1 GBP = 110.75
breaking news

ആർട്ടിക്കിൾ 370 റദ്ദാക്കൽ: ഹർജികൾ ഓഗസ്റ്റ് 2 മുതൽ സുപ്രീം കോടതി പരിഗണിക്കും

ആർട്ടിക്കിൾ 370 റദ്ദാക്കൽ: ഹർജികൾ ഓഗസ്റ്റ് 2 മുതൽ സുപ്രീം കോടതി പരിഗണിക്കും


ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ ഓഗസ്റ്റ് 2 മുതൽ സുപ്രീം കോടതി പരിഗണിക്കും. തിങ്കൾ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ ഹർജികളിൽ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് (സിജെഐ) ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു. ആർട്ടിക്കിൾ 370 എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് 23 ഓളം ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

2020 മാർച്ച് രണ്ടിന് ശേഷം ഇതാദ്യമായാണ് ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുന്നത്. ഇന്ന് വാദം കേൾക്കുന്നതിനിടെ എല്ലാ കക്ഷികളോടും ജൂലൈ 27 നകം മറുപടി നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ എല്ലാ കക്ഷികളും ജൂലൈ 27നകം മറുപടി നൽകണമെന്നും അതിനുശേഷം മാറ്റങ്ങളൊന്നും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ വിചാരണ സുഗമമാക്കുന്നതിന് രണ്ട് അഭിഭാഷകരെ നോഡൽ അഭിഭാഷകരായി കോടതി നിയമിച്ചിട്ടുണ്ട്.

അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ തങ്ങളുടെ ഹർജികൾ പിൻവലിക്കണമെന്ന് ഐഎഎസ് ഓഫീസർ ഷാ ഫൈസലും ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദും ആവശ്യപ്പെട്ടു. ഹർജിയിൽ നിന്ന് പിന്മാറാൻ സുപ്രീം കോടതി ഇരുവർക്കും അനുമതി നൽകി. ചൊവ്വാഴ്ച വാദം കേൾക്കുന്നതിനിടെ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം പരിഗണിക്കാനും സുപ്രീം കോടതി വിസമ്മതിച്ചു. 2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ കേന്ദ്രം തീരുമാനിച്ചത്.

സുപ്രിംകോടതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കി:
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് 20-ലധികം ഹർജികളിലാണ് കേന്ദ്രത്തിന്റെ മറുപടി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ അഭൂതപൂർവമായ സ്ഥിരതയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട സംഘർഷത്തിനൊടുവിൽ പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലായി. സംസ്ഥാനം ക്രമാനുഗതമായ പുരോഗതി കൈവരിക്കുന്നു. സ്കൂളുകളും കോളജുകളും മറ്റ് പൊതുസ്ഥാപനങ്ങളും മൂന്ന് വർഷത്തിനുള്ളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഇപ്പോൾ താഴ്‌വരയിലെ ജനങ്ങൾക്കും രാജ്യത്തെ മറ്റ് ജനങ്ങൾക്ക് തുല്യമായ അവകാശങ്ങളുണ്ട്.

2019 ഓഗസ്റ്റ് 5 ലെ തീരുമാനത്തിന് ശേഷം ജമ്മു കശ്മീരിലെ മാറ്റങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഹർത്താൽ, കല്ലേറ്, തടങ്കൽ എന്നിവയൊക്കെ ഇപ്പോൾ പഴങ്കഥയാണെന്ന് ഇതിൽ പറയുന്നു. ഭീകരവാദികളും വിഘടനവാദികളും നടത്തുന്ന കല്ലേറ് 2018 ൽ 1,767 ആയിരുന്നുവെങ്കിൽ 2023 ൽ ഇതുവരെ അത്തരത്തിൽ ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ 2018 നെ അപേക്ഷിച്ച് 2022 ൽ 65.9 ശതമാനം കുറവുണ്ടായതായും കേന്ദ്രം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more