1 GBP = 109.73
breaking news

ഗസ്സ: യു.എന്നിലെ യു.എസ് പ്രമേയം വീറ്റോ ചെയ്ത് ചൈനയും റഷ്യയും

ഗസ്സ: യു.എന്നിലെ യു.എസ് പ്രമേയം വീറ്റോ ചെയ്ത് ചൈനയും റഷ്യയും

യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ അടിയന്തര വെടിനിർത്തലും ബന്ദിമോചനവും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ അമേരിക്ക കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. 15 അംഗ സമിതിയിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചും മൂന്ന് രാജ്യങ്ങൾ എതിർത്തും വോട്ടുചെയ്തപ്പോൾ ഗയാന വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ചൈന, റഷ്യ എന്നീ സ്ഥിരാംഗങ്ങളെ കൂടാതെ അൽജീരിയയാണ് എതിർത്ത് വോട്ട് ചെയ്തത്.

യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, എക്വഡോർ, ജപ്പാൻ, മാൾട്ട, മൊസാംബീക്, ദക്ഷിണ കൊറിയ, സിയറാ ലിയോൺ, സ്ലൊവീനിയ, സ്വിറ്റ്സർലൻഡ് എന്നിവയാണ് അനുകൂലിച്ച് വോട്ട് ചെയ്ത രാജ്യങ്ങൾ. ഉടനടി വെടിനിർത്തുന്നതിനെ തങ്ങൾ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയ റഷ്യയുടെ യു.എന്നിലെ പ്രതിനിധി വാസിലി നെബെൻസിയ പ്രമേയത്തിലെ ഭാഷ രാഷ്ട്രീയവത്കരിച്ചതും അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കുറ്റപ്പെടുത്തി.

റഫയിൽ സൈനിക നടപടിക്ക് ഇസ്രായേലിന് പച്ചക്കൊടി കാട്ടുന്ന കപടമായ പ്രമേയമാണ് യു.എസ് അവതരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഉടൻ വെടിനിർത്തലിന് ഇസ്രായേലിനെ സമ്മർദത്തിലാക്കാത്ത ഒന്നിലും മോസ്കോ തൃപ്തരാകില്ലെന്ന് റഷ്യയുടെ ഡെപ്യൂട്ടി യു.എൻ അംബാസഡർ ദിമിത്രി പോളിയാൻസ്‌കി പറഞ്ഞു.

നേരത്തെ ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോളെല്ലാം അമേരിക്ക വീറ്റോ ചെയ്തിരുന്നു. ഇസ്രായേലിന് പിന്തുണ നൽകുന്ന നയം രാജ്യത്തിനകത്തും പുറത്തും സമ്മർദത്തിന് കാരണമായപ്പോഴാണ് യു.എസ്, നിലപാടിൽ അയവുവരുത്തിയത്. ഫ്രാൻസ് ബദൽ പ്രമേയത്തിന് ഒരുങ്ങുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more