1 GBP = 107.76
breaking news

കഴിഞ്ഞ മാസം ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ ചെങ്കടലിൽ മുങ്ങി

കഴിഞ്ഞ മാസം ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ ചെങ്കടലിൽ മുങ്ങി

സൻആ: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ സാരമായ തകരാർ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ റൂബിമാർ ചെങ്കടലിൽ മുങ്ങി. യെമൻ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത കപ്പലിന് നേരെ ഫെബ്രുവരി 18നാണ് ചെങ്കടലിൽ യെമനിലെ അൽ മോഖ തുറമുഖത്തിന് 35 നോട്ടിക്കൽ മൈൽ അകലെ ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായത്. മധ്യ അമേരിക്കൻ രാജ്യമായ ബെലീസിന്‍റെ പതാക വഹിച്ചുള്ള കപ്പലിന് സാരമായ കേടുപാട് സംഭവിച്ചതിനെ തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു.

വളവും അസംസ്കൃത വസ്തുക്കളുമായി പോവുകയായിരുന്നു കപ്പൽ. ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആദ്യമായാണ് കപ്പൽ മുങ്ങുന്നത്. സംഭവം ചെങ്കടലിൽ വീണ്ടും ചരക്ക് നീക്ക പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഗസ്സയിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കാത്തിടത്തോളം ഇസ്രായേലുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരുന്നു.

41,000 ടൺ വളമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പൽ മുങ്ങിയത് സാരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് യെമൻ സർക്കാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

മിസൈൽ ആക്രമണത്തിൽ തകരാർ സംഭവിച്ച റൂബിമാർ കപ്പൽ ചെങ്കടലിൽ നങ്കൂരമിട്ടിരിക്കുകയാണെന്നും ജീവനക്കാരെല്ലാം സുരക്ഷിതരായി പുറത്തുകടന്നെന്നും യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചെങ്കടൽ വഴിയുള്ള കപ്പലുകൾ മുൻകരുതൽ സ്വീകരിക്കണമെന്നും സംശയകരമായ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ഇവർ അഭ്യർഥിച്ചിരുന്നു.

കപ്പൽ മുങ്ങാൻ പോകുകയാണെന്നും ജീവനക്കാരെല്ലാം സുരക്ഷിതമായി പുറത്തുകടന്നിട്ടുണ്ടെന്ന് ഉറപ്പാക്കിയെന്നും ഹൂതി വക്താവ് വ്യക്തമാക്കിയിരുന്നു.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിന് മറുപടിയായാണ് യമനിലെ ഹൂതികൾ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കിയത്. ഇതോടെ നേരത്തെ നിരവധി ഷിപ്പിങ് കമ്പനികൾ സർവിസുകൾ നിർത്തിവെച്ചിരുന്നു. ഈയിടെയാണ് വീണ്ടും സർവിസ് തുടങ്ങിയത്.

ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാത്തപക്ഷം ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളെയും അത് ഏതു രാജ്യത്തിൽനിന്നുള്ളതാണെന്നത് പരിഗണിക്കാതെ ലക്ഷ്യമിടുമെന്ന് ഹൂതികളെ ഉദ്ധരിച്ച് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ലോകത്തെ വാണിജ്യ കപ്പൽ ഗതാഗതത്തിന്‍റെ 40 ശതമാനവും ചെങ്കടൽ വഴിയുള്ളതാണ്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽപാതയാണ്. ചെങ്കടൽ വഴിയുള്ള കപ്പൽ നീക്കങ്ങൾ പ്രതിസന്ധിയിലാകുന്നത് ഇസ്രായേലിന് മേൽ വലിയ അന്താരാഷ്ട്ര സമ്മർദമുണ്ടാക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more