യുക്മ ന്യൂസ് എഡിറ്റോറിയൽ ബോർഡ് മെമ്പർ ബെന്നി അഗസ്റ്റിൻ കാർഡിഫിലെ ലാൻഡോക്ക് കമ്മ്യൂണിറ്റി കൗൺസിലറായി നിയമിതനായി. ഡൽഹിയിൽ 20 വർഷത്തെ അദ്ധ്യാപനജീവിതത്തിന് ശേഷം 2010-ൽ യുക്കെയിൽ എത്തിയ ശ്രീ ബെന്നി അഗസ്റ്റ്യൻ കാർഡിഫിലെ ലാൻഡോക്കിലാണ് താമസിക്കുന്നത്. കഴിഞ്ഞ പതിമൂന്നു വർഷം മലയാളി – ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിൽ വിവിധ മേഖലകളിൽ അദ്ദേഹം നിസ്വാർത്ഥമായ സേവനം കാഴ്ച വെച്ചിരുന്നു.
കഴിഞ്ഞ 13 വർഷമായി കാർഡിഫ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനും, യുക്മന്യൂസിന്റെ എഡിറ്റോറിയൽ ബോർഡ് മെമ്പർ, യുക്മ വെയിൽസ് റീജിയൽ മുൻ ട്രഷറർ, KCA മെമ്പർ, VOG മെമ്പർ, കാർഡിഫിലെ ആദ്യത്തെ വേദപാഠ പ്രധാനാധ്യാപകൻ എന്നീ നിലയിൽ മലയാളികൾക്കിടയിൽ സേവനം അർപ്പിച്ചിട്ടുണ്ട്. അതുകൂടാതെ, കാർഡിഫ് എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ആസിസ്റ്റന്റ് ചാപ്ലയിൻ, പെനാർത്തിലെ സെന്റ് ജോസഫ്സ് ചർച്ചിൽ കഴിഞ്ഞ 13 വർഷമായി യൂകരിസ്‌റ്റിക് മിനിസ്റ്റർ, സെന്റ് ജോസഫ്സ് പ്രൈമറി സ്കൂൾ ഗവർണർ, കരിക്കുലം-ഡിസിപ്ലിൻ കമ്മിറ്റി മെമ്പർ, കാർഡിഫ് അതി രൂപതയിലെ സിനഡൽ കമ്മീഷൻ അംഗം, ACTA മെമ്പർ, ശാലോം വേൾഡ് ഔട്ട് റീച് ടീം അംഗം, എന്നീ നിലകളിലും സേവനം ചെയ്യുന്നുണ്ട്. എട്ട് വർഷമായി യുകെയിലെ ചിറ്റാരിക്കാൽ സംഗമത്തിന്റെ രക്ഷാധികാരി കൂടിയാണദ്ദേഹം. ഇതിനോടകം അഞ്ചു സംഗീത ആൽബങ്ങൾ നിർമിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു നടൻ കൂടിയായ ബെന്നി, 3 ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
ലാൻഡോക്ക് കമ്മ്യൂണിറ്റി കൗൺസിലിലേക്ക് വന്ന ഒഴിവിലേക്കാണ് ശ്രീ ബെന്നി അഗസ്റ്റിനെ നിയമിച്ചിരിക്കുന്നത്. നിയമനം മൂന്ന് വർഷത്തേക്കാണ്.ഈ നിയമനം മലയാളികൾക്ക് ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിൽ കിട്ടിയ ഒരു അംഗീകാരമാണ്. കാർഡിഫ് മലയാളികളും യുക്മ റീജിയണൽ ദേശീയ നേതൃത്വവും ബെന്നി അഗസ്റ്റിന് അഭിനന്ദനങൾ നേർന്നു.
click on malayalam character to switch languages