1 GBP = 109.62
breaking news

ഗിൽഫോർഡ് മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ ഓണാഘോഷം കേരളീയ സംസ്കാരം വിളിച്ചോതുന്ന ദൃശ്യാനുഭവമായി.

ഗിൽഫോർഡ് മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ ഓണാഘോഷം കേരളീയ സംസ്കാരം വിളിച്ചോതുന്ന ദൃശ്യാനുഭവമായി.

ജിൻസി കോരത്

ലണ്ടൻ: യുകെയിലെ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ഈ വർഷത്തെ തിരുവോണാഘോഷം കേരളീയ സംസ്കാരം വിളിച്ചോതുന്ന ദൃശ്യാനുഭവമായി മാറി.

ഇക്കഴിഞ്ഞ ശനിയാഴ്ച കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി കുടുംബങ്ങൾ പങ്കെടുത്ത വ്യത്യസ്തതയാർന്ന പരിപാടി കൊണ്ട് സമ്പന്നമായ ഓണാഘോഷം സംഘടിപ്പിച്ചത് ജേക്കബ്സ് വെൽ ഹാളിലായിരുന്നു. മനോഹരമായ പൂക്കളമൊരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി മാവേലി തമ്പുരാന് ഊഷ്മളമായ വരവേൽപ്പ് നൽകി നടത്തിയ ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ലോക കേരളസഭാഗവും മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡണ്ടും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയുമായ സി എ ജോസഫ് നിർവ്വഹിച്ചു. ജാതിമത ചിന്തകൾക്ക് അതീതമായി ലോകമെമ്പാടുമുള്ള മലയാളികൾ കേരള നാടിന്റെ ഉത്സവമായി നടത്തുന്ന ഓണാഘോഷം യുകെയിലെ ഗിൽഫോർഡിലും ഓരോ വർഷവും നടത്തുവാൻ മുന്നോട്ടുവരുന്നത് ജിഎം സിഎയുടെ ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും സാഹോദര്യ സ്നേഹത്തിന്റെയും നന്മയുടെയും പ്രതിഫലനത്തെയാണ് സൂചിപ്പിക്കുന്നതെന്നും സി എ ജോസഫ് അഭിപ്രായപ്പെട്ടു. ജിഎംസിഎയുടെ ആദ്യ വനിത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മോളി ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സൺ സ്വാഗതമാശംസിച്ചു.

ഓണാഘോഷങ്ങളുടെ പ്രാധാന്യം പുതുതലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി വേദിയിൽ എത്തിയ അമ്മൂമ്മ പേരക്കുട്ടികൾക്ക് പകർന്നു നൽകിയ ഓണക്കഥകളിലൂടെ കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക തനിമ മുഴുവനും പാരമ്പര്യവും പുതുമയും സമന്വയിപ്പിച്ചു വേദിയിൽ അവതരിപ്പിച്ച തീം ഡാൻസ് കാണികൾക്ക് അനിർവചനീയമായ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.

കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്ത യാർന്ന വിനോദ കായിക പരിപാടികളും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരവും ഏവർക്കും ആവേശം പകർന്നു. പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരിലും ഗൃഹാതുരതയുണർത്തി.

ഓണാഘോഷങ്ങളുടെ ഭാഗമായി ജിഎംസിഎയുടെ പ്രതിഭകളായ വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവ് പുലർത്തി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച പുതുമയാർന്ന വള്ളംകളി, നൃത്ത രൂപങ്ങൾ, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയെല്ലാം കാണികളുടെ പ്രശംസ ഏറ്റുവാങ്ങി. പരിപാടികളുടെ അവതാരകയായി എത്തിയ ആനിയും ആദിത്യയും തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വെച്ചത്. പങ്കെടുത്ത മുഴുവൻ ആളുകൾക്കും സെക്രട്ടറി നിക്സൺ ആന്റണി നന്ദി പ്രകാശിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തത് പ്രസിഡന്റ് മോളിക്ലീറ്റസ് സെക്രട്ടറി നിക്സൺ ആന്റണി ട്രഷറർ സ്നോബിൻ മാത്യു എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിൻസി ഷിജു, വിനോദ് ജോസഫ്, അനുഷ തോമസ് , രാജിവ് ജോസഫ് , ഷിജു മത്തായി, മാർട്ടിൻ ജോസഫ്, ആനി സാം എന്നിവരുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more