1 GBP = 107.74
breaking news

അവയവക്കടത്ത് കേസ്; സബിത്ത് രണ്ടാഴ്ച മുൻപ് പോലും ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയെന്ന് വിവരം

അവയവക്കടത്ത് കേസ്; സബിത്ത് രണ്ടാഴ്ച മുൻപ് പോലും ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയെന്ന് വിവരം

കൊച്ചി അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി. സബിത്ത് അവയവക്കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനം.

ഏതൊക്കെ അവയവങ്ങൾ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. വൃക്കയ്ക്ക് പുറമേ കരളിൻറെ ഭാഗവും കച്ചവടം ചെയ്തതായി സംശയമുണ്ട്. അവയവ കച്ചവടത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ തിരികെ വന്നില്ല. ഇവർക്ക് എന്ത് സംഭവിച്ചു എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്.

സബിത്തിന് പാസ്പോർട്ട് ലഭിച്ചത് 10 ദിവസം മാത്രം വാടകയ്ക്ക് താമസിച്ച വീടിൻറെ അഡ്രസ്സിലാണ്. അവയവ കച്ചവടം നടത്തിയ പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. പണം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട മാഫിയയ്ക്കിടയിൽ നിന്ന തർക്കമാണ് വിവരങ്ങൾ പുറത്തുവരാൻ ഇടയാക്കിയത് എന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പ്രതി സബിത്ത് മൂന്ന് വർഷത്തിനിടെ ഇരുന്നൂറിലധികം പേരെയാണ് അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. ഒരാളെ എത്തിക്കുമ്പോൾ പ്രതിക്ക് ലഭിച്ചത് 60 ലക്ഷം രൂപയാണ്. അവയവം നൽകിയ ആൾക്ക് 10 ലക്ഷം രൂപയും നൽകി.

വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് പ്രതി ആളുകളെ ഇറാനിലെത്തിച്ചത്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് സംഘം പ്രവർത്തിച്ചിരുന്നത്. കേരളത്തിൽ വ്യാജ ആധാർ കാർഡുമായി എത്തിയിരുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും സബിത്ത് ഇറാനിലെത്തിച്ചിരുന്നു. അവയക്കടത്തിനായി കൊണ്ടു പോയവരിൽ ചിലർ ഇറാനിൽ വെച്ച് മരണപ്പെട്ടതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

കാസർ​ഗോഡ് ജില്ലയിൽ നിന്നാണ് കൊച്ചിക്ക് പുറമേ കൂടുതൽ മലയാളികളെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. കേന്ദ്ര ഏജൻസികൾ പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് കൊച്ചി നെടുമ്പാശേരിയിൽ വെച്ച് സബിത്തിനെ അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ നിന്ന് അവയവക്കടത്തിനായി സംഘം ഇറാനിലേക്ക് കൊണ്ടുപോയതായുള്ള വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ തുടരുന്ന സബിത്തിനെ ഇന്ന് കോടതിയിൽ‌ ഹാജരാക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more