1 GBP = 107.33
breaking news

നർമ്മത്തിന്റെ തമ്പുരാൻ ഇന്നസെൻറിന് യുക്മയുടെ ആദരവ്; പതിനാലാമത് യുക്മ ദേശീയ കലാമേള ഇന്നസെൻറ് നഗറിൽ….ലോഗോ രൂപകല്‌പനയിൽ ഫെർണാണ്ടസ് വർഗ്ഗീസും നഗർ നാമകരണത്തിൽ ബിനോ മാത്യുവും വിജയികൾ….

നർമ്മത്തിന്റെ തമ്പുരാൻ ഇന്നസെൻറിന് യുക്മയുടെ ആദരവ്; പതിനാലാമത് യുക്മ ദേശീയ കലാമേള ഇന്നസെൻറ് നഗറിൽ….ലോഗോ രൂപകല്‌പനയിൽ ഫെർണാണ്ടസ് വർഗ്ഗീസും നഗർ നാമകരണത്തിൽ ബിനോ മാത്യുവും വിജയികൾ….

അലക്സ് വർഗ്ഗീസ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

അഭിനേതാവ്, പാർലമെന്റേറിയൻ, എഴുത്തുകാരൻ, ഗായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഇന്നസെൻറിന് യുക്മയുടെ ആദരവ് അർപ്പിച്ച് കൊണ്ട്, പതിനാലാമത് യുക്മ ദേശീയ കലാമേള നഗറിന്‌  “ഇന്നസെന്റ് നഗർ” എന്ന് നാമകരണം ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 26ന് അന്തരിച്ച ഇന്നസെൻറ് മലയാള സിനിമയിലെ  നർമ്മത്തിന്റെ രാജകുമാരനായി തിളങ്ങിയത് അരനൂറ്റാണ്ടിലേറെക്കാലമാണ്. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഇന്നസെൻറ് പാർലമെൻറ് അംഗമെന്ന നിലയിലും ജനമനസ്സുകളിൽ അംഗീകാരം നേടി.

യുക്മ കലാമേള ലോഗോ രൂപകൽപനയ്ക്കും നഗർ നാമകരണ നിർദ്ദേശങ്ങൾക്കും വളരെ ആവേശകരമായ പ്രതികരണങ്ങളാണ് യുകെ മലയാളികൾക്കിടയിൽ നിന്നും ലഭിച്ചത്. നിരവധി പേർ പങ്കെടുത്ത ലോഗോ രൂപകൽപ്പനാ മത്സരത്തിൽ വിജയിയായത് യുക്മ യോർക് ഷയർ & ഹംബർ റീജിയണിലെ കീത്‌ലി മലയാളി അസ്സോസ്സിയേഷനിൽ നിന്നുള്ള ഫെർണാണ്ടസ് വർഗ്ഗീസാണ്. പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഉപയോഗിച്ച ലോഗോ രൂപകൽപ്പന ചെയ്തതും ഫെർണാണ്ടസ് ആയിരുന്നു. 

ഹെരിഫോർഡ് മലയാളി അസ്സോസ്സിയേഷനിൽ നിന്നുള്ള ബിനോ മാത്യുവാണ് നഗർ നാമകരണ മത്സരത്തിൽ വിജയിയായത്. നിരവധി നാമനിർദ്ദേശങ്ങൾ ലഭിച്ച നഗർ നാമകരണ മത്സരത്തിൽ കൂടുതൽ നിർദ്ദേശങ്ങളും “ഇന്നസെൻറ് നഗർ” ആയിരുന്നു. ഇന്നസെൻറ് നഗർ നിർദ്ദേശിച്ച ആളുകളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. 2022, 2023 വർഷങ്ങളിൽ യുക്മ കേരളപ്പൂരം വള്ളംകളിയുടെ ലോഗോ തയ്യാറാക്കിയത് ബിനോയായിരുന്നു. വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ ദേശീയ കലാമേള വേദിയിൽ വെച്ച് നൽകുന്നതാണെന്ന് വിജയികളെ പ്രഖ്യാപിച്ച് കൊണ്ട്‌ യുക്മ ദേശീയ സമിതി അറിയിച്ചു.

നവംബർ നാലിന് ചെൽറ്റൻഹാമിലെ ഇന്നസെൻറ് നഗറിൽ (ക്ളീവ് സ്കൂൾ) വെച്ച് നടക്കുന്ന പതിനാലാമത് യുക്‌മ കലാമേളയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ നടന്ന് വരികയാണ്.  ദേശീയ കലാമേളക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾ എല്ലാ റീജിയണുകളിലും വളരെ വിജയകരമായി നടന്ന് കഴിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ മത്സരാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് റീജിയണുകളിൽ അനുഭവപ്പെട്ടത്. അതിനാൽത്തന്നെ ഈ വർഷത്തെ യുക്മ ദേശീയ കലാമേള ഏറ്റവും കൂടുതൽ മത്സരാർത്ഥികളെക്കൊണ്ടും കാണികളായി എത്തുന്നവരെക്കൊണ്ടും ചരിത്ര സംഭവമായി മാറുമെന്നു കരുതുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തിക്കൊണ്ടിരിക്കുന്നത്.

പതിനാലാമത് യുക്മ ദേശീയ കലാമേള നടക്കുന്ന ചെൽറ്റൻഹാമിലെ ഇന്നസെൻറ് നഗറിലേക്ക് (ക്ളീവ് സ്കൂൾ) കലാസ്നേഹികളായ മുഴുവൻ യുകെ മലയാളികളെയും, യുക്‌മ ദേശീയ സമിതിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, നാഷണൽ കലാമേള കോർഡിനേറ്റർ ജയകുമാർ നായർ എന്നിവർ അറിയിച്ചു.

യുക്മ ദേശീയ കലാമേള വേദിയുടെ വിലാസം:-

CLEEVE SCHOOL,

CHELTENHAM,

GLOUCESTERSHIRE,

GL52 8AE.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more