1 GBP = 105.77
breaking news

കനത്ത സുരക്ഷയിലുള്ള ഹേഗിലെ ഇസ്രാ​യേൽ എംബസിക്ക് നേരെ തീക്കൊളുത്തി എറിഞ്ഞു

കനത്ത സുരക്ഷയിലുള്ള ഹേഗിലെ ഇസ്രാ​യേൽ എംബസിക്ക് നേരെ തീക്കൊളുത്തി എറിഞ്ഞു

ഹേഗ് (നെതർലൻഡ്‌സ്): കനത്ത സുരക്ഷയിലുള്ള ഹേഗിലെ ഇസ്രായേൽ എംബസിക്ക് നേരെ തീക്കൊളുത്തിയ വസ്തു എറിഞ്ഞു. സംഭവത്തിൽ ഒരാളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി ഡച്ച് പൊലീസ് അറിയിച്ചു.

‘രാവിലെ 10:50 ഓടെ കത്തുന്ന വസ്തു ആരോ ഇസ്രായേൽ എംബസിക്ക് നേരെ എറിഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ അന്വേഷിക്കുകയാണ്. എംബസിക്ക് ചുറ്റും വൻസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്’ -പൊലീസ് പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഗസ്സയിൽ പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളുമടക്കം 31,988 പേരെയാണ് ഇസ്രായേൽ ഇതുവരെ കൊലപ്പെടുത്തിയത്. ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടും ഇസ്രായേൽ അംഗീകരിച്ചിട്ടില്ല.

ഇതിനെതിരെ ലോകവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനുവരിയിൽ സ്റ്റോക്ക്ഹോമിലെ ഇസ്രായേൽ എംബസിക്ക് സമീപം അജ്ഞാത ഉപകരണം കണ്ടെത്തിയിരുന്നു. ഫെബ്രുവരിയിൽ ഹേഗിലെ തന്നെ ഇസ്രായേൽ അംബാസഡറുടെ ഔദ്യോഗിക വസതിക്ക് ബോംബ് ഭീഷണിയും ഉയർന്നു.

ഫെബ്രുവരി 25ന് വാഷിങ്ടൺ ഡിസിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ ആരോൺ ബുഷ്നെൽ (25) എന്ന അമേരിക്കൻ വ്യോമസേനാംഗം തീകൊളുത്തി ജീവനൊടുക്കിയിരുന്നു. ടെക്‌സാസിലെ സാൻ അന്റോണിയോ സ്വദേശിയാണ് ബുഷ്നെൽ, ‘ഫലസ്തീനിനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യം മുഴക്കിയാണ് മരണം വരിച്ചത്. ‘എന്റെ പേര് ആരോൺ ബുഷ്‌നെൽ, ഞാൻ യുനൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സ് അംഗമാണ്. ഞാൻ വംശഹത്യയിൽ പങ്കാളിയാകില്ല. ഞാൻ കടുത്ത പ്രതിഷേധത്തിൽ ഏർപ്പെടാൻ പോകുകയാണ്. എന്നാൽ, ഫലസ്തീനികൾ അനുഭവിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒട്ടും കടുത്തതല്ല’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം എംബസിക്ക് മുന്നി​ലേക്ക് വന്ന് തീക്കൊളുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more