1 GBP = 107.10
breaking news

രണ്ടാം സെമിയിൽ സൂപ്പർ പോരാട്ടം; ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും നേർക്കുനേർ; ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം

രണ്ടാം സെമിയിൽ സൂപ്പർ പോരാട്ടം; ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും നേർക്കുനേർ; ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ന് രണ്ടാം സെമിപ്പോരിൽ സൂപ്പർ പോരാട്ടാം. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും നേർക്കുനേർ എത്തുന്നു. കോൽക്കത്തയിൽ ഈഡൻ ഗാർഡനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ടൂർണമെന്റിൽ ഇന്ത്യയോടും നെതർലൻഡ്സിനോടും മാത്രം പരാജയമേറ്റ് വാങ്ങി ഒൻപതിൽ ഏഴും ജയിച്ചാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയിരിക്കുന്നത്.

എന്നാൽ ടൂർണമെന്റിലെ തുടക്കത്തിൽ താളം തെറ്റിയ ഓസീസ് പിന്നീട് കൂടുതൽ അപകടകാരിയായാണ് സെമി ടിക്കറ്റ് ഉറപ്പിച്ചത്. ലോകകപ്പ് നോക്കൗട്ട് പോരാട്ടങ്ങളിൽ മികച്ച റെക്കോഡുള്ള ഓസീസും നിർഭാഗ്യം നിരന്തരം വേട്ടയാടുന്ന ദക്ഷിണാഫ്രിക്കയും നേർക്കുനേർ എത്തുന്ന പോരാട്ടത്തിൽ വിജയം ആർക്കൊപ്പമെത്തുമെന്നുള്ളത് പ്രവചനതീതമാണ്.

നാല് സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ക്വിൻറൺ ഡീകോക്ക് ഉൾപ്പെടെ അവരുടെ ടോപ്-സിക്സ് ബാറ്റർമാരിൽ നാല് പേരും സെഞ്ച്വറി നേടിയിട്ടുണ്ട്. 591 റൺസുമായി ടൂർണമെൻറിലെ റൺവേട്ടക്കാരിൽ രണ്ടാമതാണ് ഡീകോക്ക്. ടൂർണമെൻറിൽ ദക്ഷിണാഫ്രിക്ക ആറ് തവണ 300 കടന്നു. ഒപ്പം ശ്രീലങ്കയ്ക്കെതിരേ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോറായ 428 റൺസ് നേടി റെക്കോർഡ് സ്വന്തമാക്കിയതും ദക്ഷിണാഫ്രിക്കയെ കൂടുതൽ അപകടകാരികളാക്കുന്നു.

നിർണായകമായ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 91 എന്ന സ്‌കോറിൽ നിന്ന് ഗ്ലെൻ മാക്‌സ്‌വെല്ലിൻറെ വെടിക്കെട്ട് ഡബിൾ സെഞ്ചുറിക്കരുത്തിലാണ് ഒസീസ് സെമിയിലെത്തുന്നത്. മധ്യനിരയിൽ മിച്ചൽ മാർഷും മാക്‌സ്‌വെല്ലും ചേർന്നാണ് അവരുടെ ബാറ്റിങ്ങിൻറെ നട്ടെല്ല്. ഡേവിഡ് വാർണർ എതിരാളികൾക്ക് ഏത് നിമിഷവും ഭീഷണിയാകും. മിച്ചൽ സ്റ്റാർക്ക് നയിക്കുന്ന ബൗളിങ് നിരയക്ക് കാര്യമായ മികവ് ടൂർണമെൻറിലുടനീളം പ്രകടിപ്പിക്കാൻ സാധിച്ചിട്ടില്ല. സ്പിന്നർ ആദം സാംപ മാത്രമാണ് ഓസീസിനെ പന്തുകൊണ്ട് ജയിപ്പിച്ചിട്ടുള്ളത്.

അതേസമയം ഒന്നാം സെമിയിൽ ന്യൂസിലൻഡിനെ 70 റൺസിന് പരാജയപ്പെടുത്തി വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ ഫൈനലുറപ്പിച്ചിരുന്നു. ഇന്നത്തെ സെമി മത്സരത്തിന്റെ ഫലത്തോടെ ഇന്ത്യയുടെ എതിരാളികൾ ആരെന്നറിയാൻ കഴിയും. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ലോകകപ്പിലെ പത്തിൽ പത്തും ജയിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഫൈനലിലേക്കുള്ള പ്രവേശനം എതിർടീമിനെ ഭയപ്പെടുത്തുമെന്നതിൽ സംശയമില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more