ഗസ്സ സിറ്റി: ബന്ദിമോചനവും ഗസ്സയിലെ വെടിനിർത്തലും സംബന്ധിച്ച് ഇസ്രായേൽ-ഹമാസ് പ്രതിനിധികൾ തമ്മിലുള്ള ചർച്ച ദോഹയിൽ പുരോഗമിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി. ചർച്ചക്ക് ഇസ്രായേലി യുദ്ധ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് തലവൻ ഡേവിഡ് ബർണിയ ഉൾപ്പെടെയുള്ള സംഘമാണ് ദോഹയിലെത്തിയത്. ആദ്യഘട്ട ചർച്ചകൾക്കുശേഷം ബർണിയ ഇസ്രായേലിലേക്ക് മടങ്ങി. മറ്റു പ്രതിനിധികൾ ദോഹയിൽ തുടരുകയാണ്.
അനൗപചാരിക ചർച്ചകളും നടക്കുന്നതായും ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. താൽക്കാലിക വെടിനിർത്തൽ, ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിക്കൽ എന്നിവക്കാണ് മുൻതൂക്കം. ആറാഴ്ച താൽക്കാലിക വെടിനിർത്തലിന് പകരമായി സ്ത്രീകളും കുട്ടികളും വയോധികരുമായ ബന്ദികളുടെ മോചനം, ഇസ്രായേലി തടവറകളിലെ ഫലസ്തീനികളുടെ മോചനം എന്നിവയാണ് ചർച്ചയിൽ ഉയരുന്നതെന്നറിയുന്നു. റഫയിൽ ആക്രമണം നടത്താനുള്ള ഇസ്രായേൽ പദ്ധതി നടപ്പാക്കിയാൽ വൻ മാനുഷിക ദുരന്തത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് മധ്യസ്ഥരായ ഖത്തർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് തുടർന്നുള്ള ചർച്ചകളെയും ബാധിക്കും. ഖത്തറിനൊപ്പം ഈജിപ്തും അമേരിക്കയും മധ്യസ്ഥ ചർച്ചകളിൽ പങ്കാളിയാകുന്നുണ്ട്.
അതേസമയം, ഗസ്സയിലെ ഹമാസ് ഡെപ്യൂട്ടി കമാൻഡർ മർവാൻ ഈസ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വൈറ്റ്ഹൗസ് വക്താവ് ജെയ്ക് സുള്ളിവൻ പറഞ്ഞു.
നുസൈറാത്ത് അഭയാർഥി ക്യാമ്പിനടിയിലെ ഭൂഗർഭ ടണലിൽ ബോംബിട്ടപ്പോൾ മർവാൻ ഈസ കൊല്ലപ്പെട്ടതായി ദിവസങ്ങൾക്കുമുമ്പ് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഹമാസോ ഇസ്രായേലോ പ്രതികരിച്ചിരുന്നില്ല. ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളാണ് മർവാൻ ഈസയെന്നാണ് ഇസ്രായേൽ ആരോപണം. അൽ ശിഫ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ 50ഓളം പേരെ കൊലപ്പെടുത്തിയതായും 180ഓളം പേരെ പിടികൂടിയതായും ഇസ്രായേൽ സേന അറിയിച്ചു. ഹമാസ് പോരാളികൾ താവളമാക്കുന്നുവെന്ന് ആരോപിച്ചാണ് അൽ ശിഫ ആശുപത്രിക്കുനേരെ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത്.
ആശുപത്രിയിൽനിന്ന് പിടികൂടിയ അൽ ജസീറ ലേഖകനെ മർദിച്ച് അവശനാക്കിയശേഷം വിട്ടയച്ചു. 24 മണിക്കൂറിനിടെ 93 പേർകൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ ആകെ മരിച്ചവരുടെ എണ്ണം 31,819 ആയി. 73,934 പേർക്ക് പരിക്കുണ്ട്. ഒരു ഇസ്രായേലി സൈനികൻകൂടി ഹമാസ് പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു.
click on malayalam character to switch languages