും പാസ്റ്ററൽ സെന്ററിന്റെ പ്രവർത്തനം.

കുട്ടികൾ, യുവജനങ്ങൾ, കുടുംബ കൂട്ടായ്മകൾ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും അവർക്ക് ഒത്തുചേരാനുള്ള വേദിയായും പാസ്റ്ററൽ സെന്റർ മാറും. രൂപതയുടെ വിവിധ കമ്മിഷനുകളുടെ പ്രോഗ്രാമുകൾക്കും ധ്യാനങ്ങൾക്കും പൊതുവായ കൂടിച്ചേരലുകൾക്കും വിവാഹ ഒരുക്ക സെമിനാറുകൾക്കും പാസ്റ്ററൽ സെന്ററിൽ സൌകര്യമുണ്ടാക്കും. രൂപതയുടെ വിവിധ ആവശ്യങ്ങളിൽ വോളന്റിയർ ശുശ്രൂഷ ചെയ്യുന്ന ആളുകൾക്ക് സൌകര്യപ്രദമായി ഒത്തുചേരുന്നതിനും പാസ്റ്ററൽ സെന്റർ വേദിയാകും.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട്, പാസ്റ്ററൽ കോഡിനേറ്റർ റെവ ഫാ ടോം ഓലിക്കരോട്ട്, ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട്, വൈസ് ചാൻസിലർ റെവ ഫാ ഫാൻസ്വാ പത്തിൽ, ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി, പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more